സുപ്രീം കോടതിയില്‍ അരങ്ങേറിയ പാതിരാ നാടകം.
ഗവര്‍ണര്‍ ബിജെപിയെ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ക്ഷണിച്ചതിനേത്തുടര്‍ന്ന് അത്യന്തം നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കുന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ അര്‍ധരാത്രി സുപ്രീംകോടതിയിലെത്തി. അതോടെ പാതിര നാടകത്തിനാണ് സുപ്രീം കോടതിയില്‍ വേദിയൊരുങ്ങിയത്.
രാത്രി 10ഓടെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. കേസ് എടക്കുവാന്‍ ആദ്യം കോടതി തയ്യാറായില്ല. തുടര്‍ന്ന് ജനതദള്ളും സംയുക്തമായി കോടതിയെ സമീപിച്ചു. അതോടെ കോടതിയുടെ മുന്നിലെ ബാരിക്കേഡുകള്‍ മാറ്റി രജിസ്ട്രാറിലേക്കും ദീപക് മിശ്രയിലേക്കും സന്ദേശങ്ങള്‍ പറന്നു. പന്ത്രണ്ടോടെ കോടതി കേസ് കേള്‍ക്കാന്‍ തയ്യാറായി. ജസ്റ്റിസുമാരായ സിക്രി അശോക് ഭൂഷണ്‍, ബോബ്‌ഡെ എന്നിവരടങ്ങുന്നആറാം നമ്പര്‍ കോടതിയിലേക്ക് ആയി രാജ്യത്തിന്റെ ശ്രദ്ധമുഴുവനും.
പുലര്‍ച്ചെ ഒന്നേ നാല്‍പ്പത്തഞ്ച്. കേസ് ബഞ്ച് പരിഗണനക്കെടുത്തു. സത്യ പ്രതിജ്ഞ സ്‌റ്റേ ചെയ്യണമെന്നും അതിന് തയ്യാറല്ലെങ്കില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയ പരിധി 15 ദിവസമെന്നത് കുറയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അഭിഷേക് മനു സിംഗ്വി കോണ്‍ഗ്രസിനായി വാദിച്ചു. ബിജെപിക്ക് വേണ്ടി മുകുള്‍ റോത്തഗിയും ഹാജരായി. ഓരോ മിനിറ്റുകളും ഉദ്യേഗം നിറഞ്ഞതായി.
104 നേക്കാള്‍ എന്തുകൊണ്ടും വലുതാണ് 117. ബിജെപിക്കുള്ളതിനേക്കാള്‍ കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസ് സഖ്യത്തിനുണ്ട്. ഗവര്‍ണര്‍ക്ക് തോന്നുന്നവരെയല്ല ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത്. നേരത്തെ ചില സംസ്ഥാനങ്ങളില്‍ സംഭവിച്ചതും സിംങ്‌വി ചൂണ്ടിക്കാട്ടി. എന്തിനാണ് ഗവണ്‍മെന്റ് രൂപീകരിക്കാന്‍ 15 ദിവസം നല്‍കിയത്, അതിന്റെ ലോജിക് എന്താണ് എന്നും അദ്ദേഹം ചോദിച്ചു.നേരത്തെ, ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്‌സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ രീതി കടുത്ത ബിജെപിക്കാരനായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല മാനദണ്ഡമാക്കിയില്ല. പകരം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും സഭയില്‍ പിന്നീട് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍ക.ുകയുമാണ് ചെയ്തത്. സിങ്‌വി വാദിച്ചു.
സമയം രണ്ടര. ഗോവയില്‍ കൈക്കൊണ്ട തീരുമാനം കര്‍ണാടകത്തില്‍ മാറ്റരുതെന്ന് സിംഗ്വി. എസ് ആര്‍ ബൊമ്മൈ കേസ് ചൂണ്ടിക്കാട്ടിയായിരുന്നു ആ വാദം. കേവലഭൂരിപക്ഷം തെളിയിക്കാന്‍ ഏഴു ദിവസം പോലും വേണ്ടാത്ത കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിനെ മാറ്റി ബിജെപിക്ക് 14 ദിവസം സമയം നല്‍കുന്നത് അനീതിയാണെന്ന് സിംഗ്വികോടതിയില്‍ വാദമുഖങ്ങള്‍ നിരത്തി. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് തടയാന്‍ കോടതിക്ക് അധികാരമില്ലെന്ന് ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചു.
സമയം 2.40 കോണ്‍ഗ്രസ് വാദങ്ങളോട് മറുചോദ്യങ്ങളുമായി ജസ്റ്റിസ് സിക്രി. ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കും എന്നുണ്ടെങ്കില്‍ അവരെയല്ലേ വിളിക്കേണ്ടത്?. യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് തനിക്ക് ഭൂരിപക്ഷം തെളിയിക്കാനസാധിക്കും എന്ന് സൂചിപ്പിക്കുന്ന കത്ത് നല്‍കിയിട്ടില്ല എന്ന് പറയാന്‍ കഴിയുമോ? എംഎല്‍എമാരുടെ ഒരു പട്ടിക അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കാം. ആര്‍ക്കും ഒറ്റക്ക് ഭൂരിപക്ഷം ഇല്ലെന്ന യാഥാര്‍ത്ഥ്യം മറക്കരുതെന്നും കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍. സുസ്ഥിര സര്‍ക്കാര്‍ എന്നതിനാവണമുന്‍കയ്യെടുക്കേണ്ടതെന്നും ഗവര്‍ണറുടെ മുന്നിലെ രേഖകള്‍ കാണാതെ തീര്‍പ്പാക്കുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.
നാലരയോടെ കോടതി കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാക്കി. ഗവര്‍ണറുടെ ഭരണഘടനാപരമായ പദവി ചോദ്യം ചെയ്യാനാവില്ലന്നും ഗവര്‍ണറുടെ ഉത്തരവ് കോടതിക്ക് മരവിപ്പിക്കാന്‍ സാധിക്കില്ല എന്നും ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. വിളിച്ചു വരുത്താനാവാത്ത സ്ഥാപനത്തിന്റെ തീരുമാനം പിന്നീട് വേണമെങ്കില്‍ റദ്ദാക്കാം. പക്ഷേ സത്യപ്രതിജ്ഞ തടയാനാവില്ല. സത്യ പ്രതിജ്ഞ നടന്നാലും കോടതി തീരുമാനം അനുസരിച്ച് നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുമെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാന്‍ കോടതി ബി.ജെപി യോട് ആവശ്യപ്പെട്ടു.
പുലര്‍ച്ചെ അഞ്ചേ നാല്‍പ്പത്തഞ്ച. കോടതി തീരുമാനം വ്യക്തമാക്കി. സത്യപ്രതിജ്ഞ ഗവര്‍ണര്‍ പറഞ്ഞ പോലെ നടക്കും. കേസ് നാളെ രാവിലെ പത്തരയ്ക്ക് വീണ്ടും കേള്‍ക്കും. യെദ്യൂരപ്പ നല്‍കിയ കത്ത് കോടതിയില്‍ ഹാജരാക്കണം. ഗവര്‍ണറുടെ വിവേചനാധികാരത്തെ മാനിക്കുന്നു. പക്ഷേ അംഗസംഖ്യ ഇല്ലാത്ത സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കാരണമെന്തെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.