ദുരൂഹതയായി ഒരു പാവകുട്ടി

Print Friendly, PDF & Email

ആസ്‌ട്രേലിയ : നാല്‍പത് വര്‍ഷമായി ഒരു കുടുംബം ഒരു പാവക്കുട്ടിയെ പുറത്ത് കളയാന്‍ നോക്കുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ വിശ്വസിക്കേണ്ടിയിരിക്കുന്നു, ഓസ്‌ട്രേലിയയിലെ റോക് ഹാംപ്ടണിലുള്ള ഫീ വെല്‍ച്ച് കുടുംബം സദി എന്ന പാവക്കുട്ടിയെ കുടുംബത്തിനു പുറത്താക്കാന്‍ ശ്രമം നടത്താന്‍ തുടങ്ങിയിട്ട് 40 വര്‍ഷമായി. ഇതു വരെ വിജയിച്ചിട്ടില്ല. അതിനെ പുറത്താക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം കുടുംബത്തില്‍ എന്തെങ്കിലുമൊക്കെ അശുഭ കാര്യങ്ങള്‍ നടക്കും. അതോടെ എല്ലാവരുടെയും ശ്രദ്ധ അതിലേക്കു തിരിയും. ഈ പാവക്കുട്ടിയുടെ കാര്യം എല്ലാവരും മറന്നു പോകും. അത് വീണ്ടും ആ വീടിന്റെ ഏതെങ്കിലും കോണിലുണ്ടാവും.
40 വര്‍ഷങ്ങള്‍ക്കു മുമ്പ് മിസ്സിസ്സ് വെല്‍ച്ചിന്റെ അമ്മ, മിസ്സിസ്സ് വെല്‍ച്ചിന്റെ സഹോദരിക്ക് സമ്മാനിക്കാനായി വാങ്ങിക്കൊണ്ടുവന്നതാണ് ആ പാവക്കുട്ടിയെ. സഹോദരിമാര്‍ ഇരുവരും വളര്‍ന്ന് വിവാഹിതരും കുടുംബസ്ഥരുമൊക്കെ ആയതിനിടയില്‍, ആ പാവക്കുട്ടി മിസ്സിസ്സ് വെല്‍ച്ചിന്റെ വീട്ടില്‍ എത്തപ്പെട്ടതെങ്ങനെ എന്ന് അവള്‍ക്കോര്‍മ്മ വരുന്നില്ല . ഏതായാലും വാര്‍ഡ്രോബില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ നിന്ന് അതിനെ ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ പൊതിയിളക്കി കഴിഞ്ഞതോടെ ഇപ്പോള്‍ സ്വീകരണ മുറിയിലെ ഒരു കസേരയിലാണ് അതിന് സ്ഥിരമായ സ്ഥാനം നല്‍കിയിരിക്കുന്നത്. എന്തായാലും മിസ്സിസ്സ് വെല്‍ച്ചിന്റെ 13-കാരന്‍ മകന്‍ ഈ പാവക്കുട്ടിയോട് ഒരടുപ്പവും കാണിക്കുന്നില്ലെങ്കിലും ആറു വയസ്സുകാരി മകള്‍ക്ക് അതിനോട് അല്പം ചങ്ങാത്തമൊക്കെയുണ്ട്. വീട്ടിലെ വളര്‍ത്തു നായയ്ക്കും അതിനെ ഇഷ്ടമല്ല. ആ പാവക്കുട്ടിയെ കാണുമ്പോഴെല്ലാം അത് കുരയ്ക്കും.

മിസ്സിസ്സ് വെല്‍ച്ച്, തന്റെ സുഹൃത്തുമൊത്ത് മൂന്നാഴ്ച മുമ്പ് തന്റെ വാര്‍ഡ്രോബ് അടുക്കിപ്പെറുക്കാന്‍ തുടങ്ങിയപ്പോഴാണ് കാലങ്ങള്‍ക്ക് മുമ്പേ വീട്ടിലുണ്ടായിരുന്ന ആ പാവക്കുട്ടി വീണ്ടും ശ്രദ്ധയില്‍പ്പെട്ടത്. ആ പാവക്കുട്ടിയെ പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് കവര്‍ ഇളക്കി മാറ്റി വച്ചു. അടുത്തു തന്നെ വീട്ടിലെല്ലാവരും അസുഖബാധിതരായി. അസുഖാവസ്ഥയൊക്കെ കഴിഞ്ഞപ്പോള്‍ 37-കാരിയായ മിസ്സിസ്സ് വെല്‍ച്ച് ആ പാവക്കുട്ടിയെ കുപ്പത്തൊട്ടിയില്‍ കളഞ്ഞു. അല്പനേരം കഴിഞ്ഞ് അതിലേ വന്ന അവളുടെ ഭര്‍ത്താവ് അവളോടു പറഞ്ഞു, നല്ല ഭംഗിയുള്ള പാവക്കുട്ടിയല്ലേ, അതിനെ എന്തിനാ എടുത്തു കളയുന്നത് എന്നു പറഞ്ഞു കൊണ്ട് അതിനെ തിരികെ എടുത്തു വച്ചു. അതു കണ്ട മിസ്സിസ്സ് വെല്‍ച്ച് ചിരിച്ചു പോയി. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മയും ഇതിനെ കളയാനായി കുപ്പത്തൊട്ടിയില്‍ എടുത്തു വച്ചതാണ്. അന്ന് അതു കണ്ടു വന്ന അവളുടെ അച്ഛനാണ് പറഞ്ഞത്, ആ സുന്ദരിപ്പാവയെ കളയേണ്ടെന്ന്. എന്തുകൊണ്ടോ പുരുഷന്മാര്‍ക്കൊക്കെ അതിനെ എടുത്തു കളയുന്നത് അത്ര സഹിക്കില്ല!
കഴിഞ്ഞയാഴ്ച മിസ്സിസ്സ് വെല്‍ച്ച് ഈ പാവക്കുട്ടിയെ കുടുംബത്തിനു പുറത്താക്കാന്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടി. നിങ്ങള്‍ക്ക് എന്തും വില്‍ക്കുകയോ വാങ്ങുകയോ പകരത്തിന് സാധനങ്ങള്‍ കൊടുക്കുകയോ ചെയ്യാവുന്ന ഫേസ്ബുക്ക് പേജായ ബൈ-സ്വാപ്-ആന്റ്-സെല്‍ പേജില്‍ ഈ പാവക്കുട്ടിയുടെ ചിത്രം അപ്ലോഡ് ചെയ്തു. അതോടെ ഈ പാവക്കുട്ടിയെ കുറിച്ചുള്ള ചോദ്യങ്ങളുമായി അവരുടെ ഫേസ്ബുക്ക് പേജ് ‘നിറഞ്ഞു’. ഒടുവില്‍ ആ സൈറ്റ് ക്രാഷ് ആയതോടെ അവര്‍ക്ക് ഈ പാവക്കുട്ടിയുടെ ചിത്രം അതില്‍ നിന്നും നീക്കം ചെയ്യേണ്ടി വന്നു. അതു കൂടാതെ 400 ഓളം കമന്റുകളും ആ ചിത്രത്തിന് ലഭിച്ചു. അതിലെല്ലാം പറയുന്നത് ആ പാവക്കുട്ടിയില്‍ പ്രേതം ബാധിച്ചിട്ടുണ്ടെന്നാണ്. അതിന്റെ കൈയ്യും കാലുമെല്ലാം പറിച്ചു വേര്‍പെടുത്തിയിട്ട് അതിനെ കത്തിച്ചു കളയണമെന്നും അല്ലെങ്കില്‍ എങ്ങനെയെങ്കിലും വീടിനു പുറത്താക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു കമന്റ് മുഴുവന്‍. 2000 ഡോളറോളം വിലകിട്ടാനിടയുള്ള പാവക്കുട്ടിയാണ് ഇത്. എന്നാലും അതിനെ ഒന്ന് വിറ്റു കിട്ടുക പ്രയാസമുള്ള കാര്യമാണെന്നാണ് മിസ്സിസ്സ് വെല്‍ച്ച് കരുതുന്നത്. ഏതായാലും ആളുകള്‍ പറയുന്നതുപോലെ അതിന് പ്രേതബാധ ഉണ്ടെന്ന് മിസ്സിസ്സ് വെല്‍ച്ച് വിചാരിക്കുന്നില്ല, എങ്കിലും അതില്‍ എന്തോ ഒരു ആത്മാവ് ഉണ്ടെന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് അവര്‍ പറയുന്നത്.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...