‘ഞാന്‍ കക്കില്ല, കക്കാന്‍ അനുവദിക്കുകയുമില്ല” പ്രധാനമന്ത്രിയുടെ അവകാശവാദം പൊള്ളയോ?

Print Friendly, PDF & Email

‘ഞാന്‍ കക്കില്ല കക്കാന്‍ ആരേയും അനുവദിക്കുകയുമില്ല’ പ്രഖ്യാതമായ                  പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഈ അവകാശവാദം പതിവുപോലെ വെറും പൊള്ളയോ?. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണത്തിന്റെ മുനയിലാണ് നരേന്ദ്ര ദാമോദര്‍ ദാസ് മോഡി. റാഫേല്‍ യുദ്ധവിമാനം ഇടപാടില്‍ അഴിമതി നടന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ആരോപണം ഉന്നയിച്ചതോടെ അരോപണത്തിന് രാഷ് ട്രീയ മാനവും കൂടി കൈവന്നിരിക്കുകയാണ്.

പ്രതിപക്ഷം അഴിമതി ആരോപിച്ച റാഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിശദാം ശങ്ങള്‍ പുറത്ത് പറയാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയെ അറിയിച്ചതോടെ വരും നാളുകളില്‍ രാജ്യത്തില്‍ കോളിളക്കം സൃഷ്ടിക്കുവാന്‍ പര്യാപ്തമായ വിധം റാഫേല്‍ ഇടപാടില്‍ ദുരൂഹത ഏറിയിരിക്കുന്നു. ഫ്രാന്‍സിലെ ദസാള്‍ട്ട് ഏവിയേഷനുമായി റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍ ഉണ്ടാക്കിയ കരാറാണ് നരേന്ദ്ര മോഡിയേയും ബിജെപിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

2007ലാണ് വ്യോമസേനയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 126              യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍ പ്രതിരോധവകുപ്പ് തീരുമാനിക്കുന്നത്. സുതാര്യമായ ടെണ്ഡര്‍ നടപടികളുടെ ഭാഗമായി പ്രമുഖ യുദ്ധവിമാന നിര്‍മ്മാതാക്കളായ ആറു കമ്പനികളെ തെരഞ്ഞെടുക്കുകയും അതില്‍ നിന്ന് ഏറ്റവും മികച്ചതെന്ന് കണ്ടെത്തിയ ഫ്രാന്‍സിന്റെ റാഫേലിനേയും യൂറോപ്യന്‍ യൂണിയന്റെ യുദ്ധവിമാനമായ യൂറോഫൈറ്ററേയും ഷോര്‍ട്ട്‌ലിസ്റ്റില്‍ പെടുത്തുകയും ചെയ്തു. സാങ്കേതിക പ്രതിരോധ മേഖലകളിലെ വിദഗ്ധരും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥ രും ചേര്‍ന്ന് അഞ്ചു വര്‍ഷത്തിലേറെ നടത്തിയ പഠനങ്ങളുടേയും കൂടിയാലോചനകളുടേയും അടിസ്ഥാനത്തില്‍ 2012ല്‍ ഒരു യുദ്ധവിമാനത്തിന് 526 കോടി രൂപ പ്രകാരം 60000 കോടി രൂപക്ക് 126 യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍ തീരുമാനമാവുകയും റാഫേലുമായി കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. അതില്‍ പൂര്‍ണ്ണ യുദ്ധസജ്ജമായ 18 യുദ്ധവിമാനങ്ങളും ബാക്കി 108 യു ദ്ധ വിമാനങ്ങള്‍ എച്ച്.എ.എല്‍ ലില്‍ വച്ച് ഫ്രഞ്ച് സാങ്കേതിക സഹായത്തോടെ തദ്ദേശീയമായി നിര്‍മ്മിക്കുവാനും അതോടൊപ്പം 20000ത്തലേറെ പുതിയ സാങ്കേതിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനുമായിരുന്നു കരാര്‍.

രാജ്യവാപകമായി പ്രശംസിക്കപ്പെട്ട അന്നത്തെ പ്രതിരോധ വകുപ്പുമന്ത്രി         എ.കെ ആന്റണി ഒപ്പുവച്ച ഈ കരാര്‍ 2014ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പുനഃപരിശോധിക്കുവാന്‍ തീരുമാനിക്കുകയും 2015ല്‍ തന്റെ പാരീസ് സന്ദര്‍ശനത്തിനിടെ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുവാനുള്ള കരാറില്‍ ഒപ്പിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി അനുമതി നല്‍കുന്നതിനു മുമ്പായിരുന്നു പുതിയ കരാറിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സില്‍ വച്ചു നടത്തിയ പ്രഖ്യാപനം .

യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ ധാരണാപത്രത്തില്‍ ഫ്രാന്‍സില്‍നിന്നുള്ള സാങ്കേതികവിദ്യ കൈമാറ്റത്തോടെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍(എച്ച്എഎല്‍) വിമാനം നിര്‍മിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നശേഷം എച്ച്എഎല്ലിനെ ഒഴിവാക്കി. ആദ്യ ധാരണപ്രകാരം ഒരു വിമാനത്തിന്റെ വില 8.095 കോടി ഡോളറായിരുന്നു (526.1 കോടി രൂപ). മോഡിസര്‍ക്കാര്‍ ഒരു വിമാനത്തിന് നല്‍കുന്നത് 24.17 കോടി ഡോളറാണ് (1570.8 കോടി രൂപ). 126 വിമാനം 54,000 കോടി രൂപയ്ക്ക് ലഭ്യമാക്കാന്‍ ഫ്രഞ്ച് കമ്പനി ദാസ്സൂദ് അന്ന് തയ്യാറായിരുന്നു. മോഡി സര്‍ക്കാര്‍ എത്തിച്ചേര്‍ന്ന കരാര്‍പ്രകാരം 59,000 കോടി രൂപയ്ക്ക് 36 വിമാനം മാത്രമാണ് ലഭിക്കുക. ഇക്കാര്യത്തിലും സര്‍ക്കാര്‍നിലപാട് ദുരൂഹമാണ്. 126 വിമാനം വാങ്ങുന്നതിന്റെ സാമ്പത്തികഭാരം കണക്കിലെടുത്താണ് കരാര്‍ 36 വിമാനത്തിന്റേതായി വെട്ടിക്കുറച്ചതെന്ന് സര്‍ക്കാര്‍ നേരത്തെ വിശദീകരിച്ചിരുന്നു. എന്നാല്‍ 126 വിമാനത്തിന്റെ വിലയേക്കാള്‍ കൂടുതലാണ് 36 എണ്ണത്തിന് നല്‍കുന്നത് എന്നതാണ് വിചിത്രം.

പൂര്‍ണ്ണ യുദ്ധ ശേഷിയോടെയുള്ള 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ചു നല്‍കാനും ശേഷിക്കുന്ന 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു പ്രാഥമിക ധാരണ. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്കായി റാഫേല്‍ വിമാനങ്ങളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന കാഴ്ചപ്പാടാണ് വ്യോമസേനയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ 36 വിമാനം മാത്രം വാങ്ങുന്നതിനാല്‍ സാങ്കേതികവിദ്യാ കൈമാറ്റം എന്നതിന് വാണിജ്യപരമായ സാധുതയില്ലെന്നാണ് പ്രതിരോധമന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്. അതോടെ എച്ച്.എ.എല്ലുമായുള്ള സാങ്കേതിക കരാര്‍ അവസാനിച്ചിരിക്കുകയാണ്.

റാഫേലിന്റെ സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെ പൊതുമേഖല സ്ഥാപനമായ എച്ച്എഎല്‍നുണ്ടാവേണ്ട സാങ്കേതിക നേട്ടം നഷ്ടപ്പെട്ടതോടൊപ്പം 20000 തൊഴിലവസരങ്ങള്‍ കൂടിയാണ് എച്ച്.എഎല്‍നു നഷ്ടപ്പെട്ടിരിക്കുന്നത്. മോഡി ഗവര്‍മ്മെന്റിന്റെ സ്വപ്ന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രൊജക്ട് പോലും സര്‍ക്കാരിന്റെ കേവലം പൊള്ളയാ വാക്‌ധോരണി മാത്രമാണെന്നാണ് ഇത് തെളിയിക്കുന്നത്.

എച്ച്എഎല്ലുമായുള്ള ബന്ധം വിഛേദിച്ചപ്പോള്‍ നേട്ടം കൊയ്തത് മറ്റൊരു കമ്പനിയാണ്. സാക്ഷാല്‍ അനില്‍ അംബാനി 2015ല്‍ രൂപം കൊടുത്ത റിലയന്‍സ് എയറോസ്‌പേയിസ് ആണ് ആ കമ്പനി. പ്രതിരോധ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത റിലയന്‍സ് എയറോസ്‌പേസിന് 20000കോടിയുടെ പുറം കരാര്‍ പണിയാണ് കിട്ടിയത്.

പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണിയുടെ കീഴില്‍ അഞ്ചു വര്‍ഷത്തെ സുതാര്യമായ പ്രകൃയയിലൂടെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ രൂപം കൊടുത്ത റാഫേല്‍ കരാര്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് അത്തരം യാതൊരു കൂടിയാലോചനകളുമില്ലാതെ രൂപം കൊടുത്തതാണ് രാജ്യത്തിനു വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെച്ച മോഡിയുടെ റാഫേല്‍ കരാറെന്ന് വ്യക്തം.

2015 ഏപ്രിലില്‍ മോഡി റാഫേലുമായി കരാരില്‍ ഏര്‍പ്പെടുമ്പോള്‍ അന്നത്തെ പ്രതിരോധമന്ത്രി പരീക്കര്‍ ഗോവയിലെ പനാജിയില്‍ ഒരു മത്സ്യ മാര്‍ക്കറ്റ് ഉത്ഘാടനം ചെയ്യുകയായിരുന്നു. പ്രതിരോധ വകുപ്പിലേയോ, വ്യോമസേനയിലേയോ ഉന്നത ഉദ്യോഗസ്ഥരോ രാജ്യത്തിന്റെ പ്രതിരോധ വകുപ്പിനാവശ്യമായ യുദ്ധവിമാനങ്ങളും മറ്റായുധങ്ങളും നിര്‍മ്മിച്ചു നല്‍കുകയും അതില്‍ ഗവേഷണം നടത്തുകയും ചെയ്യുന്ന എച്ച്.എ.എല്ലിലെ വിദഗ്ധരോ ആരും കൂടെ ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രതിരോധ രംഗവുമായി യാതൊരു ബന്ധവുമില്ലാത്ത അനില്‍ അംബാനിയുടെ സജീവ സാന്നിദ്ധ്യം ചടങ്ങില്‍ ഉണ്ടായിരുന്നു. പ്രസ്തുത കാര്യം അന്നു തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

യുദ്ധ സാമഗ്രമികള്‍ വാങ്ങുമ്പോള്‍ മൊത്തം ചിലവാക്കിയ തുകയുടെ മുപ്പതു ശതമാനം ജോലികള്‍ ഒരു ഇന്ത്യന്‍ കമ്പനിക്കു നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പ്രകാരം ഉണ്ടാകേണ്ട 20000ത്തില്‍ പരം തൊഴിലവസരങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല. ഈ സാഹചര്യത്തിലാണ് രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ താല്‍പര്യ സംരക്ഷണം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ അജണ്ട എന്ന ആരോപണം പ്രസക്തമായി തീരുന്നത്. സ്വകാര്യകമ്പനികളെ കരാറിന്റെ ഭാഗമാക്കിയിട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും വിശദാംശങ്ങള്‍ വെളിപ്പെടുത്തുവാന്‍ കഴിയില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം തികച്ചും സംശയകരമാണ്.

ഈ കരാറിലെ രഹസ്യാത്മകതയുടെ പുറകെയായിരിക്കും ഇനിയുള്ള നാളുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയം കറങ്ങുവാന്‍ പോകുന്നതെന്ന സൂചനകളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കുന്നത്. വരുവാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ റാഫേല്‍ പ്രശ്‌നം മുഖ്യ തിരഞ്ഞെടുപ്പ് ആയുധമാക്കുവാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. അതോടെ വരുദിവസങ്ങളില്‍ മോദി സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോദത്തില്‍ ആവും. മോഡിയുടെ റാഫേല്‍ ഇടപാട് രാജീവ് ഗാന്ധിയുടെ ബോഫോഴ്‌സിന്റെ മറ്റൊരു പതിപ്പാകുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Leave a Reply