സംഘര്‍ഷങ്ങളുടെ സഹസ്രാബ്ദങ്ങളിലൂടെ ഇസ്രായേല്‍

Print Friendly, PDF & Email

സ്വതവേ കലുഷിതമാണ് പശ്ചിമേഷ്യ. ആ കലുഷിതാവസ്ഥയെ കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചു. ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാണെന്ന്. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യ രാഷ്ട്രമായി അമേരിക്ക.

ഇസ്രായേലിന്റെ ആരംഭം മുതല്‍ വിശ്വസ്ത സുഹൃത്താണ് അമേരിക്ക. എന്നിട്ടും അമേരിക്കന്‍ മുന്‍ പ്രസിഡന്റുമാര്‍ തീരുമാനം എടുക്കാവാന്‍ ഭയപ്പെട്ട ആ തീരുമാനം വൈറ്റ് ഹൗസിലിരുന്നു പ്രഖ്യാപിക്കുമ്പോള്‍ പശ്ചിമേഷ്യയുടെ ശാന്തതയോ ലോകത്തിന്റെ സമാധാനമോ ഒന്നും ട്രംപ് എന്ന് ഭരണാധികാരിയുടെ ചിന്താമണ്ഡലത്തില്‍ പോലും ഉണ്ടായിരുന്നില്ല. തന്റേതു മാത്രമായ വഴികളിലൂടെ ഭ്രാന്തന്‍ തീരുമാനങ്ങളുമായി ചരിക്കുന്ന ധിക്കാരിയായ ഒരു ഭരണാധികാരിയുടെ ഭാവമായിരുന്നു മഹാനായ ട്രംപില്‍ ലോകത്തിനു കാണുവാന്‍ കഴിഞ്ഞത്.

പ്രതികരണങ്ങള്‍ ഉടന്‍ ഉണ്ടായി. ട്രംപിന്റെ നടപടിയെ എതുര്‍ത്ത പാലസ്തീന്‍ സായുധ സംഘമായ ഹമാസ് രണ്ടാം ‘ഇത്തിഫദ'(സായുധമുന്നേറ്റം)ക്ക് ആഹ്വാനം ചെയ്തു. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ അടിയന്തര യോഗം വിളിച്ചു കൂട്ടി. ഈജിപ്തിലെ കെയ്‌റോയില്‍ അറബിലീഗിന്റെഅടിയന്തര യോഗം ചേരുവാന്‍ തീരുമാനിച്ചു.അമേരിക്കയുടെ സഖ്യ രാഷ്ട്രമായ ബ്രിട്ടനടക്കം ലോക രാഷ്ട്രങ്ങള്‍ അമേരിക്കന്‍ പ്രഖ്യാപനത്തെ അപലപിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ വിവാദ തീരുമാനം വരും നാളുകളില്‍ ലോകഗതിയെ എങ്ങനെ സ്വാധീനിക്കുമെന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

പാലസ്തീനും ഇസ്രായേലും സ്വന്തം തലസ്ഥാനമെന്ന് അവകാശപ്പെടുന്ന ജറുസലേം… ജൂതരും മുസ്ലീമുകളും കൃസ്ത്യാനികളും ഒരുപോലെ പുണ്യഭൂമിയെന്ന് കരുതുന്ന ജറുസലേം… ആ ജറുസലേം; ഭൂരിപക്ഷ ലോക ജനതയുടെ വൈകാരികതയുടെ ഭാഗമായതെന്തു കൊണ്ടെന്നറിയണമെങ്കില്‍ ജറുസലമിന്റെ സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന ചരത്രമറിയണം.

”ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചു. നിന്റെ തലമുറകളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ക്കരയിലെ മണല്‍ പോലെയും അത്യന്തം വര്‍ധിപ്പിക്കും. നിന്റെ തലമുറ ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും”.
അബ്രഹാമിന്റെ മകന്‍ ഇസഹാക്കും, ഇസഹാക്കിന്റെ മകന്‍ യാക്കോബും, യാക്കോബിന്റെ 12 മക്കളും… അങ്ങനെ ആ തലമുറ വലിയ ജനതയായി മാറി. ഒരു വാഗ്ദത്ത ഭൂമി അവര്‍ക്കായി ദൈവം ഒരുക്കി. കാനാന്‍ ദേശം എന്നറിയപ്പെട്ട ആ ദേശത്തേക്കു തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയെ ദൈവം ഈജിപ്തിലെ അടിമത്വത്തില്‍ നിന്നു മോചിപ്പിച്ചു കൊണ്ടുവന്നു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ആ ജനത ഇസ്രയേലിയര്‍ എന്നറിയപ്പെടുന്നു. അവര്‍ക്കായി ദൈവം ഒരുക്കിയ ആ വാഗ്ദത്ത ഭൂമി ഇസ്രായേല്‍ എന്നും അറിയപ്പെടുന്നു. ബൈബിളില്‍ ഇസ്രയേലിനെ കുറിച്ചുള്ള, ഇസ്രായേല്യരെക്കുറിച്ചുള്ള ഒരു ചെറു വിവരണമാണിത്.

യേശുവിന്റെ കാലത്തു ഇന്നത്തെ ഇസ്രയേലും പലസ്തീനും ജോര്‍ദാനുമെല്ലാം പലസ്തീന്‍  എന്ന ഒറ്റ രാജ്യമായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന പലസ്തീനയില്‍ നിന്ന് എഡി 72 ഓടെ തദ്ദേശീയരായ ജൂതന്മാരില്‍ ഭൂരിപക്ഷം പേര്‍ക്കും സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നു. വളരെ ചുരുക്കം ജൂതന്മാര്‍ മാത്രം സ്വന്തം ദേശമായ പാലസ്തീനയില്‍ എല്ലാ പീഡനങ്ങളും ഏറ്റു കഴിഞ്ഞു. എന്നെങ്കിലും ഒരിക്കല്‍ തങ്ങളുടെ ജന്മദേശമായ പാലസ്തീനയിലേക്കു തിരിച്ചുപോകാമെന്ന പ്രത്യാശയില്‍ സ്വന്തം ദേശത്തുനിന്നു പലായനം ചെയ്യപ്പെട്ട ജൂതന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചേക്കേറി. വൈകാതെ റോമാ സാമ്രാജ്യം തകര്‍ന്നു. ജൂതന്മാരുടെ മാതൃരാജ്യമായ പലസ്തീന്‍ അറബികളുടെ കൈവശമായി. വളരെ കുറഞ്ഞ തോതില്‍ ജൂതന്മാര്‍ അപ്പോഴും പലസ്തീനയില്‍ കഴിഞ്ഞിരുന്നു.

ബുദ്ധിയിലും ശക്തിയിലും ലോകത്തെ ഏറ്റവും മികച്ച തലകളായ ജൂതന്മാര്‍ ലോകത്തിന്റെ ചിന്താഗതികളെ തന്നെ മാറ്റിമറിച്ചു. മോശയും, യേശുവും, കാറല്‍ മാര്‍ക്‌സും, എന്‍സ്റ്റീനും വരെ ജൂതനാണ്. നോബല്‍ സമ്മാനം കൊടുത്തു തുടങ്ങിയ നാള്‍ മുതല്‍ ജൂതന് നോബല്‍ അവാര്‍ഡ് ഇല്ലാത്ത വര്‍ഷങ്ങള്‍ വിരളമായിരുന്നു. ബൈബിളില്‍ ഇസ്രയേലിനെ (കാനാന്‍ ദേശം) തേനും പാലും ഒഴുകുന്ന സ്ഥലമെന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ട് എങ്കിലും യഥാര്‍ത്ഥത്തില്‍ ഇസ്രയേലിന്റെ പകുതിയും മരുഭൂമിയാണ്. ആ മരുഭൂമിയില്‍ നിന്നാണ് ഇസ്രായേല്‍ വളര്‍ന്നത്. ലോകത്തെ ഏറ്റവും മികച്ച കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ ഇസ്രയേലിന്റേതാണ്. മരുഭൂമിയില്‍ കൃഷി ചെയ്തു വിജയിക്കാന്‍ വേണ്ട വൈദഗ്ധ്യം ഇസ്രായേലിനു മാത്രമാണ് ഉള്ളത്.

ഹിറ്റ്‌ലറുടെ പീഡനങ്ങളും ലോകത്തു പല ഭാഗങ്ങളില്‍ നേരിട്ട സഹനങ്ങളുമൊക്കെ തങ്ങള്‍ക്കു തങ്ങളുടെ പൂര്‍വിക ഭൂമിയായ പലസ്തീനില്‍ ഒരു രാജ്യം വേണമെന്ന ജൂതന്മാരുടെ ചിന്ത ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ ഉദയത്തില്‍ കലാശിച്ചു. ജൂതന്മാരുടെ പഴയ പാലസ്തീന ആയിരുന്നില്ല 1948 ലെ പാലസ്തീന്‍. പാലസ്തീന്‍ ഏതാണ്ട് പൂര്‍ണമായും അറബികളുടെ കൈവശമായിരുന്നു. പലായനം ചെയ്യാതെ അവശേഷിച്ചിരുന്ന ജൂതന്മാരുടെ തലമുറകള്‍ മാത്രമായിരുന്നു പലസ്തീനില്‍ ബാക്കി ഉണ്ടായിരുന്നത്.

ലോകത്തിന്റെ തലച്ചോറുകളായി അറിയപ്പെട്ടിരുന്ന ജൂതന്മാരുടെ സ്വന്തമായി ഒരു രാജ്യം എന്ന ആവശ്യത്തിന് മുമ്പില്‍ ലോക രാജ്യങ്ങള്‍ ഒന്നടങ്കം നിന്നു. യുഎന്‍ ഇത് സംബന്ധിച്ച് പ്രമേയം പാസ്സാക്കി. അന്നത്തെ അറബ് ഭൂരിപക്ഷ പലസ്തീനെ വിഭജിച്ചു ഇസ്രായേല്‍ എന്ന രാജ്യം രൂപീകരിക്കാന്‍ തീരുമാനിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്തിനു മുമ്പ് തന്നെ ജൂതന്മാര്‍ പലസ്തീനിലേക്കു തിരികെ പോകാന്‍ തുടങ്ങിയിരുന്നു. ജൂതന്മാരും അറബികളും ഒന്നിച്ചു പലസ്തീന്‍ എന്ന രാജ്യത്തില്‍ കഴിയട്ടെ എന്ന വാദം ഉയര്‍ന്നുവന്നെങ്കിലും അതിനെ അംഗീകരിക്കാന്‍ ജൂതരും അറബികളും തയ്യാറായില്ല. പലസ്തീനെ വിഭജിച്ചു ഇസ്രായേല്‍ എന്ന രാഷ്ട്രം നിര്‍മിക്കുന്നതിനെ അറബ് രാഷ്ട്രങ്ങളെല്ലാം ഒറ്റകെട്ടായി എതിര്‍ത്തു.

1948ല്‍ ഇസ്രായേല്‍ എന്ന രാജ്യം നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോര്‍ദാന്റെയും ഇറാഖിന്റെയും ലെബനോന്റെയും സംയുക്ത ആക്രമണം ഇസ്രായേലിനു നേരെ ഉണ്ടായി. മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ അക്രമങ്ങള്‍ക്കു. പിറന്നു വീണു ദിവസങ്ങള്‍ക്കകം പല രാജ്യങ്ങള്‍ ചേര്‍ന്ന ഒരു വലിയ സൈനിക ശക്തിക്കു മുമ്പില്‍ പൊരുതേണ്ടി വരുക എന്ന കാര്യം ആലോചിച്ചു നോക്കൂ. ഒത്തിരി പീഡനങ്ങള്‍ക്കു ശേഷം സര്‍വ്വതും നഷ്ട്ടപെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ചേക്കേറിയ ജൂതന്മാര്‍ക്കു മുകളില്‍ ആകാശവും താഴെ ഭൂമിയും മാത്രവുമായിരുന്നു. രണ്ടും കല്‍പ്പിച്ചു ജൂതന്മാര്‍ പൊരുതിയപ്പോള്‍ അറബ് സഖ്യത്തിന് ഒന്നും നേടാനായില്ല എന്ന് മാത്രമല്ല ഇസ്രായേല്‍ ഈജിപ്തിന്റെയും സിറിയയുടെയും ചില ഭാഗങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

1956ല്‍ വീണ്ടും ഇസ്രായേല്‍ അറബ് സഖ്യ യുദ്ധം ഉണ്ടായി. ഫലം ഒന്ന് തന്നെ. പക്ഷെ ഇത്തവണ ഈജിപ്തില്‍ നിന്ന് സീനായി മല നിരകളും, സിറിയയില്‍ നിന്ന് ഗോലാന്‍ കുന്നുകളും പിടിച്ചെടുത്തു. പക്ഷെ യുദ്ധാനന്തരം പിടിച്ചെടുത്ത ഭൂപ്രദേശങ്ങളൊക്കെ ഇസ്രായേല്‍ തിരിച്ചു നല്‍കി. 1967 ല്‍ വീണ്ടും അറബ് സഖ്യസേന റഷ്യയുടെ പരോക്ഷ പിന്തുണയോടെ ഇസ്രയേലിനെ ആക്രമിച്ചു. തങ്ങളെ അക്രമിക്കുന്നതു വരെ അനങ്ങാതിരുന്ന ഇസ്രായേല്‍ തങ്ങള്‍ക്കു നേരെ അറബ് സഖ്യസേന യുദ്ധം അഴിച്ചുവിട്ടപ്പോള്‍ അതിശക്തമായി തിരിച്ചടിച്ചു. വെറും 6 ദിവസം കൊണ്ട് അറബ് സഖ്യ സൈന്യത്തെ ഇസ്രായേല്‍ ചുരുട്ടി കെട്ടി. ലോകത്തിനു തന്നെ അത്ഭുതമായിരുന്നു ഇസ്രയേലിന്റെ ആ ചരിത്ര വിജയം.

ഇത്തിരി പോന്ന ഒരു രാജ്യം 10 ഓളം രാജ്യങ്ങളുടെ സംയുക്ത സൈന്യത്തെ വെറും 6 ദിവസം കൊണ്ട് തുരത്തി എന്നത് മാത്രമല്ല തങ്ങളെ ആക്രമിക്കാന്‍ വന്ന ഈജിപ്തിന്റെയും, സിറിയയുടെയും, പലസ്തീന്റെയും, ജോര്‍ദാന്റെയും നല്ല ഭാഗം ഭൂമിയും പിടിച്ചെടുത്തു. യുദ്ധത്തിന് ശേഷം കീഴടക്കിയ ഭൂമി തിരികെ കൊടുത്തിരുന്ന സ്ഥിരം പരിപാടി ഇസ്രായേല്‍ നിര്‍ത്തി. ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടും യുദ്ധത്തില്‍ പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കാന്‍ ഇസ്രായേല്‍ വിസമ്മതിച്ചു. തങ്ങളെ പലതവണ ആക്രമിച്ച അറബ് രാഷ്ട്രങ്ങള്‍ക്കുള്ള മുന്നറിയിപ്പും തിരിച്ചടിയായിരുന്നു അത്.

അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ വീണ്ടും 1973ല്‍ ഇസ്രയേലിനെ അറബ് സഖ്യസേന ആക്രമിച്ചു. അന്നത്തെ ഇസ്രായേലിന്റെ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ആ രാജ്യങ്ങള്‍ക്കു ഇന്നും ആയിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ 1948ല്‍ പലസ്തീന്റെ പകുതി വിഭജിച്ചു സൃഷ്ടിച്ച ഇസ്രായേല്‍ എന്ന ചെറിയ രാഷ്ട്രം അറബ് രാഷ്ട്രങ്ങളുടെ ആവേശം കാരണം 1973 ഓടെ പലസ്തീന്റെ മുഴുവന്‍ ഭാഗവും ഈജിപ്തിന്റെയും ജോര്‍ദാന്റെയും സിറിയയുടേയും നല്ല ഭാഗവും പിടിച്ചെടുത്തു ഒരു വലിയ രാജ്യമായി മാറി. ഇസ്രയേലിനെ ഒരിക്കലും യുദ്ധത്തില്‍ തോല്‍പ്പിക്കാനാകില്ല എന്ന തിരിച്ചറിവില്‍ എത്തി അറബ് രാഷ്ട്രങ്ങള്‍. ഈജിപ്ത് ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പിട്ടു. ജോര്‍ദാന്‍ രാജാവ് ഇസ്രായേല്‍ സന്ദര്‍ശിച്ചു. 1948ല്‍ ഇസ്രയേലിന്റെ അത്രയ്ക്ക് വലിപ്പം ഉണ്ടായിരുന്ന പലസ്തീന്‍ എന്ന പ്രദേശം വെസ്റ്റ് ബാങ്കിലും ഗാസയിലുമായി ഒതുങ്ങി. 1992ല്‍ ഇസ്രായേല്‍ പലസ്തീന്റെ സ്വയം ഭരണത്തെ അംഗീകരിച്ചു. പക്ഷെ തീവ്രവാദി ആക്രമണം എല്ലാ സമാധാന ചര്‍ച്ചകളെയും തകിടം മറിച്ചു.

ഇപ്പോഴത്തെ ഇസ്രേയേല്‍ പലസ്തീന്‍ തര്‍ക്കത്തിന്റെ പ്രധാന വിഷയം ജെറുസലേം ആണ്. 1949 മുതല്‍ ഇസ്രായേലും പാലസ്തീനും തങ്ങളുടെ രാജ്യത്തിന്റെ തലസ്ഥാനമാണ് ജറുസലേം എന്ന് അവകാശപ്പെട്ടു പോന്നിരുന്നു. പടിഞ്ഞാറന്‍ ജറുസലേമായിരുന്നു ഇസ്രായേലിന്റെ കൈവശം ഉണ്ടായിരുന്ന പ്രദേശം. 1967 ആറുദിന യുദ്ധത്തില്‍ ഇസ്രയേല്‍ കിഴക്കന്‍ ജറുസലേം കൈയ്യേറി പടിഞ്ഞാറന്‍ ജറുസലേമിനോട് ചേര്‍ക്കുകയും ഐക്യ ജറുസലേം ആണ് തങ്ങളുടെ തലസ്ഥാനമെന്ന് അവകാശമുന്നയിക്കുകയുമായിരുന്നു.

എന്നാല്‍ ഭാവിയില്‍ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകൃതമാകുമ്പോള്‍ തങ്ങളുടെ തലസ്ഥാനമായി പാലസ്തീന്‍കാര്‍ വിഭാവനം ചെയ്തിരിക്കുന്നത് ഈ കിഴക്കന്‍ ജറുസലേമിനെ തന്നെയാണ്. ഇതേ ജെറുസലേം കേന്ദ്രമാക്കി പലസ്തീന്‍ എന്ന രാഷ്ട്രം സൃഷ്ടിക്കണം എന്നതാണ് പലസ്തീന്റെ ആവശ്യം.

ജൂതന്മാര്‍ക്കു ലോകത്തു ഒരേ ഒരു പള്ളിയെ ഉള്ളു (ബാക്കിയെല്ലാം സിനഗോഗുകള്‍ ആണ്). അത് ജെറുസലേം ദേവാലയം ആയിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തകര്‍ത്ത ആ പള്ളി പുനര്‍നിര്‍മ്മിക്കുക എന്നതാണ് ഓരോ ജൂതന്റെയും സ്വപ്നം. ഇസ്രയേലിന്റെ തലസ്ഥാനം ജെറുസലേം ആകുകയും ജെറുസലേമില്‍ ജൂത പള്ളി നിര്‍മിക്കുകയും ചെയ്താല്‍ മാത്രമേ ഇസ്രായേല്‍ എന്ന രാഷ്ട്രം അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ നിലവില്‍ വരൂ എന്ന് ജൂതന്മാര്‍ കരുതുന്നു.

ഇതാണ് ഇസ്രയേലും പലസ്തീനുമായ പ്രധാന തര്‍ക്ക വിഷയം. പശ്ചിമേഷ്യയിലെ അറബ് രാഷ്ട്രങ്ങള്‍ എല്ലാം തന്നെ പാലസ്തീനു പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ ലോക സമാധാനത്തിന്റെ വിലയോളം ജറുസലേം വളരുകയാണ്.  ജൂതന്മാരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും പുണ്യ ഭൂമിയയായി കരുതുന്ന സ്ഥലമാണ് ജെറുസലേം. അതോടെ ലോകത്തിലെ പ്രമുഖ മതങ്ങളുടെ വൈകാരികതയുടെ ഭാഗമായി ഇസ്രയേല്‍ പാലസ്തീന്‍ തര്‍ക്കം മാറുന്നു. ഈ തര്‍ക്കത്തിന്മേല്‍ നിലവില്‍ നിലനില്‍ക്കുന്ന സമവായത്തിന്റെ കടക്കലാണ് ട്രംപിന്റെ പ്രഖ്യാപനം കത്തിവച്ചിരിക്കുന്നത്.

“ജറുസലേം പുത്രിമാരെ, നിങ്ങള്‍ എന്നെ പ്രതി കരയേണ്ടാ. നിങ്ങളേയും നിങ്ങളുടെ മക്കളേയും പ്രതി കരയുവിന്‍. എന്തെന്നാല്‍ വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നു പറയപ്പെടുന്ന ദിവസങ്ങള്‍ വരും” (ലൂക്ക 23:28). കുരിശും ചുമന്ന് ഗാഗുല്‍ത്താമലയിലേക്ക് പോയ യേശു ക്രിസ്തു തന്നെ അനുഗമിച്ച ജറുസലേം സ്ത്രീകളെ നോക്കി പറഞ്ഞ ആ വചനങ്ങള്‍ വീണ്ടും നിറവേറുവാനുള്ള സാഹചര്യമാണ് ട്രംപിന്റെ പുതിയ നയം മൂലം ഉരുത്തിരിഞ്ഞു വരുന്നത്.

[NB:മൊസാദ് എന്ന ചാര സംഘടനയെകുറിച്ചു പറയാതെ ഇസ്രയേലിന്റെ ചരിത്രം പൂര്‍ണമാകില്ല. ലോകത്തെ ഏറ്റവും മികച്ചതും ഏറ്റവും അപകടകാരികളുമായ ചാര സംഘടന ഏതെന്നു ചോദിച്ചാല്‍ അതിനു ഉത്തരം ഒന്നേ ഉള്ളൂ; മൊസാദ്. 1972 ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഇസ്രയേലിന്റെ 5കായിക താരങ്ങളെ വധിച്ചപ്പോള്‍ ലോകം ഞെട്ടി. അതിനു ഉത്തരവാദികളെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ പോയി കണ്ടുപിടിച്ചു മൊസാദ് ഇല്ലായ്മ ചെയ്തു. മൊസാദ് ഓരോരുത്തരെ കൊല്ലുന്നതിനു തൊട്ടു മുമ്പ് അവരവരുടെ വീടുകളില്‍ ഒരു റീത്തും കൂടെ ഒരു സന്ദേശവും എത്തിയിരുന്നു ‘A REMAINDER, WE DO NOT FORGET OR FORGIVE’.]

 • 1
 •  
 •  
 •  
 •  
 •  
 •  
  1
  Share

Leave a Reply