ട്രംപിന്റെ താരിഫുകൾ ബൂമറാങ്ങ് ആകുമോ?. ബ്രിക്സ് രാഷ്ട്രങ്ങൾ കൂടുതൽ അടുക്കുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ഡൊണാൾഡ് ട്രംപ് വിദേശ രാജ്യങ്ങൾക്ക് താരിഫുകളും നികുതിയും ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജനുവരി 20 ന് സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ, ഫെബ്രുവരി 1 ന് തന്നെ അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് വാഗ്നാനം നിറവേറ്റി… പുതിയ താരിഫ് നയം പ്രഖ്യാപിച്ചു. ഓരോരോ രാജ്യങ്ങൾക്കായി പുതിയ താരീഫകൾ ഏർപ്പെടുത്തുവാൻ തുടങ്ങി. ചൈനയ്ക്ക് 10% ഉം മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25% ഉം തീരുവ ചുമത്തുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ അദ്ദേഹം ഒപ്പുവച്ചു. പിന്നീട്, “പരസ്പര താരിഫ്” എന്ന് വിളിക്കപ്പെടുന്നവയിൽ 90 ദിവസത്തെ താൽക്കാലിക വിരാമം ഏർപ്പെടുത്തിയെങ്കിലും വീണ്ടും നിരവധി രാജ്യങ്ങളിൽ അധിക നികുതികളും താരിഫുകളും ചുമത്തി.
അമേരിക്കയുടെ സ്ഥിരമായ വ്യാപാര കമ്മി കുറയ്ക്കുന്നതിനുള്ള ഒരു മാർഗമാണ് താരിഫുകളെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും തങ്ങളുടെ വരുതിയിൽ നിൽക്കാത്ത രാഷ്ട്രങ്ങളെ വരുതിയിലാക്കാൻ താരീഫിനെ ഒരു യുദ്ധതന്ത്രമായി അദ്ദേഹം ഉപയോഗിക്കുന്നു. EU, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 15% നികുതി ചുമത്തുമ്പോൾ, തായ്‌വാൻ, വിയറ്റ്നാം, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 20% നികുതി ചുമത്തുന്നു. EU, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവ അമേരിക്കയിൽ നൂറുകണക്കിന് ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നു. നാളിതുവരെ ലോകത്തിലെ 60 ലധികം രാജ്യങ്ങളിൽ താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുഎഇ, ഇന്തോനേഷ്യ എന്നിവ ഉൾപ്പെടുന്ന ഒരു കൂട്ടായ്മയായ ബ്രിക്‌സ്, ബ്രിക്‌സ് രാജ്യങ്ങൾ യുഎസ് വിരുദ്ധമാണെന്ന് ട്രംപ് ആരോപിക്കുന്നു. അമേരിക്കയെ വേദനിപ്പിക്കാനും യുഎസ് ഡോളറിന്റെ ആധിപത്യം തകർക്കാനുമാണ് ബ്രിക്സ് സൃഷ്ടിച്ചതെന്നാണ് ട്രംപ്ന്റെ ആരോപണം. അതുകൊണ്ട് അവർക്കെതിരെ അധിക താരിഫ് ഏർപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. അതുപ്രകാരം ബ്രിക്സിലെ പ്രധാന രാഷ്ടരങ്ങളായ ഇന്ത്യയ്ക്കും ബ്രസീലിനും 50% നികുതി ചുമത്തിയപ്പോൾ, മറ്റൊരു ബ്രിക്സ് രാജ്യമായ ദക്ഷിണാഫ്രിക്ക “എതിരാളികളിലേക്ക് ചായ്വ് കാണിച്ചതായി” ആരോപിച്ചു കൊണ്ട്. 30% താരിഫ് തിരിച്ചടി ഏറ്റുവാങ്ങി. ചൈനയുമായി ഒരു താരീഫ് യുദ്ധം തന്നെ നടത്തുവാൻ ട്രംപ് തയ്യാറായെങ്കിലും ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയോട് ഒരു വെടിനിർത്തലിലാണ് ഇപ്പോൾ യുഎസ്.
ഇന്ത്യയ്ക്ക് മേൽ 25% താരിഫ് പ്രഖ്യാപിച്ചപ്പോൾ ട്രംപ് പറഞ്ഞു, “ശരി, ഞങ്ങൾ ഇപ്പോൾ ചർച്ചകൾ നടത്തുകയാണ്, അത് ബ്രിക്‌സും ആണ്. നിങ്ങൾക്കറിയാമോ, അവർക്ക് ബ്രിക്‌സ് ഉണ്ട്, അത് അടിസ്ഥാനപരമായി യുഎസ് വിരുദ്ധ രാജ്യങ്ങളുടെ ഒരു കൂട്ടമാണ്, ഇന്ത്യയും അതിൽ അംഗമാണ്… ഇത് ഡോളറിനെതിരായ ആക്രമണമാണ്, ഡോളറിനെ ആക്രമിക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല.”
ഇന്ത്യയെ കൂടാതെ, ബ്രസീലും 50% ലെവി നേരിടുന്നു, പക്ഷേ വ്യാപാര അസന്തുലിതാവസ്ഥ മൂലമല്ല, മറിച്ച് മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്‌ക്കെതിരായ നടപടിക്കെതിരായ ട്രംപിന്റെ കോപം മൂലമാണ്. 2022 ലെ തിരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് അട്ടിമറിക്ക് പദ്ധതിയിട്ടതിന് ബോൾസോനാരോയ്‌ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്, എന്നിരുന്നാലും, ട്രംപ് ഇതിനെ “മന്ത്രവാദ വേട്ട” എന്ന് വിളിക്കുന്നു.
ആദ്യം ബ്രിക് (BRIC)- ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഈ ഗ്രൂപ്പിന്റെ ആദ്യ ഉച്ചകോടി 2009 ൽ നടന്നു. രണ്ട് വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്ക ഗ്രൂപ്പിൽ ചേർന്നതോടെ ഇത് പിന്നീട് ബ്രിക്‌സ് (BRICS) ആയി. നിലവിൽ, ഇന്തോനേഷ്യ, ഇറാൻ, സൗദി അറേബ്യ,എന്നിവയുൾപ്പെടെ 11 രാജ്യങ്ങളും മലേഷ്യ, നൈജീരിയ, തായ്‌ലൻഡ് എന്നിവയുൾപ്പെടെ ഒമ്പത് ‘പങ്കാളി’ രാജ്യങ്ങളും ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നു.
ട്രംപിന്റെ താരിഫ് മുന്നേറ്റം ബ്രിക്‌സ് രാജ്യങ്ങളെ ഒന്നിപ്പിക്കുന്നതായി തോന്നുന്നു, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സ്ലിവ സംയുക്ത മുന്നേറ്റത്തിന് ആഹ്വാനം ചെയ്തു. ബ്രസീൽ പ്രസിഡന്റായിരിക്കുമ്പോൾ ട്രംപിന്റെ ആക്രമണത്തെക്കുറിച്ച് സഖ്യകക്ഷികളുമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ലുല റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താരിഫുകളോട് ബ്രിക്‌സ് രാജ്യങ്ങൾ സംയുക്ത പ്രതികരണം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
വ്യാപാരം, ഊർജ്ജം മുതൽ പ്രതിരോധം, സാങ്കേതികവിദ്യ വരെയുള്ള മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചും ലുല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. “പ്രസിഡന്റ് ലുലയുമായി നല്ല സംഭാഷണം നടത്തി… ആഗോള ദക്ഷിണ രാഷ്ട്രങ്ങൾ തമ്മിലുള്ള ശക്തമായ, ജനകേന്ദ്രീകൃത പങ്കാളിത്തം എല്ലാവർക്കും പ്രയോജനം ചെയ്യും,” പ്രധാനമന്ത്രി മോദി X-ൽ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഈ മാസം അവസാനം ചൈനയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏഴ് വർഷത്തിലേറെയായി പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി അവസാനമായി ചൈന സന്ദർശിച്ചത് 2018 ജൂണിലാണ്. രണ്ടാമത്തെ “അനൗപചാരിക ഉച്ചകോടി”ക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് 2019 ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിക്കും.
ഈ മാസം ആദ്യം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യ സന്ദർശിക്കുകയും പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നിർണായക ചർച്ചകൾ നടത്തുകയും ചെയ്തു, അതിന്റെ വിശദാംശങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല. റഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുകയും ഉക്രെയ്‌നുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
“ട്രംപ് ബ്രിക്‌സിനെ വെറുക്കുന്നു. എന്തുകൊണ്ട്? കാരണം അവർ എഴുന്നേറ്റു നിന്ന് യുഎസിനോട് പറയുന്നു, നിങ്ങൾ ലോകത്തെ ഭരിക്കരുത്. ലോകം ബഹുധ്രുവമാണ്, ഞങ്ങൾ നിങ്ങളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ നിങ്ങൾ ലോകത്തെ ഭരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രസിഡന്റ് ലുല അത് ഏറ്റവും നന്നായി സംഗ്രഹിച്ചു. അദ്ദേഹം പറഞ്ഞു, ഞങ്ങൾക്ക് ഒരു ചക്രവർത്തിയെ വേണ്ട. ഇതാണ് അടിസ്ഥാനപരമായി കാര്യം. ട്രംപ് ഒരു ചക്രവർത്തിയാണെന്ന് കരുതുന്നു,” അമേരിക്കൻ ഇക്കണോമിസ്റ്റ് കൂട്ടിച്ചേർത്തു.
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും കൊളംബിയ സർവകലാശാലയിലെ പ്രൊഫസറുമായ ജെഫ്രി ഡി സാച്ച്സ്, എഎൻഐയോട് സംസാരിക്കവേ, ട്രംപിന്റെ നയങ്ങൾ “പരാജയപ്പെടാൻ വിധിക്കപ്പെട്ടതാണ്” എന്ന് പറഞ്ഞുണ്. താരിഫുകൾ “യുഎസ് സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തില്ല. അവ യുഎസിനെ ഭൗമരാഷ്ട്രീയമായി ഒറ്റപ്പെടുത്തും. അവ ബ്രിക്‌സിനെയും മറ്റ് ഗ്രൂപ്പുകളെയും ശക്തിപ്പെടുത്തും…” അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ താരിഫ് നയം അതിന്റെ ഉദ്ദേശ്യത്തിന് വിപരീത ഫലമുണ്ടാക്കുമെന്നും വരും കാലങ്ങളിൽ ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുമെന്നും യുഎസിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. “ഇവിടെ വിരോധാഭാസം എന്തെന്നാൽ, ഇന്ത്യയ്‌ക്കെതിരായ ദ്വിതീയ താരിഫുകൾ റഷ്യയായെ ദോഷകരമായി ബാധിക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും, അത് ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്. ഒരുപക്ഷേ യുഎസ് താരിഫ് ശ്രമങ്ങൾക്കെതിരെ ഒരുമിച്ച് ചർച്ച നടത്താം എന്ന നിലപാടിലേക്ക് അവർ എത്തിച്ചേർന്നു,” ബോൾട്ടൺ സിഎൻഎന്നിനോട് പറഞ്ഞു. ന്യൂഡൽഹിയെയും വാഷിംഗ്ടണിനെയും കൂടുതൽ അടുപ്പിക്കാനുള്ള “ദശകങ്ങളായിയുള്ള അമേരിക്കൻ ശ്രമങ്ങളെ” ട്രംപിന്റെ നീക്കങ്ങൾ അപകടത്തിലാക്കിയിട്ടുണ്ടെന്ന് ബോൾട്ടൺ പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ റഷ്യൻ എതിരാളി വ്‌ളാഡിമിർ പുടിനുമായി അലസ്കയിൽ വച്ചു നടന്ന ഉച്ചകോടി പരജയപ്പെട്ടുവെങ്കിലും പുടിന്റെ നിലപാടുകളുമായി യോജിക്കുന്ന ഒരു പൂർണ്ണവും അന്തിമവുമായ സമാധാന ഉടമ്പടി പിന്തുടരുന്നതിന് അനുകൂലമായി വെടിനിർത്തലിനുള്ള തന്റെ ആവശ്യം ഉപേക്ഷിക്കുവാൻ ട്രംപിനെ പ്രേരിപ്പിച്ചത് ട്രപിന്റെ താരീഫ് നയങ്ങൾക്കു മുമ്പിൽ ബ്രിക്സ് രാജ്യങ്ങൾ എടുത്ത ഉറച്ച നിലപാടാണ്. അതുപോലെ, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള ട്രംപിന്റെ താരിഫ് നയവും ട്രപിന് ബൂമറാങ്ങുവാനാണ് സാധ്യത. ട്രംപും അദ്ദേഹത്തിന്റെ താരിഫ് നയവും ബ്രിക്സ് ബ്ലോക്കിനെ കൂടുതൽ ശക്തമാക്കുകയാണ്.

