അടുത്ത ബഡ്ജറ്റിലെങ്കിലും ”നികുതി ഭീകരതക്ക്” അന്തമുണ്ടാകുമോ…?
ഫെബ്രുവരി 1 ന് പാർലമെന്റിൽ പുതിയ ബജറ്റ് അവതരിപ്പിക്കുകയാണ്. അതിന്‍റെ പണിപ്പുരയിലാണ് നമ്മുടെ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം ടാക്സുകളെ (നികുതി) കുറിച്ചാണ്. രാജ്യത്ത് നിലനില്‍ക്കുന്ന നികുതി ഭീകരതക്ക് അടുത്ത ബഡ്ജറ്റിലെങ്കിലും അന്തമുണ്ടാകുമോ എന്നാണ്ഓരോ പൗരനും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
‘ബ്രിട്ടനെ പോലെ അല്ലെങ്കിൽ അമേരിക്കയിലെത് പോലെ നമ്മൾ ഇന്ത്യക്കാർ സർക്കാരിന് ടാക്സ് നൽകണം, അതേസമയം നമുക്ക് തിരികെ ലഭിക്കുന്ന സേവനങ്ങളും, സൗകര്യങ്ങളും സൊമാലിയായിലെത് പോലെയാണ്’ എന്നാണ് പൊതുവെ നികുതി ദായക്കാരുടെ പ്രതികരണം..! ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള ‘നികുതി ഭീകരതക്ക്’ എതിരെ വലിയ രീതിയിൽ ഉള്ള അമർഷം സാധാരണക്കാർക്ക് ഇടയിൽ നിലവിലുണ്ട്. അതിനാല്‍ ഈ ബഡ്ജറ്റ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വളരെ നിർണായകം ആണ്.
ഇന്ത്യയുടെ സാമ്പത്തീക വളർച്ചയിലെ (GDP) യിലെ കുറവിന്റെ പ്രധാന കാരണം Private consumption നിൽ വന്ന കുറവാണ്. നഗര കേന്ദ്രങ്ങളിൽ ഡിമാൻഡ് വളരെ കുറവാണ്, ഗ്രാമീണ മേഖലകളിൽ ഡിമാൻഡ് നഗര കേന്ദ്രങ്ങളെ അപേക്ഷിച്ച് കൂടുതൽ ഉണ്ട് എങ്കിലും, അത് തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ വിതരണം ചെയ്ത പണത്തിന്റെയും, സർക്കാരുകൾ നൽകുന്ന ഫ്രീബിസിന്റെയും പിൻബലത്തിൽ ആണ്. അത് താൽക്കാലികം മാത്രമാണ്. ആളുകളുടെ കയ്യിൽ പണം ഇല്ല എങ്കിൽ എങ്ങനെ ഡിമാൻഡ് കൂടും..?
പ്രധാനമായും രണ്ട് പ്രശ്നങ്ങൾ ആണ് ഇന്ത്യൻ സാമ്പത്തീക രംഗം നേരിടുന്നത് :-
- വിലക്കയറ്റം
- അമിതമായ നികുതി
(ഔദ്യോഗിക രേഖകൾ പ്രകാരം രാജ്യത്ത് വിലക്കയറ്റം (CPI) ഇപ്പോൾ 5.5% ആണ്. അതേസമയം ഭക്ഷ്യ വിലക്കയറ്റം 9% ത്തിന് മുകളിൽ ആണ്. വിലക്കയറ്റം 4% ത്തിനുള്ളിൽ നിലനിർത്തണം എന്നാണ് RBI ലക്ഷ്യം വെയ്ക്കുന്നത്.
ഇന്ത്യയിൽ നിലവിലുള്ള നികുതിഘടനയെ ‘നികുതി ഭീകരത’ എന്നോ ‘കൊള്ള’യെന്നോ ആണ് വിശേഷിപ്പിക്കേണ്ടത്. ഇന്ത്യയിലെ ഒരു ഇടത്തരക്കാരൻ വരുമാനത്തിന്റെ ഏകദേശം 45% വരെ നികുതി നൽകുന്നു എന്നാണ് കണക്ക്.)
GST വന്നത് നികുതി വെട്ടിപ്പ് ഒഴിവാക്കാനും, സർക്കാരിന്റെ പരോക്ഷ നികുതി (Indirect Tax) വർധിപ്പിക്കാനും, നികുതിഘടന ലളിതം ആക്കി നികുതി ഭാരം കുറയ്ക്കാനും ഒക്കെ ഉദ്ദേശിച്ചായിരുന്നു. പക്ഷെ ഇപ്പോൾ GST യിൽ വരെ വെള്ളം ചേർത്തിരിക്കുക ആണ്.
GST കൗൺസിൽ ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയർന്ന നികുതി സ്ലാബ് 28% ആണ്. പക്ഷെ യഥാർത്ഥത്തിൽ 28% GST ഉള്ള ഒരു ഉൽപ്പന്നതിന് നമ്മൾ കൊടുക്കുന്ന നികുതി അതിന്റെ എത്രയോ കൂടുതൽ ആണ്…!
ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഒരു കാർ ആണ് ഹുണ്ടായി ഐ ടെൻ. ഇതിന്റെ ഓൺ റോഡ് വില ഏകദേശം Rs. 7.9 ലക്ഷം രൂപ ആണ്. അതിൽ 3.1 ലക്ഷവും നികുതി ആണ്. അതായത് നമ്മൾ വണ്ടി വാങ്ങിക്കുമ്പോൾ കൊടുക്കുന്ന തുകയിൽ ഏതാണ്ട് 39% ഉം നികുതിയാണ്…!
മറ്റൊരു പോപ്പുലർ വാഹനം ആണ് ഹുണ്ടായുടെ തന്നെ ക്രെറ്റ എന്ന SUV. ഇതിന്റെ ഓൺ റോഡ് വില ഏകദേശം 16 ലക്ഷം രൂപയാണ്. ഇതിൽ 8.6 ലക്ഷവും നികുതി ആണെന്ന് എത്രപേർക്ക് അറിയാം..? GST 28% മേ ഉള്ളൂ എങ്കിലും, അത് കൂടാതെ 22% വരെ CESS, പിന്നെ സംസ്ഥാന റോഡ് ടാക്സ്, എല്ലാം കൂടി ഏകദേശം 54% വരെ നികുതി നമ്മൾ ‘ക്രെറ്റ’ എന്ന വാഹനം വാങ്ങുമ്പോൾ കൊടുക്കുന്നു..! ഇത്രയും നികുതി കൊടുത്ത് വണ്ടി വാങ്ങിയാലും റോഡിൽ ഇറങ്ങിയാൽ ടോൾ നൽകണം. എല്ലാ റോഡുകളും മികച്ചതായിരുന്നു എങ്കിൽ അങ്ങനെ എങ്കിലും ആശ്വസിക്കാമായിരുന്നു.!
അതായത് GST പരമാവധി പരിധി 28% ആണെങ്കിലും അതൊക്കെ പേപ്പറിൽ മാത്രമേ ഉള്ളൂ എന്നർത്ഥം. ഇത്രയും പണം സർക്കാരിന് കിട്ടിയിട്ടും അതിന്റെ നേട്ടം നികുതി അടയ്ക്കുന്നവർക്ക് ലഭിക്കുന്നില്ല. വരുമാനത്തിന്റെ 45% നികുതി അടച്ചാലും, ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ പോലും അവിടെയും കൊടുക്കണം 18% GST..! ഇനിയിപ്പോൾ 45% ടാക്സ് കൊടുത്തതിന് ശേഷം മിച്ചം പിടിക്കുന്നത് എവിടെയെങ്കിലും നിക്ഷേപിച്ചാലോ, അതിനും കൊടുക്കണം നികുതി. ഷെയർ മാർക്കറ്റ് ആകട്ടെ, FD ആകട്ടെ എന്തിനേറെപ്പറയുന്നു സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് കിട്ടുന്ന പലിശക്ക് ഉൾപ്പെടെ നികുതി കൊടുക്കണം.
ഇന്ത്യയിൽ കള്ളപ്പണ ഇടപാടുകളും, നികുതി വെട്ടിപ്പും കൂടാനുള്ള പ്രധാന കാരണം അമിതമായ നികുതി തന്നെയാണ്. ഇതിൽ ഏറ്റവും ദുഖകരമായ കാര്യം, വലത് പക്ഷ രാഷ്ട്രീയ പാർട്ടി എന്ന് വിശ്വസിക്കുന്ന ബിജെപിയും കഴിഞ്ഞ 5 വർഷങ്ങളായി പിന്തുടരുന്നത് കമ്മ്യൂണിസ്റ്റ്/സോഷ്യലിസ്റ്റ് സാമ്പത്തിക നയമാണ് എന്നതാണ്.
ഇത്രയും വലിയ നികുതി കൊളള നടത്തിയിട്ട് അത് ഫ്രീബിസ് ആയി ഒരു വിഭാഗത്തിന് നൽകുന്നു. അതിന്റെ നേട്ടം താൽക്കാലികം മാത്രമാണ്. അത് പവപെട്ടവരുടെ ജീവിത നിലവാരം ഉയർത്തില്ല. അത് തന്നെയുമല്ല നികുതിദായക്കാരുടെ ജീവിത നിലവാരവും ഉയരുന്നില്ല. പണിയെടുക്കുന്നു, നികുതി നൽകുന്നു എന്ന് മാത്രം. ചുരുക്കത്തിൽ ഇവിടെ രണ്ട് കൂട്ടർക്കും ഗുണം ലഭിക്കുന്നില്ല.
നികുതി ഭാരം കുറച്ചാൽ, ആ പണം മാർക്കറ്റിലേക്ക് ഇറങ്ങുകയും അത് ഡിമാൻഡ് വർധിപ്പിക്കുകയും ചെയ്യും. അതുവഴി പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും. അപ്പോഴും സർക്കാരിന് തന്നെയാണ് നികുതി കിട്ടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നികുതി ഭീകരത കാരണം പല സ്റ്റാർട്ട് അപ്പുകളും പ്രതിസന്ധികൾ നേരിടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ ലിസ്റ്റ് ആയ Fortune 500 ൽ, 2000 ത്തിൽ ചൈനയിൽ നിന്ന് 19 കമ്പനികൾ ഉണ്ടായിരുന്നപ്പോൾ ഇന്ത്യയിൽ നിന്ന് ഉണ്ടായിരുന്നത് 7 കമ്പനികൾ ആയിരുന്നു. 2023 ലെ Fortune 500 ലിസ്റ്റ് നോക്കിയാൽ ചൈനയിൽ നിന്നുള്ള കമ്പനികളുടെ എണ്ണം 135 ആയി, ഇന്ത്യ ഇപ്പോഴും 7 ൽ തന്നെ നിൽക്കുന്നു..!
ഒരു ലോകോത്തര കമ്പനിയുടെ CFO യെ ഉദ്ധരിച്ച് ടാക്സ് കേസുകൾ കൈകാര്യം ചെയ്യുന്ന സുപ്രീം കോടതിയിലെ മുതിർന്ന അഡ്വക്കേറ്റ് പറഞ്ഞത് ‘ആ വിദേശ കമ്പനിയുടെ ആകെ ബിസിനസിന്റെ 1.9% മാത്രമെ ഇന്ത്യയിൽ ഉള്ളൂ. അതേസമയം കമ്പനിയുടെ ടാക്സ് സംബന്ധമായ കേസുകളിൽ 94% ഉം ഇന്ത്യയിൽ ആണത്രെ..! പല കമ്പനികളും ഇന്ത്യയിൽ നിന്ന് ദുബായ് പോലുള്ള നഗരങ്ങളിലേക്ക് മാറുന്നു എന്നതും, ഓരോ വർഷം കഴിയും തോറും ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു എന്നതും ആശങ്കാജനകം ആണ്.
ഇന്ത്യയുടെ GDP വളർച്ചയിൽ അടുത്തിടെ ഉണ്ടായിരിക്കുന്ന കുറവ് വളരെ വലുതാണ്. ഈ സാമ്പത്തീക വർഷത്തിലെ ആദ്യ പാദത്തിൽ 6.7% ആയിരുന്നു സാമ്പത്തീക വളർച്ച എങ്കിൽ രണ്ടാം പാദത്തിൽ അത് 5.4% എന്ന രീതിയിൽ കൂപ്പുകുത്തി. 2047 ൽ വികസിത രാജ്യം ആകണം എങ്കിൽ ഇന്ത്യ ഓരോ വർഷവും 11% എങ്കിലും സാമ്പത്തീക വളർച്ച കൈവരിക്കേണ്ടതുണ്ട്. അവിടെയാണ് നമ്മൾ 6-7% ത്തിൽ നിൽക്കുന്നത്..!
ഇന്ത്യയിലെ നികുതി ഭീകരതയെ കുറിച്ച് വലിയ രീതിയിൽ ചർച്ചകൾ നടക്കുന്നതും, ജിഡിപി വളർച്ച താഴോട്ട് പോയതും, വിലക്കയറ്റവും ഒക്കെ ഇത്തവണത്തെ ബജറ്റിനെ സ്വാധീനിക്കും എന്നാണ് കരുതുന്നത്.
സാമ്പത്തീക വളർച്ച കൂട്ടാൻ നികുതി ഭാരം കുറച്ച് ജനങ്ങളുടെ കയ്യിൽ കൂടുതൽ പണം എത്തിച്ച് അതുവഴി ഡിമാൻഡ് വർധിപ്പിക്കാനും, തൊഴിലുകൾ സൃഷ്ടിക്കാനും ധനമന്ത്രി ശ്രമിക്കും എന്ന് കരുതുന്നു. അതല്ലാതെ, വീണ്ടും സോഷ്യലിസ്റ്റ് സാമ്പത്തീക നയം പിന്തുടർന്ന്, നികുതി കൂട്ടുകയോ, ഇപ്പോൾ ഉള്ളത് നിലനിർത്തുകയോ ചെയ്യുകയും, കൂടുതൽ സൗജന്യ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്താൽ അത് ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ നട്ടെല്ല് ഒടിക്കും. 2047 ലെ വികസിത ഇന്ത്യ എന്നത് വെറും സ്വപ്നം മാത്രമായി അവശേഷിക്കും.
നികുതി പിരിവിനെ കുറിച് ചാണക്യൻ തന്റെ അർത്ഥശാസ്ത്രം എന്ന ബുക്കിൽ പറയുന്നത് ‘ നികുതി ചുമത്തൽ ജനങ്ങൾക്ക് വേദനാജനകമായ ഒരു പ്രക്രിയയാകരുത്. സർക്കാർ ഒരു തേനീച്ചയെപ്പോലെ നികുതി പിരിക്കണം. തേനീച്ച ഒരു പൂവിൽ നിന്ന് ശരിയായ അളവിൽ തേൻ എടുക്കുന്നു, അങ്ങനെ രണ്ടും നിലനിൽക്കും’.
15 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് ഇൻകം ടാക്സ് ഒഴിവാക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നു എന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസി ആയ ‘റോയിട്ടേഴ്‌സ്’ റിപ്പോർട്ട് ചെയ്യുന്നു. അത് യാഥാർഥ്യം ആകുക ആണെങ്കിൽ അതൊരു വലിയ മാറ്റം തന്നെ ആകും. എന്തായാലും ഫെബ്രുവരി 1 ലെ ബജറ്റ് പ്രസംഗം കേൾക്കാൻ ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുന്നു..