ലൈംഗിക പീഡനത്തിന് വധശിക്ഷയുമായി മധ്യപ്രദേശ്
ഭോപ്പാല്‍: സംസ്ഥാനത്തു സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതു തടയാന്‍ നിയമങ്ങള്‍ കടുപ്പിച്ച് മധ്യപ്രദേശ്. പന്ത്രണ്ടു വയസ്സുവരെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷക്ക് അനുമതി നല്‍കാന്‍ മധ്യപ്രദേശ് മന്ത്രിസഭയുടെ തീരുമാനം. കുട്ടമാനഭംഗക്കേസുകളിലെ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന പ്രമേയവും മന്ത്രിസഭ പാസ്സാക്കി. മാനഭംഗക്കേസുകളിലെ പ്രതികള്‍ക്കു ശിക്ഷയും പിഴയും വര്‍ധിപ്പിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ശിക്ഷാനടപടികള്‍ കൂടുതല്‍ കര്‍ശനമാകുന്നതോടെ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമത്തിന് കുറവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദന്‍ സിങ് പറഞ്ഞു.