തുണിയുരിയുന്ന ആചാരങ്ങൾ.
അയ്യപ്പഭക്തരുടെ മനസുകളിലെ പവിത്രമായ 18 പടികളിലിരുന്നു പോലീസുകാർ ഫോട്ടോ എടുത്തത് വിവാദമായി പടർന്നിരിക്കുന്നു. ഭാഗവാനു പുറം തിരിഞ്ഞു പുറത്തു പോകാത്ത ഭക്തന്റെ ഹൃദയത്തിൽ ഇത് ആചാരലംഘനമാണ്, വിശ്വാസ ലംഘനമാണ്. അങ്ങനെ അയ്യപ്പ ഭക്ത രാശിയിൽ നീചഭാവം പകർന്നു വന്നിരിക്കുന്നു. വീണ്ടും വിശ്വാസവും ആചാരവും ചർച്ചക്ക് വഴിയൊരുക്കുന്നു. കെടുത്താൻ ഊതുമ്പോൾ ആളിക്കത്തുന്നതാണ് വിശ്വാസം.
ക്ഷേത്രങ്ങളിൽ നിന്നു ഭക്തൻ പുറം തിരിഞ്ഞു പുറത്തിറങ്ങാൻ പാടില്ലെന്നാണ് വിശ്വാസം ഇതേ ആരാധനാലയങ്ങളിൽ മറ്റു പലവിധ ആചാരങ്ങളും അനാചാരങ്ങളും നിലനിൽക്കുന്നതായി കാണാം. പ്രധാനപ്പെട്ട ഒരു അനാചാരം, ഷർട്ടും ബനിയനും ധരിച്ചു ക്ഷേത്ര ദർശനം പാടില്ലെന്നതാണ്. ഇത് സംബന്ധിച്ച് ക്ഷേത്ര കവാടത്തിൽ മുന്നറിയിപ്പ് എഴുതി പ്രദർശിപ്പിച്ചിരിക്കും. ഷർട്ടും ബനിയനും ഉരിമാറ്റി അർദ്ധ നഗ്നനായി അമ്പലത്തിൽ കയറി ദർശനം നടത്താം. ചിലയിടങ്ങളിൽ പാന്റ്സും പാടില്ലെന്നുണ്ട്. ക്ഷേത്ര ഭാഗങ്ങളിൽ തൊടാൻ പാടില്ലെന്നു ശഠിക്കുന്നവരും കുറവല്ല. ഇതേ ഭക്തന്റെ കൈകൾ കൊണ്ട് തൊടുന്ന പണം വഞ്ചിയിലിടാൻ അനുവാദമുണ്ട്. അനേകമനേകം വഴിപാടുകൾക്ക് ഈ നീച ഭക്തന്റെ കൈ കൊണ്ട് പണം കൊടുക്കാം.
കേരളത്തിനു പുറത്തു മിക്കയിടത്തും ഇതേ ദൈവങ്ങൾക്ക് മുമ്പിൽ ഷർട്ടും ബനിയനും പാന്റ്സും ധരിച്ചു ദർശനം നടത്താം. ഭക്തരുടെ വേഷത്തിന്റെ പേരിൽ ദൈവം പിണങ്ങിയതായി അറിയില്ല. ആ ദൈവങ്ങൾ കേരളത്തിൽ എത്തുമ്പോൾ എങ്ങനെ വസ്ത്രവിരോധികളായി മാറുന്നു എന്നത് വിചിത്രം തന്നെയാണ്.
ആരാധനാലയങ്ങളിൽ നിന്നു പല അനാചാരങ്ങളും മാറിയെങ്കിലും ഇന്നും പലവിധ ദുരാചാരങ്ങളും നിറഞ്ഞുനിന്നാടി തിമിർക്കുന്നു. ഷർട്ടും ബനിയനും എങ്ങനെ ദൈവത്തിന് ഹിതകരമല്ലാത്തതായി? പ്രബുദ്ധമെന്നു മേനി നടിക്കുന്ന കേരളത്തിൽ എന്തിനാണ് ഭക്തനെ വസ്ത്രാക്ഷേപം നടത്തുന്നത്.യാത്രക്ക് ഇടയിൽ അഥവാ തിരക്കിനിടയിൽ ദൈവത്തെ കണ്ടു പ്രാർത്ഥിക്കാം എന്ന് കരുതുന്നവർ ഈ വസ്ത്രാ ക്ഷേപത്തിന്റെ നീചത്വം ഓർത്തു വഴിയിൽ നിന്നു നോക്കി ദൈവത്തെ വണങ്ങി മന്ത്രങ്ങളും ജപിച്ചു മടങ്ങുന്നതും പതിവാണ്. എവിടെയിരുന്നും ദൈവത്തെ പ്രാർത്ഥിക്കാൻ ഭക്തനു സാധിക്കും. അതായത് ദുരാചാരം ഭക്തനെ ആരാധനാലയത്തിൽ നിന്ന് അകറ്റുന്നു എന്നതാണ് വാസ്തവം. ഒരു വേള പല ക്ഷേത്രങ്ങളിലും ഭക്തർ എത്താത്തതും തിരി കൊളുത്താൻ എണ്ണയ്ക്ക് പോലും പണം ലഭിക്കാത്തതും ഈ ദുഷിച്ച പ്രവണതകൾ മൂലമാകാം. പുതിയ തലമുറ ആരാധനാലയങ്ങളിൽ നിന്ന് അകന്നു പോകുന്നതിന്റെ ഒരു പ്രധാന കാരണം ഇത്തരം ദുരചാരം തന്നെയാണ്. മാത്രവുമല്ല മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ ക്ഷേത്രങ്ങൾ വട്ടപ്പൂ ജ്യമാണു താനും.
ഒരു ഭക്തനുപോലും പ്രയോജനം ചെയ്യാത്ത ആർഭാട പൂർണമായ ഉത്സവ പരിപാടികളെപ്പറ്റിയും നടത്തിപ്പുകാർ നല്ലവിധം ചിന്തിക്കേണ്ടതാണ്. ഓരോ ആരാധനാലയത്തിനും ബന്ധപ്പെട്ട, ഒഴിച്ചുകൂടാനാവാത്ത ചില ചടങ്ങുകളും ആഘോ ഷങ്ങളും മറ്റും ഉണ്ടാകും. എന്നാൽ ‘ പത്തു ദിവസത്തെ ഉത്സവം പൂർവാധികം ഭംഗിയായി ആഘോഷിക്കുന്നു ‘ എന്നതിലെ ധൂർത്ത് മാറ്റി നിർത്തി അടുത്തുള്ള ഒരു ആൾക്കെങ്കിലും ആശ്വാസവും സഹായവും നൽകാൻ സാധിക്കുമോ എന്ന് ചിന്തിക്കാൻ നമുക്ക് കഴിയണം. ഇത്തരം പരസഹായം ദൈവകോപത്തിന് ഇടയാക്കുമെന്ന് ഭയക്കുകയും വേണ്ട. ഒരു ദിവസം മുതൽ 10 ദിവസം വരെ ആഘോഷിക്കുന്ന ഉത്സവങ്ങളുടെ പേരിൽ ‘ പൊ ടിക്കുന്ന ‘ പണം എത്രയാണ്. ചടങ്ങുകൾക്കുപരി നടത്തുന്ന ഈ ധൂർത്തുകൾ ക്ഷേത്രത്തിനും വിശ്വാസിക്കും എന്ത് നേട്ടമാണ് നൽകുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ആരാധനാലയങ്ങളുടെ നടത്തിപ്പ് രീതികൾ കാലാനുസൃതമായി പരിഷ്കാരിക്കാൻ അധികാരികൾ തയ്യാറാകണം. തൊട്ടുകൂടായ്മയുടെ കാണാച്ചരടുകളും അനാചാരങ്ങളും പുതിയ തലമുറയെ ആനന്ദിപ്പിക്കുന്നതല്ല. ആരാധനാലയങ്ങളിൽ തെളിഞ്ഞു കത്തേണ്ടത് ആശ്വാസത്തി ന്റെയും സാന്ത്വനത്തിന്റെയും തിരിനാളമാകണം. ദുരാ ചാരങ്ങളുടെ കരിന്തിരിയിൽ നിന്ന് ഉയരുന്ന പുക ശ്വാസം മുട്ടിക്കുകയേ ഉള്ളൂ. സമൂഹവുമായി ഇഴുകി ചേരാനും സമൂഹത്തെ സഹായിക്കാനും സാധിക്കുന്നില്ലെങ്കിൽ ആരാധനാലയങ്ങൾ ഒറ്റപ്പെട്ടുപോയേക്കാം. – വെട്ടിപ്പുറം മുരളി