കൂടുതല്‍ സ്വത്തുക്കള്‍ക്ക് അവകാശവാദമുന്നയിച്ച് വഖഫ് ബോര്‍ഡ്. ചാവക്കാട് 37 കുടുംബങ്ങൾക്ക് നോട്ടീസ്.
വഖഫ് ഭൂമി തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് തൃശൂർ ജില്ലയിലെ ചാവക്കാട് 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകി. ചാവക്കാട്, ഗുരുവായൂർ, ഒരുമനയൂർ താലൂക്കുകളിലെ 10 ഏക്കർ സ്ഥലത്തെ സ്വത്തുക്കളുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. 50 വർഷത്തിലേറെയായി ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങൾ വീടു വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി സമരരംഗത്തേക്കിറങ്ങുകയാണ്. ഈ കുടുംബങ്ങളെ സംരക്ഷിക്കുമെന്ന് ബി.ജെ.പി. വ്യക്തമാക്കി. കോട്ടമ്മൽ ബാലകൃഷ്ണൻ, നീലങ്കാവിൽ ഫ്രാൻസിസ്, മരക്കാർ ഇബ്രാഹിം, ചെട്ടിക്കുളം രാമു, മൂത്തടത്ത് ബാഹുലയൻ എന്നിവർ തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് നിവേദനം നൽകും.
എറണാകുളം മുനമ്പത്തെ 600 ഓളം കുടുംബങ്ങളുടെ ഭൂമിയിൽ അവകാശവാദമുന്നയിച്ച ശേഷം, വഖഫ് ഇപ്പോൾ കണ്ണൂരിലെ തളിപ്പറമ്പ് നഗരത്തിൻ്റെ മധ്യഭാഗത്ത് 600 ഏക്കർ വഖഫ് സ്വത്താണെെന്ന് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കൂടാതെ വയനാട്, ചാവക്കാട് തുടങ്ങി കേരളത്തിലെ പല പ്രദേശങ്ങളിലും വഖഫ് ബോർഡ് ഭൂമിയുടെ അവകാശവാദം ഉന്നയിച്ച് ദിനംപ്രതിയെന്നോണം രംഗത്തു വരുകയാണ്. ഇത് ഇക്കഴിഞ്ഞ സംസ്ഥാന ഉപതെരഞ്ഞെടുപ്പില്‍ സുപ്രധാന പ്രചാരണ വിഷയമായി ഉയർന്നുവന്നിരുന്നുവെങ്കിലും പതിറ്റാണ്ടുകളായി സ്വത്ത് കൈവശം വച്ച് അനുഭവിച്ചു വരുന്നവരെ കുടിയൊഴിപ്പിക്കില്ല എന്ന് വായ്ത്താരി പറയുന്നതല്ലാതെ വ്യക്തമായ ഒരു നടപടിയിലേക്ക് ഇടതു വലതു മുന്നണികള്‍ കടക്കുവാന്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യം പരമാവധി മുതലെടുക്കുകയാണ് ബിജെപി.
ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖറും ഷോൺ ജോർജും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന് മുനമ്പം ഭൂമി കേസിൻ്റെ അടിസ്ഥാനത്തില്‍ നിവേദനം കൈമാറി. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ, വഖഫ് ഭൂമി പ്രശ്നത്തില്‍പ്പെടുന്നവർക്ക് “പൂർണ്ണ നീതി” ഉറപ്പാക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. അതേസമയം സിപിഐ (എം) നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ അവരുടെ സ്വത്തിൽ നിന്ന് ആരെയും മാറ്റിപ്പാർപ്പിക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും വോട്ടു രാഷ്ട്രീയം മുന്നില്‍ കണ്ട് വ്യക്തമായ തീരുമാനത്തിലെത്താതെ സമയം തള്ളി നീക്കുവാനുള്ള ശ്രമത്തിലാണ്.
നിലവിലെ വഖഫ് നിയമത്തിലെ നിർണായക വകുപ്പുകളിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന കേന്ദ്രത്തിൻ്റെ വഖഫ് (ഭേദഗതി) ബില്ലിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കുന്നതിനായി കോൺഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫും സി പി ഐ (എം) നേതൃത്വത്തിലുള്ള എൽ ഡി എഫും കേരള നിയമസഭയിൽ ഒന്നിച്ചു നിന്നത് മുസ്ലീം ഇതര ന്യൂനപക്ഷങ്ങളില്‍ ശക്തമായ എതിര്‍പ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. തലമുറകളായി ക്രിസ്ത്യൻ കുടുംബങ്ങൾ കൈവശം വച്ചിരിക്കുന്ന ചെറായിയിലും മുനമ്പത്തും വഖഫ് ബോർഡ് അനധികൃതമായി അവകാശം ഉന്നയിക്കുന്നുവെന്ന് ആരോപിച്ച് സഭ ബില്ലിനെ ശക്തമായി എതിർത്തു രംഗത്തു വന്നുകഴിഞ്ഞു.
കേരളത്തില്‍ മാത്രമല്ല കര്‍ണാടത്തിലും വഖഫ് ബോര്‍ഡിന്‍റെ ഭൂമി അവകാശവാദം ഗുരുതര പ്രശ്നമായി മാറിയിരിക്കുകയാണ്. കൊപ്പളിലെ പ്രാദേശിക വീരശൈവ ലിംഗായത്ത് സമുദായത്തിൻ്റെ അധീനതയിലുള്ള ഹാളക്കേരി ശ്രീ അന്നദാനേശ്വര ശാഖാ മഠത്തിൻ്റെ സ്വത്ത് വഖഫ് സ്വത്തായി രേഖപ്പെടുത്തിയിരിക്കുന്നത് ബോർഡിൻ്റെ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് വീരശൈവ ലിംഗായത്ത് നേതാക്കൾ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസപരവും സാമൂഹികവുമായ സംഭാവനകൾക്ക് പേരുകേട്ട അന്നദാനേശ്വര് മഠത്തിന് 35 ഗുണ്ടകൾ ഭൂമിയുണ്ട്. സമുദായം പറയുന്നതനുസരിച്ച്, ഈ ഭൂമിയിലെ 18 ഗുണ്ടകൾ ഒരു ദർഗയുടെയും ശ്മശാനത്തിൻ്റെയും ഉടമസ്ഥതയിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്, ശേഷിക്കുന്ന ഭാഗം ചരിത്രപരമായി മഠത്തിനും അതിൻ്റെ സ്കൂളിനുമായി നല്‍കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, 2021 ജനുവരി 29 മുതൽ, സർവേ നമ്പർ 17-ൻ്റെ പട്ടയം ഔദ്യോഗികമായി വഖഫ് ബോർഡിൻ്റെ കീഴിൽ ആണെന്ന് രേഖപ്പെടുത്തി വഖഫ് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്.
വ്യാഴാഴ്‌ച ശ്രീ അന്നദാനേശ്വര ശാഖാ മഠത്തിൽ ഒത്തു കൂടിയ സമുദായ നേതാക്കൾ, നൂറ്റാണ്ടുകളായി പ്രാദേശിക സമൂഹത്തിൻ്റെ പ്രധാന ഭാഗമായിരുന്ന മഠം വക സ്വത്ത് ഇപ്പോൾ വഖഫ് സ്വത്ത് ആയി രജിസ്‌ട്രേഷനില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അന്യായമാണെന്നും മഠത്തിൻ്റെ ദീർഘകാല ചരിത്രത്തിനും പാരമ്പര്യത്തിനും ഭീഷണിയാണെന്നും നേതാക്കൾ അവകാശപ്പെടുന്നു.
വഖഫ് ബോർഡിൻ്റെ പേര് പട്ടയത്തിൽ നിന്ന് ഒഴിവാക്കി രേഖകള്‍ തിരുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടാൽ ഭാവിയിൽ കടുത്ത സമരത്തിന് വഴിയൊരുക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
ഗ്രാമം പ്രസിഡൻ്റ് രുദ്രഗൗഡ ഗൗഡപ്പവര, ബസവരാജ ഹല്ലൂർ, മഹന്തേഷ് അഗസിമുണ്ടിന, തുടങ്ങിയ വീരശൈവ പഞ്ചമസാലി സമുദായത്തിലെ പ്രമുഖർ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ ആശങ്കകൾ അറിയിച്ചു. സമൂഹത്തിൽ മഠത്തിൻ്റെ പ്രധാന പങ്കും സ്വാതന്ത്ര്യത്തിന് മുമ്പുള്ള അതിൻ്റെ സമ്പന്നമായ ചരിത്രവും അവർ ഊന്നിപ്പറഞ്ഞു.
പ്രദേശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഐക്യം എല്ലായ്‌പ്പോഴും ശക്തമായിരുന്നുവെങ്കിലും വഖഫ് അവകാശവാദത്തെച്ചൊല്ലിയുള്ള ഇപ്പോഴത്തെ പ്രശ്‌നം അനാവശ്യ സംഘർഷങ്ങൾ സൃഷ്‌ടിക്കുകയാണെന്നും നേതാക്കൾ ഊന്നിപ്പറഞ്ഞു. അന്നദാനേശ്വര് മഠത്തിൻ്റെ ഭൂമിയുടെ പൈതൃകവും ശരിയായ ഉടമസ്ഥാവകാശവും സംരക്ഷിക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.