‘സെക്രട്ടറിയേറ്റിലെ പീഢനം’ കണ്ടില്ലന്നു നടിക്കാനാവുമോ…???
ജനാധിപത്യത്തിന്‍റെ ശ്രീകോവിലെന്നറിയപ്പെടുന്ന അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റില്‍ വച്ച് അതിക്രമത്തിനിരയായി എന്ന നടിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെങ്കില്‍ പരാതി എഴുതി കൊടുക്കേണ്ടി വരുമോ ?. സര്‍ക്കാരിന് കൈയ്യും കെട്ടി ഇരിക്കാനാവില്ല എന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണത്തിനു സാധ്യതയാണുള്ളത്.
സിനിമാ ചിത്രീകരണത്തിന് സെക്രട്ടേറിയറ്റിൽ അനുമതി നൽകാറുണ്ട്. വർഷങ്ങൾക്കുമുൻപ് ചിത്രീകരണത്തിനിടെ ഇടനാഴിയിൽവെച്ച് യുവനടൻ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് കഴിഞ്ഞദിവസം ഒരു നടി മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയത്. ഭരണ സിരാകേന്ദ്രത്തില്‍ പോലും സ്ത്രീകള്‍ക്ക് ഭയം കൂടാതെ നടക്കുവാന്‍ കഴിയില്ലേ എന്ന ചോദ്യം പ്രശ്നത്തിന് പുതിയ മാനം നല്‍കുന്നു. നടി പരാതിയുമായി ആരോപണത്തിൽ ഉറച്ചുനിന്നില്ലെങ്കിൽ പോലും മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ കനത്ത സുരക്ഷാ സംവിധാനമുള്ളസെക്രട്ടറിയേറ്റില്‍ ഉണ്ടായെന്നു പറയപ്പെടുന്ന ലൈംഗികാതിക്രമ ആരോപണം തള്ളിക്കളയുവാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. നടിയുടെ പരാതി കിട്ടിയില്ലെങ്കിലും പോലീസിന് അന്വേഷിക്കാതിരിക്കാനും ആവില്ല. കന്റോൺമെന്റ് പോലീസ് സ്‌റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും.
സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്കുപോലും കടുത്ത നിയന്ത്രണമാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണം ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് തുടങ്ങിയത്. സംഭവം നടക്കുമ്പോൾ നിയന്ത്രണം അത്ര ശക്തമാക്കിയിരുന്നില്ലെങ്കിലും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെന്നത് ഗൗരവമുള്ളതാണ്. ഇനിമുതൽ സിനിമ, സീരിയൽ സംബന്ധമായ ആവശ്യങ്ങൾക്ക് സെക്രട്ടേറിയറ്റും പരിസരവുമൊക്കെ വിട്ടുനൽകുന്നതിൽ കടുപ്പമേറിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തേണ്ടിയും വരും.