തന്നെ അറസ്റ്റ് ചെയ്യുവാന്‍ ഇഡി റെയ്ഡുകൾ ആസൂത്രണം ചെയ്യുന്നു – രാഹുൽ ഗാന്ധി

Print Friendly, PDF & Email

“എന്നെ ചോദ്യം ചെയ്യുവാനും തുടര്‍ന്ന് അറസ്റ്റ് ചെയ്യുവാനും ചിലര്‍ തയ്യാറെടുക്കുകയാണെന്ന് രാഹുല്‍ഗാന്ധി”എന്‍റെ പ്രസംഗങ്ങള്‍ ചിലര്‍ക്കൊന്നും ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ എന്നെ കുടുക്കാന്‍ ചിലര്‍ റെയിഡുകള്‍ ആസൂത്രണം ചെയ്യുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നുള്ള ചിലര്‍ എന്നോട് പറഞ്ഞു. അവരുടെ ചായയും ബിസ്‌കറ്റും കഴിക്കുവാന്‍ ഞാന്‍ കൈയും നീട്ടി കാത്തിരിക്കുന്നു” രാഹുല്‍ഗാന്ധി വെള്ളിയാഴ്ച X ല്‍ കുറിച്ചു. ഇതോടെ പ്രതിപക്ഷത്തെ ഒതുക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ കരുവാക്കുവാണെന്ന ചര്‍ച്ച രാജ്യത്ത് വീണ്ടും സജീവമായിരിക്കുകയാണ്.

ഇതേതുടര്‍ന്ന് “ഇഡി, സിബിഐ, ആദായനികുതി തുടങ്ങിയ ഏജൻസികളെ രാഷ്ട്രീയ പീഡനത്തിനായി ബിജെപി സർക്കാർ ദുരുപയോഗം ചെയ്യുന്നു” എന്ന വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് ലോകസഭയില്‍ കോൺഗ്രസ് എംപി മാണിക്കം ടാഗോർ സമർപ്പിച്ചു.”ഇഡി, സിബിഐ, ആദായനികുതി തുടങ്ങിയ ഏജൻസികളെ രാഷ്ട്രീയ പീഡനത്തിനായി ബിജെപി സർക്കാർ ദുരുപയോഗം ചെയ്യുന്നതിനെ പ്രതിപക്ഷം അപലപിക്കുന്നു. അവരുടെ എണ്ണം 303-ൽ നിന്ന് 240 ആയി കുറഞ്ഞിട്ടും ടിഡിപിയുമായും ജെഡിയുമായും സഖ്യമുണ്ടാക്കിയിട്ടും സർക്കാർ ഈ ഏജൻസികളെ വിന്യസിക്കുന്നത് തുടരുകയാണ്. പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തുകയും അനുസരിക്കാൻ നിർബന്ധിക്കുകയും ചെയ്യുക, ഇത് ഭരണകൂട അധികാരത്തിൻ്റെ ദുരുപയോഗം അംഗീകരിക്കാനാവില്ല, ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രവരര്‍ത്തനങ്ങളെ ഭീഷണിപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന് നോട്ടീസില്‍ പറയുന്നു.

ഗാന്ധി പറഞ്ഞത് ശരിയാണെന്നും അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും നാഗൗർ എംപിയുമായ ഹനുമാൻ രാംദേവ് ബെനിവാൾ പറഞ്ഞു. “രണ്ട് മുഖ്യമന്ത്രിമാർ ജയിലിലായിരുന്നു, തങ്ങൾക്കെതിരെ സംസാരിക്കുന്ന ഏതൊരു വ്യക്തിയെയും അവർ അടച്ചുപൂട്ടാൻ ശ്രമിക്കുമെന്ന് നന്നായി അറിയാം. ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്താൻ അവർക്ക് (ED) റെയ്ഡ് നടത്താം അല്ലെങ്കിൽ സിബിഐയെ അയയ്ക്കാം. പ്രതിപക്ഷം ഇത്തവണ ശക്തമായ നിലയിലാണ്, അതിനാൽ അവർ രാഹുൽ ഗാന്ധിക്കെതിരെ നീങ്ങുമെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ അവർ അങ്ങനെ ചെയ്താൽ അതിൻ്റെ അനന്തരഫലങ്ങൾ നല്ലതല്ല, ”അദ്ദേഹം പറഞ്ഞു.

സർക്കാരിൻ്റെയും ഇഡിയുടെയും പ്രവണത ജനങ്ങളെ ഭയപ്പെടുത്തുന്നതാണെന്നും എന്നാൽ ഗാന്ധിജിക്ക് തന്നിൽ ഭയത്തിൻ്റെ ഒരു കണിക പോലും ഇല്ലെന്നും സ്വതന്ത്ര എംപി പപ്പു യാദവ് പറഞ്ഞു. പാർലമെൻ്റിനുള്ളിൽ ഗവൺമെൻ്റിനെ തുറന്നുകാട്ടിയതുകൊണ്ടാകാം ഗാന്ധിക്കെതിരെ ഇഡിയെയും സിബിഐയെയും കയറ്റാനുള്ള സർക്കാരിൻ്റെ ഉദ്ദേശ്യമെന്ന് എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ ശബ്ദം അടിച്ചമർത്താനും സർക്കാരുകളെ താഴെയിറക്കാനുമുള്ള ഏജൻസികളായാണ് ഇഡിയും സിബിഐയും പ്രവർത്തിക്കുന്നത്. കാലം മാറിയെന്ന് ”സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാർ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തു വന്നു. രാഹുല്‍ ഗാന്ധി അത്തരം തന്ത്രങ്ങളിൽ ഭയപ്പെടുന്ന ആളല്ലെന്ന് അവര്‍ പറഞ്ഞു. നിരവധി കോൺഗ്രസ്, പ്രതിപക്ഷ നേതാക്കൾ ഗാന്ധിക്ക് പിന്നിൽ അണിനിരക്കുകയും സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ചു രംഗത്തു വന്നിരിക്കുകയാണ്.

ഗാന്ധിയുടെ അവകാശവാദത്തോട് പ്രതികരിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ രംഗത്തുവന്നു. തൻ്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ആളുകൾ ചോദ്യങ്ങൾ ചോദിക്കുന്നു, അതിനാൽ, ഒരു പുതിയ ആഖ്യാനം സൃഷ്ടിക്കാൻ മുൻ കോൺഗ്രസ് മേധാവി ശ്രമിക്കുകയാകാമെന്ന് അദ്ദേഹം പറഞ്ഞു.