എനിക്ക് സ്വാതന്ത്ര്യം വേണ-ഹാദിയ, പഠനം തുടർന്നാൽ മതി- സുപ്രിം കോടതി

Print Friendly, PDF & Email

ന്യൂഡല്‍ഹി: തനിക്കു സ്വാതന്ത്ര്യം വേണമെന്നും സ്വന്തം മതവിശ്വാസം അനുസരിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഹാദിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് തുറന്ന കോടതിയില്‍ ഹാദിയ കോടതിയുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്.

തനിക്കു മനുഷ്യനെന്ന പരിഗണന ലഭിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടു. തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം. മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് വീടുവിട്ടതെന്ന് ഹാദിയ കോടതിയില്‍ വ്യക്തമാക്കി. പഠനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സഹായം വേണ്ട, പഠന ചെലവ് ഭര്‍ത്താവ് വഹിക്കുമെന്ന് ഹാദിയ പറഞ്ഞു. ഹാദിയയുടെ മൊഴി രേഖപ്പെടുത്തിയ കോടതി കേസ് നാളത്തേക്കു മാറ്റി.

ഹാദിയയ്ക്കു പറയാനുള്ളത് അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രിം കോടതി തള്ളി. കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് അടച്ചിട്ട കോടതി മുറിയില്‍ മകള്‍ക്കു പറയാനുള്ളതു കേള്‍ക്കണമെന്നാണ് അശോകന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഹാദിയയുടെ പിതാവ് അശോകന്‍, ഷെഫിന്‍ ജഹാന്‍ എന്നിവരുടെ വാദങ്ങള്‍ കേട്ട ശേഷമാണ് ഹാദിയയെ അടച്ചിട്ട മുറിയില്‍ കേള്‍ക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചത്. ഹാദിയയുടെ വാദം കേള്‍ക്കുന്നതു നാളത്തേക്കു മാറ്റാമെന്ന് ഒരു ഘട്ടത്തില്‍ കോടതി തീരുമാനിച്ചെങ്കിലും ഷെഫിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് കോടതി സമയം കഴിഞ്ഞിട്ടും വാദം തുടരുകയായിരുന്നു.

Leave a Reply