എച്ച്ഡി രേവണ്ണ അറസ്റ്റില്‍
ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച് ഡി രേവണ്ണയെ അറസ്റ്റ് ചെയ്ത് പൊലീസ്. ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎ കൂടിയായ രേവണ്ണയെ പ്രത്യേകാന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
ലൈംഗിക പീഡന പരാതി ഉന്നയിച്ച ഇരയുടെ അമ്മയെ തട്ടിക്കൊണ്ടുപോയതിനാണ് എച്ച്ഡി രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്. രേവണ്ണയുടെ മകനും ഹാസനിലെ ജെഡിഎസ് സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച കെ ആർ നഗര സ്വദേശിനിയുടെ അമ്മയെ തട്ടിക്കൊണ്ടു പോയി എന്നതാണ് കേസ്. ഹാസൻ സ്വദേശി സതീഷ് ബാബണ്ണ എന്നയാൾ ആണ് രേവണ്ണയുടെ നിർദേശ പ്രകാരം തന്‍റെ അമ്മയെ തട്ടിക്കൊണ്ട് പോയതെന്നും പരാതിയിൽ പറയുന്നുണ്ട്.
ദേവഗൗഡയുടെ പത്മനാഭനഗറിലെ വസതിയിൽ നിന്നാണ് രേവണ്ണ പൊലീസിന്‍റെ പിടിയിലാകുന്നത്. രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ ജനപ്രതിനിധികളുടെ കോടതി തള്ളിയിരുന്നു. രേവണ്ണയ്ക്കും മകൻ പ്രജ്വലിനുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ രേവണ്ണ ഒന്നാം പ്രതി ആണ്. സതീഷ് ബാബണ്ണ രണ്ടാം പ്രതിയുമാണ്.