ധാർവാഡില്‍ പ്രഹ്ലാദ് ജോഷിക്കെതിരെ വീരശൈവ ലിംഗായത്ത് സന്യാസിമാർ.

Print Friendly, PDF & Email

കർണാടകയിലെ ധാർവാഡ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയെ മണ്ഡലത്തു നിന്നു മാറ്റണമെന്ന് ഹുബ്ബള്ളിയിലെ വീരശൈവ ലിംഗായത്ത് സന്യാസിമാർ. തീരുമാനത്തിലെത്താൻ മാർച്ച് 31 വരെ അവർ കാവി പാർട്ടിക്ക് സമയപരിധി നൽകിയിട്ടുണ്ട്, ഇല്ലെങ്കിൽ അവർ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തും എന്നാണ് പ്രഖ്യാപനം.

തിരഞ്ഞെടുപ്പുകളില്‍ മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും ഏറെ പ്രമുഖ്യമുള്ള കര്‍ണാടകയിലെ പ്രമുഖ സമുദായമായ വീരശൈവ ലിംഗായത്ത് സമുദായത്തിലെ വിവിധ മഠങ്ങളിൽ നിന്നുള്ള സന്യാസിമാർ മാർച്ച് 27ന് ബുധനാഴ്ച ഹുബ്ബള്ളിയിൽ യോഗം ചേർന്ന് ജോഷിയെ മാറ്റാണമെന്ന അന്ത്യശാസനം ബിജെപിക്ക് നല്‍കിയത്. വീരശൈവ ലിംഗായത്ത് സമുദായത്തോട് കേന്ദ്രമന്ത്രി മോശമായി പെരുമാറുന്നുവെന്ന് ശ്രീഹട്ടി ഫക്കീരേശ്വര് മഠത്തിലെ ദിംഗലേശ്വർ സ്വാമി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

“ഞങ്ങൾ ബിജെപിക്കെതിരല്ല, എന്നാല്‍, പ്രഹ്ലാദ് ജോഷിയുടെ സ്വഭാവത്തിനും പ്രവർത്തനത്തിനും എതിരാണ്. ഞങ്ങൾ ബ്രാഹ്മണർക്ക് എതിരല്ല, എന്നാല്‍, ആ വ്യക്തിക്ക് എതിരാണ്. സമയം ഇനിയും വൈകിയിട്ടില്ല, സ്ഥാനാർത്ഥിയെ മാറ്റാൻ ബിജെപിക്ക് സമയമുണ്ട്. ഈ സമുദായം മാത്രമല്ല എല്ലാ സമുദായങ്ങളും അദ്ദേഹത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. അതിനാൽ ഞങ്ങൾ ഈ തീരുമാനത്തിൽ എത്തിയിരിക്കുന്നു,” ദിംഗലേശ്വർ സ്വാമി പറഞ്ഞു. വീരശൈവ ലിംഗായത്ത് സമുദായത്തിന്‍റെ സാമൂഹിക-രാഷ്ട്രീയ മതപ്രശ്‌നങ്ങൾ പരിഹരിക്കാൻ ജോഷി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി സ്ഥാനാർത്ഥിയെ മാറ്റുന്നതിനായി മാർച്ച് 31 വരെ ഞങ്ങൾ കാത്തിരിക്കും, ഇല്ലെങ്കിൽ ഏപ്രിൽ 2 ന് ഞങ്ങൾ തീരുമാനമെടുക്കും,” ദിംഗലേശ്വർ സ്വാമി പറഞ്ഞു.

വീരശൈവ ലിംഗായത്ത് വിഭാഗത്തിന്‍റെ തെറ്റിദ്ധാരണ നീക്കാൻ നേതാക്കളുമായി സംസാരിക്കുമെന്ന് ജോഷി പറഞ്ഞു “എനിക്ക് സന്യാസിമാരോട് ബഹുമാനമുണ്ട്. അത് ദിംഗലേശ്വർ ആയാലും അദ്ദേഹത്തിൻ്റെ ഗുരുവായാലും എനിക്ക് അവരെ കഴിഞ്ഞ 30 വർഷമായി അറിയാം. എന്ത് തെറ്റിദ്ധാരണയുണ്ടെങ്കിലും ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ച് ശരിയാക്കും, ”പ്രഹ്ലാദ് ജോഷി പറഞ്ഞു.

തെറ്റിദ്ധാരണയാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്ന മുൻ മുഖ്യമന്ത്രിയും പാർട്ടി മുതിർന്ന നേതാവുമായ ബിഎസ് യെദ്യൂരപ്പ പറഞ്ഞു. “എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്ന നേതാവാണ് പ്രഹ്ലാദ് ജോഷി, അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ഉയർന്ന സ്ഥാനം നൽകിയത്. സന്യാസിമാരുമായി നേരിട്ട് സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ഇത്തവണയും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമാനമായ എതിർപ്പ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കർണാടകയിലെ ബിജെപിക്ക് നേരിടേണ്ടിവന്നു, തങ്ങളുടെ സമുദായത്തിലെ നേതാക്കളെ ബിജെപി മാറ്റിനിർത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ലിംഗായത്തുകള്‍ ബിജെപിക്കെതിരെ തിരിഞ്ഞത്. ഒടുവിൽ ബി.ജെ.പിയിലെ ഉന്നതരായ ലിംഗായത്ത് നേതാക്കളായ ലക്ഷ്മൺ സവാദി, ജഗദീഷ് ഷെട്ടാർ എന്നിവര്‍ ബിജെപി വിട്ട് കോൺഗ്രസില്‍ ചേര്‍ന്നു. ബിജെപിയുടെ തോല്‍വിക്ക് ഇതും കാരണമായി എന്നു കണ്ടെത്തിയ ബിജെപി ജഗദീഷ് ഷെട്ടാർ അടക്കമുള്ള നേതാക്കളെ തിരികെ പാര്‍ട്ടിയിലെത്തിക്കുകയും അതുവഴി ലിംഗായത്ത് വോട്ടുകൾ തിരികെ വിഭജിക്കാതെ നോക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ എതിര്‍പ്പ്.

ധാർവാഡിൽ ജോഷിക്കെതിരെ കുറുബ സമുദായ നേതാവ് വിനോദ് അസൂട്ടിയെയാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി. വീരശൈവ ലിംഗായത്ത് നേതാക്കൾ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചാൽ അത് ത്രികോണ മത്സരത്തിന് വഴിയൊരുക്കും. ഇത് ജോഷിയിൽ നിന്നുള്ള ലിംഗായത്ത് വോട്ടുകളുടെ വിഭജനത്തിലേക്ക് നയിക്കും അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ വിജയത്തിന് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കും.

Pravasabhumi Facebook

SuperWebTricks Loading...