ഒരു കലാലയ അപാരത: വിശ്വമാനവികതയെക്കാൾ വലുതായി പാർട്ടിയെ കാണുന്ന ‘ക്ഷുദ്രജീവികൾ’ !
സിദ്ധാർഥിന്റെ അച്ഛൻ ജയപ്രകാശിന്റെ മുന്നിൽ കുമ്പിട്ട് കാൽ തൊട്ട് വന്ദിക്കുകയാണ് ഞാൻ. ഉള്ളിൽ കിനിയുന്ന നൊമ്പരം കലർന്നു രക്തത്തിൽ പടർന്ന് അദ്ദേഹത്തിന്റെ കണ്ണുകൾ ചോരച്ചിരിക്കുന്നു. ആ മുഖം കരിവാളിച്ചിരിക്കുന്നു. ഇനിയൊരിക്കലും ആ കണ്ണുകൾക്ക് പഴയ തെളിമ വരികില്ല. ഇനിയൊരിക്കലും അദ്ദേഹത്തിന് ചിരിക്കാൻ കഴിയില്ല. ഇനിയൊരിക്കലും ഷീബയോടൊരു തമാശ പറയാൻ ജയപ്രകാശിന് കഴിയില്ല.
ചാനൽ പ്രതിനിധികളും സംഘടനകളും മാറിമാറി അദ്ദേഹത്തെ കണ്ട് വിവരങ്ങൾ ശേഖരിക്കുന്നത് നിങ്ങൾ ദിവസവും കാണാറില്ലേ? എന്തു തോന്നുന്നു ആ മുഖം കണ്ടിട്ട്? ശബ്ദം കേട്ടിട്ട്? ആദ്ദേഹത്തിന്റെ സ്ഥാനത്ത് നമ്മെത്തന്നെയൊന്നു നിർത്തിയാലോ? ആ വേദന ഉൾക്കൊള്ളാൻ നമുക്ക് കഴിയില്ല. ഭാവനയിൽ പോലും അനുഭവിക്കാൻ കഴിഞ്ഞാൽ നമ്മിൽ പലരും തളർന്നു പോകും. നമ്മുടെ ഹൃദയം തകർന്നു പോകും. ആ അച്ഛന്റെയും അമ്മയുടെയും വേദനയും ആ പുത്രന്റെ പ്രാണരോദനവും നമ്മുടെ ഉറക്കം കെടുത്തുന്നു.
സത്യം പറയട്ടെ, സിദ്ധാർഥിന്റെ മരണവിവരം അറിഞ്ഞതുമുതൽ എന്റെ രാത്രികൾ കാളരാത്രികളാണ്. രക്തരക്ഷസുകളും കട വാവലുകളും എനിക്ക് ചുറ്റും പറന്നു നടക്കുന്നു. എനിക്ക് ചുറ്റും വേട്ടപ്പട്ടികളും പേപ്പട്ടികളും നിരന്നിരിക്കുന്നതായി ഞാൻ കാണുന്നു. കുറേ സിംഹങ്ങൾ ഒന്നിച്ച് ആക്രമിക്കുന്ന ഒരു പോത്തിൻകുട്ടിയെ ഞാൻ പതിവായി സ്വപ്നം കാണുന്നു. കണ്ണടഞ്ഞു പോകുന്ന ചില നേരങ്ങളിൽ ഞാനാണ് സിദ്ധാർഥൻ എന്ന് തോന്നി നിലവിളിച്ചു ചാടിയെണീക്കുന്നു, വിയർക്കുന്നു, വെള്ളം കുടിക്കുന്നു. എങ്ങും കിടക്കാനാവാതെ ഞാൻ ചുറ്റി നടക്കുന്നു. എനിക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു. ആത്മാവിൽ മനുഷ്യത്വത്തിന്റെ ഒരു തുള്ളി നനവെങ്കിലും ഉള്ളവരുടെയൊക്കെ ദുരവസ്ഥ ഇതുതന്നെ ആയിരിക്കും.
പക്ഷേ മനസാക്ഷിയുള്ള ഒരു ജനസമൂഹം മുഴുവൻ അദ്ദേഹത്തിന് മുന്നിൽ മുട്ടു കുത്തി നിന്ന് കൂപ്പുകൈ നീട്ടി മാപ്പ് ചോദിക്കുന്നു. “അച്ഛാ മാപ്പ്, അങ്ങയുടെ മകന്റെ ജീവനെടുത്ത ആ കാപാലികർക്കു വേണ്ടി ഞങ്ങൾ മാപ്പ് ചോദിക്കുന്നു. കാരണം, ഈ ദുഷ്ട വർഗ്ഗത്തെ ഇവിടെ ഊട്ടി വളർത്തിയതിൽ ഈ ജനതയ്ക്കും ഈ നാട്ടിലെ അവസ്ഥയ്ക്കും ഉത്തരവാദിത്തമുണ്ട്. ഇവർ കാണിച്ചുകൊണ്ടിരിക്കുന്ന നെറികേടുകൾക്കും ദുഷ്ടതകൾക്കുമെതിരെ ശക്തമായി പ്രതികരിക്കാനും പ്രവർത്തിക്കാനും കഴിയാതെ പോയത് ഞങ്ങളുടെ തെറ്റാണ്. ‘വേദനയിൽ പങ്കു ചേരുന്നു, സഹതപിക്കുന്നു, മാപ്പ് ചോദിക്കുന്നു ‘ എന്നീ വാക്കുകളൊന്നും നിങ്ങളുടെ നഷ്ടത്തിനും വേദനയ്ക്കും പരിഹാരമാകില്ല എന്ന് ഞങ്ങൾക്കറിയാം. എങ്കിലും പകരം തരാനും ആശ്വസിപ്പിക്കാനും ഞങ്ങളുടെ പക്കൽ ‘മാപ്പ് തരൂ ‘ എന്ന യാചനയല്ലാതെ ഒന്നുമില്ല. അച്ഛാ അമ്മേ നിങ്ങൾ കരയരുത്.”
അകാലത്തിൽ മക്കളെ നഷ്ടപ്പെടുക എന്നത് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ വേദനകളിലൊന്നാണ്. മക്കൾ കുറേ മുതിർന്നു കഴിഞ്ഞു മാതാപിതാക്കൾ മരിച്ചു പോയാൽ മക്കൾക്ക് അത് സഹിക്കാൻ കഴിഞ്ഞേക്കും .
പക്ഷേ, മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ നല്ല പ്രായത്തിൽ എന്നേക്കുമായി വിട്ടുപോയാൽ, അവരെ കാണാതായാൽ, പിന്നെ അച്ഛനമ്മമാരുടെ ജീവിതം ഇരുട്ടിലും കണ്ണീരിലുമാകും.
ദിവസവും എത്രയോ മക്കൾ മരണം, ഒളിച്ചുപോക്ക്, തട്ടിക്കൊണ്ടു പോകൽ എന്നിങ്ങനെ ഓരോരോ വിധത്തിൽ മാതാപിതാക്കൾക്ക് നഷ്ടപ്പെടുന്നു. എങ്കിലും ജീവിതമെന്ന മായാ മാന്ത്രികൻ മറവിയുടെയും പൊരുത്തപ്പെടലിന്റെയും മരുന്നുകളും ജാലവിദ്യകളും കൊണ്ട് മനസിനെ കുറച്ചൊക്കെ ആശ്വസിപ്പിക്കാൻ ശ്രമിക്കും . കാലക്രമേണ മിക്കവരും വിധിയുടെ നിയോഗത്തിൽ വിശ്വസിച്ചുകൊണ്ട് ശേഷിച്ച ജീവിതം ജീവിച്ചുതീർക്കും. പക്ഷേ, ഷീബയ്ക്കും ജയപ്രകാശിനും അതൊരിക്കലും സാധിക്കില്ല.
“എന്റെ മോനെ നിങ്ങൾ എന്തിനാണ് വെയിലത്തു നിർത്തിയിരിക്കുന്നത്” എന്ന് എല്ലാ ദിവസവും മുറ്റത്തേയ്ക്ക് കണ്ണുനട്ടു വിലപിച്ചിരുന്ന ഈച്ചര വാര്യരെ നമുക്ക് മറക്കാൻ കഴിയില്ല. ജെസ്‌ന മരിച്ചു എന്നറിയുന്നതിനേക്കാൾ, ജെസ്‌നയെ കാണാതായതിലുള്ള നീറ്റലോടെ അവളുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്നു. അന്ത്യം വരെ അനുഭവിക്കുക എന്നല്ലാതെ പുത്രവിയോഗദുഖത്തിന് പരിഹാരമില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളായി ഇതാ ഷീബയും ജയപ്രകാശും നമ്മുടെ മുന്നിൽ നിൽക്കുന്നു.
മാധ്യമങ്ങളോടും പൊതു സമൂഹത്തോടുമായി സംസാരിക്കുമ്പോഴൊക്കെ ജയപ്രകാശ് അതിശയിപ്പിക്കുന്ന പക്വതയും മാന്യതയുമാണ് പുലർത്തുന്നത്. ഈ തീവ്രനൊമ്പരത്തിന്റെ ചൂളയിലും എന്തൊരു മനസംയമനം എന്ന് നാം അറിയാതെ പറഞ്ഞു പോകും. പക്ഷേ മകന് നീതി കിട്ടുമെന്ന് ഉറപ്പാക്കാൻ വേണ്ടി പോരാടാൻ തന്നെ അദ്ദേഹം ആയുധമെടുത്തു നിൽക്കുകയാണ്. ഓരോ ദിവസവും കരുത്ത് ആർജ്ജിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ഒരു സംഘടിത ഗൂഡാലോചനയ്ക്കും ആ മനുഷ്യനെ തോൽപ്പിക്കാൻ പറ്റില്ല. അദ്ദേഹത്തോടൊപ്പം ഈ നാടുണ്ട്, ഞാനുണ്ട്, നിങ്ങളുണ്ട്.
സിദ്ധാർഥിനെ കൊലപ്പെടുത്തിയത് സംബന്ധിച്ച വാർത്തകൾ കേട്ട് പകച്ചു തകർന്നിരിക്കുന്ന കേരളജനതയെ അതിലുമധികം ഇപ്പോൾ വേദനിപ്പിക്കുന്നത് അത് കൊലപാതകമല്ല, ആത്മഹത്യയാണ് എന്ന് വരുത്തിതീർക്കാൻ നടക്കുന്ന സംഘടിത ശ്രമങ്ങളാണ്. ഞെട്ടലിനെ പിടിച്ചു നിർത്താൻ മനസിനെ പാകപ്പെടുത്തിക്കൊണ്ട് നമുക്ക് ആ കുടില നീക്കത്തിനു പിന്നിൽ ആരൊക്കെയാണ് എന്നൊന്ന് ചികഞ്ഞു നോക്കാം..
കൊലയാളി സംഘം.
- കയ്യും കെട്ടി കണ്ടുനിന്ന വിദ്യാർത്ഥി സമൂഹം
- കോളേജ് ഡീൻ നാരായണൻ.
- ഹോസ്റ്റൽ വാർഡൻ കാന്തനാഥൻ. (ഒരാൾക്കും നാഥനാവാൻ യോഗ്യതയില്ലാത്തവനാണ് ഇത്രയും മനോഹരമായ പേര് പേറുന്നത് എന്നോർക്കുക. ദുഖിതർക്ക് ആശ്രയമാകുന്നവൻ എന്നാണ് ആ വാക്കിനർത്ഥം. )
- ഇന്റെണൽ കംപ്ലെയിന്റ് കമ്മിറ്റി എന്ന ഗൂഡസംഘം.
- പി ടി എ. (അങ്ങനെയൊന്ന് അവിടെയുണ്ടോ എന്നറിയില്ല. നിയമപ്രകാരം വേണ്ടതാണ്.)
- കേസ് അന്വേഷിക്കുന്ന കൽപ്പറ്റ ഡി വൈ എസ് പി സജീവൻ.
- പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ അജിത് പാലിയേക്കര.
- കേരള സർക്കാർ.
ഇതുവരെ അന്വേഷിക്കുകയും ഇത്രയും പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത ഡി വൈ എസ് പി സജീവനെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് ചോദിച്ചേക്കാം. കേസ് ദുർബ്ബലമാക്കുന്ന വിധത്തിലുള്ള വകുപ്പുകളാണ് അയാൾ ചേർത്തിരിക്കുന്നത്. IPC 307 ൽ വരുന്ന വധശ്രമം ഉൾപ്പെടുത്താതെ റാഗിങ്ങ് എന്ന വകുപ്പിൽ വരുന്ന IPC 323 മുതലുള്ള വകുപ്പുകൾ ചേർത്തു. ആത്മഹത്യ എന്നതിനുള്ള അടിസ്ഥാന തെളിവുകൾ പോലുമില്ലാതെയാണ് ‘അപമാനഭാരം മൂലം സിദ്ധാർഥ് ആത്മഹത്യ ചെയ്തതാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു’ എന്ന് അയാൾ FIR റിപ്പോർട്ട് എഴുതിയത്. അതേ തെറ്റ് തന്നെയാണ് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറും ചെയ്തിരിക്കുന്നത്. പ്രത്യക്ഷ തെളിവുകൾ തന്നെ കൊലപാതകമാണെന്ന് വിളിച്ചു പറയുമ്പോൾ, ഏതൊരു പൊട്ടനും അത് മനസിലാകുമ്പോൾ കേസ് അന്വേഷിക്കുന്ന ഡി വൈ എസ് പി ഇത് കൊലപാതകമല്ല എന്ന് എങ്ങനെ തെളിയിക്കാം എന്നാണ് ശ്രമിക്കുന്നത്. കൊലക്കുറ്റത്തിനുള്ള IPC 302 ഒഴിവാക്കി, വധ ശ്രമത്തിനുള്ള 307 ഒഴിവാക്കി, ഗൂഡലോചനയുടെ 120 ഒഴിവാക്കി അയാൾ എന്ത് അന്വേഷണമാണ് നടത്തുന്നത്. സമ്മർദ്ദങ്ങളെ തുടർന്ന് പിന്നീട് 120 ചേർത്തു എന്ന് മാത്രം.
കൊലപാതകം നടന്നിരിക്കുന്നു എന്ന് ഉറച്ച ബോധ്യം ഉണ്ടായിരുന്നതുകൊണ്ടാണല്ലോ ‘ഇവിടെ നടന്ന കാര്യമൊന്നും നിങ്ങൾ പുറത്തു പറയരുത്, പറഞ്ഞാൽ നിങ്ങളെ കോളേജിൽ നിന്ന് പുറത്താക്കും’ എന്ന് നാരായണനും കാന്തനാഥനും പരസ്യമായി പറഞ്ഞത്. അത് മാത്രമോ, മരിച്ചു കഴിഞ്ഞ സിദ്ധാർഥിനെ അപമാനിക്കുന്ന വിധത്തിൽ നാരായണൻ എന്ന നീചൻ ആരോപണങ്ങൾ ഉയർത്തി. അതായത്, കൊലപ്പെടുത്തിയതിനെ ആ ദുഷ്ടൻ ന്യായീകരിക്കുക കൂടി ചെയ്തു എന്നർത്ഥം . കുട്ടികൾ അത് വെളിപ്പെടുത്തിക്കഴിഞ്ഞു. 2019ലും 21ലും സമാനമായ സംഭവങ്ങൾ അവിടെ നടന്നുവെന്നും കുട്ടികൾ പറയുന്നു.
ഭാവിയുടെ വാഗ്ദാനവും പ്രതീക്ഷയുമായ ഒരു ചെറുപ്പക്കാരനെ ഒരു കാരണമോ പ്രകോപനമോ ഇല്ലാതെ ഒരു സംഘം കൊലപ്പെടുത്തിയതിൽ സമൂഹമൊന്നാകെ മനം നൊന്ത് കഴിയുമ്പോൾ ആ കൊല ആത്മഹത്യയാണെന്ന് വരുത്തി തീർത്തു കൊലയാളികളെ രക്ഷപ്പെടുത്താൻ നടക്കുന്ന ആസൂത്രിത നീക്കങ്ങൾ ആ കൊലപാതകത്തോളം തന്നെ നികൃഷ്ടമാണ്. കൊലയിൽ പരോക്ഷമായി കുറ്റക്കാരാകുന്ന അവരെയെല്ലാം കൊലപാതകത്തിലെ പ്രതികളാക്കി വിചാരണ ചെയ്യണം.
അല്പം പ്രതീക്ഷ :
ആന്റി റാഗിങ്ങ് സ്‌ക്വാഡ് അന്വേഷണം തുടങ്ങിയെന്നും നിരവധി പേരെ ചോദ്യം ചെയ്‌തെന്നും കൊലപാതകം തെളിയിക്കുന്ന നിർണ്ണായകമായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നു മുള്ളത് കുറച്ചു പ്രതീക്ഷയ്ക്കുള്ള കാര്യമാണ്. അന്വേഷണം സി ബി ഐ യ്ക്ക് വിട്ടത് പ്രതീക്ഷക്ക് വക നൽകുന്നു. കാരണം ടി പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളെ സംരക്ഷിക്കാൻ, പറ്റുന്ന കളികളൊക്കെ കളിക്കുകയും പ്രതികൾക്കെല്ലാം ദീർഘകാലം പരോൾ അനുവദിക്കുകയും ചെയ്ത സർക്കാരാണിത്. പക്ഷേ കീഴ്‌ക്കോടതി വിധി ഇരട്ടിപ്പിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത് കെ കെ രമയുടെ ഒറ്റയാൾ പോരാട്ടം കൊണ്ടാണ് എന്ന് വേണം പറയാൻ. അതായത് അട്ടിമറിക്കാൻ ശ്രമിച്ചാലും ചില കേസുകൾ താനേ ഉയിർത്തെണീൽക്കും എന്നത് കാവ്യനീതിയാണ്. അത് മനുഷ്യന് പ്രകൃതി നൽകുന്ന പ്രത്യാശാ സന്ദേശമാണ്.
ഇത്തരം കേസുകൾ ശരിയായി അന്വേഷിക്കേണ്ടതെങ്ങനെയെന്ന് പോലീസിനെ പഠിപ്പിക്കേണ്ട കാര്യമില്ല. എന്നാൽ, അന്വേഷണം ശരിയായ രീതിയിലാണോ അല്ലയോ പോകുന്നതെന്ന് തിരിച്ചറിയാനുള്ള വഴികൾ ഇവിടത്തെ ജനങ്ങളെ പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് പൊലീസ് അറിഞ്ഞിരിക്കണം. പ്രതികളെ ഓരോരുത്തരെ വെവ്വേറെ ചോദ്യം ചെയ്താൽ നുണകൾ പൊളിയുന്നത് കാണാം. പ്രതികളെയും അധികൃതരെയും സാക്ഷികളായി നിന്ന 130 മരപ്പാവകളെയും നുണ പരിശോധനയ്ക്ക് വിധേയരാക്കണം. എല്ലാവരുടെയും മൊബൈൽ ഫോൺ വിളികളും ചിത്രങ്ങളും പരിശോധിക്കണം. എന്റെ കയ്യിൽ ഇവന്മാരെ കിട്ടിയാൽ ഇടിച്ച് ഇഞ്ചപ്പത തൂറ്റിക്കാതെതന്നെ കൃത്യമായി അവരെക്കൊണ്ട് സത്യം പറയിപ്പിക്കാം. സിദ്ധാർഥിന്റെ റൂംമേറ്റ്സ് എന്ന് ജയപ്രകാശ് പറയുന്ന മൂന്നു പേർ (റെഹാൻ, അക്ഷയ്, ഡോൺസ് ഡായി) അവിടെ നടന്നതൊന്നും അറിയാതെ വരില്ല. “അവർ മൂന്നുപേരും സിൻജോയും കൂടി സിദ്ധാർഥിനെ മുറിയിലിട്ട് തീർത്തിട്ട് കെട്ടിത്തൂക്കിയതാണ് അങ്കിൾ” എന്ന് മറ്റ് വിദ്യാർത്ഥികൾ രഹസ്യമായി ജയപ്രകാശിനോട് വെറുതെ പറയില്ല. പക്ഷെ അക്ഷയ് എന്നൊരു പേര് ഇതുവരെ എവിടെയുമില്ല. അവർക്കൊക്കെ അറിയാമായിരുന്നു എന്ന് മാത്രമല്ല കൊലയിൽ നേരിട്ടു പങ്കുണ്ടെന്നു കൂടി ആ അച്ഛൻ നൊമ്പരത്തോടെ തെളിവുകൾ വെച്ച് പറയുമ്പോൾ അന്വേഷിക്കേണ്ടതല്ലേ?
‘നിങ്ങളുടെ മക്കളെപ്പറ്റി ഇപ്പോൾ നിങ്ങൾക്കെന്തു തോന്നുന്നു’ എന്ന് ഈ പ്രതികളുടെ മാതാപിതാക്കളോട് ചോദിച്ചാൽ അവരിൽ പലർക്കും ഇപ്പോഴും കുറ്റബോധം കാണില്ല എന്നാണ് എന്റെ നിഗമനം. കാരണം, അങ്ങനെ കുറ്റബോധമോ മനസാക്ഷിക്കുത്തോ തോന്നുന്നവർക്ക് ഇത്തരം ചെകുത്താന്മാർ ജനിക്കില്ല. അല്പമെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടെങ്കിൽ അവർ ഇതിനകം സിദ്ധുവിന്റെ മാതാപിതാക്കളോടും സമൂഹത്തോടും മാപ്പ് ചോദിക്കുമായിരുന്നു. മാപ്പ് ചോദിച്ചാൽ അത് കുറ്റ സമ്മതമാകും എന്ന അതിബുദ്ധിയും അതിനു പിന്നിലുണ്ടാകും.
IPC 323 മുതലുള്ള ഏതാനും വകുപ്പുകളിൽ റാഗിങ്ങ് സംബന്ധിച്ച കർശന നിയമങ്ങൾ എടുത്തു പറയുന്നുണ്ട്. റാഗ് ചെയ്യുന്നവർക്കെതിരെ എടുക്കേണ്ട നടപടികളും കൊടുക്കേണ്ട ശിക്ഷകളുമുണ്ട്. സസ്പെൻഷൻ അല്ല ഡിസ്മിസൽ ആണ് നിർദ്ദേശിക്കുന്നത് . മൂന്നു വർഷത്തേയ്ക്ക് ഒരു കോളേജിലും പഠിക്കാൻ അനുവദിക്കരുതെന്നും പറയുന്നു. തക്ക സമയത്ത് കർശന നടപടി എടുക്കാത്ത സ്ഥാപന മേധാവികൾക്കെതിരെയും കടുത്ത ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നിട്ടും ഇവിടെ ഇതൊക്കെ നടക്കുന്നു!
ഈ സമൂഹത്തെ ഏറെ വേദനിപ്പിക്കുന്ന ഒരു കാപട്യത്തെക്കൂടി തുറന്നു കാട്ടാതെ വയ്യ. അമൂല്യമായ ഒരു മനുഷ്യജീവനേക്കാൾ, വിശ്വമാനവികതയെക്കാൾ, വലുതായി തങ്ങളുടെ പാർട്ടിയെയും പ്രസ്ഥാനത്തേയും സ്ഥാനത്തെയും പുരസ്‌കാരങ്ങളെയും കാണുന്ന ‘ക്ഷുദ്രജീവികൾ’. (ഇവിടെ നിങ്ങൾക്ക് ഇഷ്ടമുള്ള പദങ്ങൾ ചേർത്തു വെക്കാം ) പാർട്ടിയും പ്രസ്ഥാനവും സ്ഥാനമാനങ്ങളും മാത്രം നോക്കി മനുഷ്യസ്നേഹം പ്രഘോഷിക്കുന്ന കാപട്യങ്ങളെ വല്ലാതെ വെറുത്തു പോകുന്നു.
സിദ്ധാർഥിനോടു സ്നേഹവും അനുകമ്പയുമുള്ള സുമനസുകളോട് ഒരപേക്ഷയുണ്ട്, ഈ വിവരങ്ങളൊക്കെ ആരുമറിയാതെ രേഖപ്പെടുത്താൻ നിങ്ങൾക്ക് മനോഹരമായ ഒരവസരം വരുന്നു. ഈ കേസ് അട്ടിമറിക്കുന്നവരെ ശിക്ഷിക്കാൻ നിങ്ങൾക്കുള്ള സുവർണ്ണാവസരം. വെറും നാല്പത് നാൾ അകലം. നിങ്ങളുടെ വിരൽത്തുമ്പിലെ നീലമഷി കൊണ്ട് നിങ്ങൾക്ക് വിധിയെഴുതാം.
– ജോർജ് പുല്ലാട്ട് (Article written by)