ആശങ്ക ഉയർത്തുന്ന രാജി: തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു!

Print Friendly, PDF & Email

രാജ്യത്ത് നിർണായക പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു, അദ്ദേഹത്തിൻ്റെ രാജി സ്വീകരിച്ചതായി രേഖപ്പെടുത്തി കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ പുറത്തിറങ്ങി. മൂന്ന് കമ്മീഷണർ വേണ്ട സ്ഥാനത്ത് ഇനി അവശേഷിക്കുന്നത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാര്‍ മാത്രം. മൂന്നാമത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായ അനുപ് പാണ്ഡെ ഫെബ്രുവരി 15 ന് ഓഫീസിൽ നിന്ന് വിരമിച്ചുവെങ്കിലും, ഇതുവരെ അദ്ദേഹത്തിനു പകരം മാറ്റൊരാളെ നിയമിച്ചിട്ടില്ല. 2027 ഡിസംബർ വരെ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിക്കുമായിരുന്ന ഗോയലിന്‍റെ, പെട്ടെന്നുള്ള വിടവാങ്ങലിന് കാരണമൊന്നും പറഞ്ഞില്ല എങ്കിലും അദ്ദേഹത്തിന്‍റെ രാജി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ തെല്ലമ്പരപ്പൊന്നുമല്ല സൃഷ്ടിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പ് കമ്മീഷണർ മാത്രം അവശേഷിച്ചിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണം താറുമാറായതിൻ്റെ സൂചനയാണ് നൽകുന്നത്. മറ്റൊരു തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന പാണ്ഡെ സ്ഥാനം ഒഴിഞ്ഞ് ഏകദേശം ഒരു മാസമായിട്ടും അദ്ദേഹത്തിന് പകരക്കാരനെ നിയമിക്കാൻ സർക്കാരിന് കഴിഞ്ഞില്ല, കൂടാതെ മൂന്നംഗ സെലക്ഷൻ കമ്മിറ്റിയുടെ യോഗം പോലും വിളിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന ഇസിഐയുടെ ശോഷിച്ച നേതൃത്വം നിഷ്പക്ഷമായ ഒരു തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നിരിക്കെ ​ഗോയലിന്റെ രാജി നിരവധി ചോദ്യങ്ങളാണുയർത്തുന്നത്. ​പ്രത്യേകിച്ച് രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിംഗിനെക്കുറിച്ച് നരേന്ദ്ര മോദി സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഗുരുതരമായ ചോദ്യങ്ങൾ നേരിടുന്ന സാഹചര്യത്തിൽ.

ഭരണഘടനാ വിരുദ്ധമെന്ന് കണ്ട് സുപ്രീം കോടതി കഴിഞ്ഞ മാസം റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുകൾ എന്ന തിരഞ്ഞെടുപ്പ് ധനസഹായ സമ്പ്രദായം മാർച്ച് 11 ന് തിങ്കളാഴ്ച സുപ്രീം കോടതിയിൽ വീണ്ടും വരും, അന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹരജി പരിഗണിക്കും. മാർച്ച് ആറിനകം രാഷ്ട്രീയ പാർട്ടികൾക്ക് ​സംഭാവന നൽകുന്നവരുടെ എല്ലാ വിശദാംശങ്ങളും പരസ്യമാക്കാൻ ഇട്ട ഉത്തരവ് മൂന്നു മാസത്തേക്ക് കൂടി നീട്ടണമെന്ന എസ്ബിഐയുടെ ഹർജി അഞ്ച് ജഡ്ജിമാരുടെ ബെഞ്ച് പരി​ഗണിക്കും. കൂടാതെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സമർപ്പിച്ച സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കിനെതിരെ കോടതി അലക്ഷ്യ ഹർജിയും പരിഗണിക്കും. ഈ സാഹചര്യം നിലനിൽക്കെയുള്ള ഗോയലിൻ്റെ രാജി നിർണായകമായ ചോദ്യങ്ങളാണുയർത്തുന്നത്.

ഇസിഐയുടെ ചരിത്രത്തിൽ ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അസാധാരണമായ രണ്ടാമത്തെ വിടവാങ്ങലാണ് ഗോയലിൻ്റേത്, ഈ രണ്ട് രാജികളും മോദി സർക്കാരിൻ്റെ കാലത്ത് സംഭവിച്ചതാണ്. 2020 ഓഗസ്റ്റിൽ, അന്നത്തെ EC ആയിരുന്ന അശോക് ലവാസ രാജിവച്ചതായിരുന്നു ആദ്യത്തെ സംഭവം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, “തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ലംഘനങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകാൻ വിസമ്മതിച്ച” ഏക തിരഞ്ഞെടുപ്പ് കമ്മീഷണർ അദ്ദേഹം ആയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം, അദ്ദേഹത്തിൻ്റെ ഭാര്യക്ക് ആദായനികുതി നോട്ടീസ് നൽകുകയും അദ്ദേഹത്തിൻ്റെ കുടുംബം ഒരു ഫ്ലാറ്റ് വാങ്ങിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള വാർത്തകൾ പത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. കൂടാതെ പെഗാസസ് സ്പൈവെയറിൻ്റെ സാധ്യതയുള്ളവരുടെ ചോർന്ന ഡാറ്റാബേസിൽ കണ്ടെത്തിയ നമ്പറുകളുടെ പട്ടികയിൽ ലവാസയുടെ സ്വകാര്യ മൊബൈൽ നമ്പറും ഉണ്ടായിരുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി മോദിയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അഞ്ച് വ്യത്യസ്ത വിഷയങ്ങളിൽ വിയോജിച്ച് ആഴ്ചകൾക്ക് ശേഷമാണ് ലവാസയെ നിരീക്ഷണത്തിനായി തിരഞ്ഞെടുത്തതെന്ന് രേഖകൾ വ്യക്തമാക്കുന്നു. അഞ്ച് കാര്യങ്ങളിൽ നാലെണ്ണം മോദിയുടെ നിയമലംഘനങ്ങളെക്കുറിച്ചുള്ള പരാതികളുമായി ബന്ധപ്പെട്ടതാണ്. ഇലൿഷൻ കമ്മീഷണർമാർക്കിടയിലെ സീനിയോറിറ്റി തത്വമനുസരിച്ച് അദ്ദേഹം ചീഫ് ഇസി ആകേണ്ടിയിരുന്ന സാഹചര്യത്തില്‍ അദ്ദേഹം രാജി പ്രഖ്യാപിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പു കമ്മീഷന്റെ സ്വാതന്ത്ര്യത്തിന് മേലാണ് ഇന്ത്യയിൽ ‘സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ’ നിലനിൽക്കുന്നത്. രാജ്യത്തെ 543 പാർലമെൻ്റ് മണ്ഡലങ്ങളിലും സ്വതന്ത്രവും നീതിയുക്തവുമായ വോട്ടിംഗ് മേൽനോട്ടം വഹിക്കുന്നതിനും ഉറപ്പാക്കുന്നതിനുമപ്പുറം, എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കളും തിരഞ്ഞെടുപ്പ് നിയമത്തിൻ്റെ, പ്രത്യേകിച്ച് മാതൃകാ പെരുമാറ്റച്ചട്ടം, പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുവാൻ മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും ചുമതലയുണ്ട്. ഭരണകക്ഷികൾ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനൊപ്പം മത പ്രീണന തന്ത്രങ്ങളിലൂടേയും വിദ്വേഷ പ്രസംഗങ്ങളിലൂടേയും സ്വാധീനങ്ങളിലൂടേയും ഭീക്ഷണികളിലൂടേയും വോട്ട് ശേഖരിക്കുന്ന സാഹചര്യം നിലനിൽക്കെ ഗോയലിൻ്റെ രാജിയും അതിൻ്റെ വിശദീകരിക്കാനാകാത്ത സ്വഭാവവും സമയവും രാജി സ്വീകരിക്കുന്ന കാര്യത്തിലുള്ള ചടുലതയും ഇന്ത്യയുടെ പ്രധാന തിരഞ്ഞെടുപ്പ് സ്ഥാപനത്തിൻ്റെ സമഗ്രതയെക്കുറിച്ചും അതിൻ്റെ സ്വയംഭരണ പ്രവർത്തനത്തിനായുള്ള നടപടിക്രമങ്ങളെക്കുറിച്ചും ആശങ്കകളാണ് ഉയർത്തുന്നത്.