ബെംഗളൂരു സ്ഫോടനം. ഒരാള്‍ കസ്റ്റഡിയില്‍.
ബെംഗളൂരു വൈറ്റ്ഫീല്‍ഡിനടുത്ത് ബ്രൂക്ക്ബോണ്ടിലെ രമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചതിനു പിന്നാലെ ഒരാള്‍ കസ്റ്റഡിയില്‍. അദ്ദേഹത്തെ പ്രത്യേക സംഘം ചോദ്യം ചെയ്തു വരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാൾ കഴിക്കാനായി റവ ഇഡ്‌ലി ഓർഡർ ചെയ്ത് കൂപ്പൺ എടുത്ത് ഇഡ്ലി വാങ്ങിയെങ്കിലും കഴിച്ചില്ല. ബാഗ് കൊണ്ട് വച്ച് സ്ഥലത്ത് നിന്ന് ഇയാൾ പിന്നീട് കടന്ന് കളയുകയായിരുന്നു. ബെംഗളൂരിലുണ്ടായത് തീവ്രത കുറഞ്ഞ സ്ഫോടനമാണെന്നും എല്ലാ വശങ്ങളും പരിശോധിച്ചുവരുകയാണെന്നും നഗരത്തിൽ നിരീക്ഷണം ശക്തമായി തുടരുമെന്നും ഡികെ ശിവകുമാർ പറഞ്ഞു. സ്ഫടനത്തെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് 8 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിന് മുമ്പ് ഒരാൾ ബാഗുമായി കഫേയിലെത്തുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ കസ്റ്റഡിയിലായത്.
വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലെ പ്രസിദ്ധമായ രാമേശ്വരം കഫേയിൽ ഇന്നലെ ഉച്ചയ്ക്ക് 12.56-നാണ് സ്ഫോടനമുണ്ടായത്. നിരവധി ആളുകൾ വന്ന് പോകുന്ന ഹോട്ടലില്‍ ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഏതാണ്ട് 11.45 ഓടെ അജ്ഞാതനായ ഒരാൾ ഹോട്ടലിൽ ഒരു ബാഗ് കൊണ്ടുവന്ന് ഉപേക്ഷിച്ച് പോയ ദൃശ്യം ലഭിച്ചു. ഇതിന് ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് സ്ഫോടനമുണ്ടാകുന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ആണിയും നട്ടും ബോൾട്ടും കണ്ടെത്തിയതോടെ നടന്നത് സ്ഫോടനമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു
സ്ഫോടനത്തിൽ പത്ത് പേര്‍ക്കാണ് പരിക്കേറ്റത്. ആരുടേയും നല ഗുരുതരമല്ല. പരിക്കേറ്റവരിൽ നാൽപ്പത്തിയാറുകാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും കേൾവിശക്തി നഷ്ടമായേക്കും. എന്താണ് സംഭവിച്ചത് എന്ന് വിശദമായി പരിശോധിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഐഇഡി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബാംഗ്ലൂരില്‍ നടന്നത് തീവ്രവാദ ആക്രമണമാണെന്നും കോൺഗ്രസ് സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര വിമര്‍ശിച്ചു. അതേസമയം സംഭവത്തിൽ രാഷ്ട്രീയക്കളിക്ക് ഇല്ലെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. കർണാടകയുടെയും ബെംഗളൂരുവിന്‍റെയും പ്രതിച്ഛായ സംരക്ഷിക്കാനാണ് ശ്രമം. 2022-ൽ അടക്കം മംഗലാപുരത്ത് ഉണ്ടായ കുക്കർ സ്ഫോടനം ബിജെപി ഭരണകാലത്തായിരുന്നു. അത്തരം വില കുറഞ്ഞ രാഷ്ട്രീയാരോപണങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരിടവേളയ്ക്കുശേഷമുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രാമേശ്വരം കഫേയിലെ സ്‌ഫോടനത്തിനു പിന്നില്‍ തീവ്രസംഘടനകളുടെ പങ്കുണ്ടോയെന്ന് വ്യക്തമല്ല. സ്ഫോടനം ആസൂത്രണം ചെയ്ത് നടത്തിയതിന്റെ പിന്നിലെ കാരണം ചികയുകയാണ് പോലീസ്. ഹോട്ടല്‍ ഉടമകളുമായുള്ള ബിസിനസ് പകയാണോ സ്ഫോടനത്തിനു പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
2010-ലെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ബോംബ് സ്‌ഫോടനവും 2013-ല്‍ ബെംഗളൂരുവിലെ ബി.ജെ.പി. ആസ്ഥാനത്തുണ്ടായ ബോംബ് സ്‌ഫോടനവും ആണ് ഇതിനു മുന്പ് നഗരത്തെ ഞെട്ടിച്ച രണ്ടു സ്ഫോടനങ്ങള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബോംബ് പൊട്ടിയത്. രണ്ട് ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ഒരു ബോംബ് സ്റ്റേഡിയത്തിന് പുറത്ത് നിര്‍വീര്യമാക്കി. പിന്നീട് പരിശോധനയില്‍ രണ്ട് ബോംബ് കൂടി കണ്ടെത്തിയിരുന്നു. 15 പേര്‍ക്ക് പരിക്കേറ്റു. ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീനാണ് സ്‌ഫോടനം നടത്തിയെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയത്.
2013 മാര്‍ച്ചിലാണ് ബെംഗളൂരു മല്ലേശ്വരത്തെ ബി.ജെ.പി. ഓഫീസിനു സമീപം ബോംബ് സ്‌ഫോടനം നടന്നത്. 11 പോലീസുകാരുള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ഇത്. ബി.ജെ.പി. ഓഫീസിനടുത്ത് സുരക്ഷാ ഡ്യൂട്ടിക്കെത്തിയ റിസര്‍വ് പോലീസാണ് സ്‌ഫോടനത്തില്‍പ്പെട്ടത്. ഭീകരസംഘടനയായ അല്‍-ഉമ്മയുമായി ബന്ധമുള്ളവരെയാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തത്.