പരീക്ഷാക്കാലമായി. പക്ഷെ, പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കൈയ്യില്‍ പണമില്ല…!!!

Print Friendly, PDF & Email

പരീക്ഷാക്കാലമായി. പക്ഷെ, പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കൈയ്യില്‍ പണമില്ല. സ്‌കൂള്‍ പരീക്ഷകള്‍ നടത്താന്‍ പോലും വിദ്യാഭ്യാസ വകുപ്പിന്റെ പക്കല്‍ പണമില്ലെന്ന വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം കേട്ടുകൊണ്ടിരിക്കുന്നത്. ഒരു അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. തുടങ്ങിയ പരീക്ഷകള്‍ക്കായി 40 മുതല്‍ 45 കോടിയോളം രൂപവരെയാണ് സ്‌കൂളുകള്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പില്‍ 21 കോടി രൂപയും വി.എച്ച്.എസ്.ഇക്ക് 11 കോടി രൂപയും എസ്.എസ്.എല്‍.സി. ഐ.ടി. പരീക്ഷകള്‍ക്ക് 12 കോടി രൂപയുമാണ് വേണ്ടി വന്നത്. ഈ തുകയില്‍ സ്‌കൂളുകള്‍ക്ക് ചെലവായ 44 കോടി രൂപ ഇപ്പോഴും കുടിശ്ശികയാണ്. അതു പോലും കൊടുക്കുവാന്‍ ഇതുവരെ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. അത്രകണ്ട് രൂക്ഷമാണ് സര്‍ക്കാര്‍ നേരിടുന്ന ധനപ്രതിസന്ധി.

ഇത്തവണ പരീക്ഷ ചെലവിനുള്ള തുക സ്‌കൂളുകള്‍ സ്വയം കണ്ടെത്താനാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. സ്‌കൂളുകളുടെ ദൈനംദിന ചെലവുകള്‍ക്കായുള്ള പി.ഡി. അക്കൗണ്ടില്‍ നിന്ന് പണമെടുത്ത് പരീക്ഷ ചിലവുകള്‍ നടത്തണമത്രെ. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്‌കൂളുകള്‍ക്ക് ചെലവാകുന്ന പണം തിരികെ നല്‍കുമെന്നാണ് പറയുന്നതെങ്കിലും കഴിഞ്ഞ അധ്യയന വര്‍ഷത്തെ കുടിശ്ശിക പോലും കൊടുത്തു തീര്‍ക്കാത്ത സാഹചര്യത്തില്‍ ഈ തുക തിരികെ കിട്ടുമോയെന്ന് സ്‌കൂളുകള്‍ക്ക് ആശങ്കയുണ്ട്.

വിദ്യാര്‍ഥികളുടെയും സ്‌കൂളിന്റെയും വിവിധ ആവശ്യങ്ങള്‍ക്കും ദൈനംദിന നടത്തിപ്പിനുമുള്ള തുക സൂക്ഷിക്കുന്ന അക്കൗണ്ടാണ് പി.ഡി. അക്കൗണ്ട്. സ്‌പെഷ്യല്‍ ഫീസ്, ലൈബ്രറി ഫീസ് തുടങ്ങിയ ഇനങ്ങളിലായി വിദ്യാര്‍ഥികളില്‍നിന്ന് വിവിധ അധ്യയനാവശ്യങ്ങള്‍ക്കായി സമാഹരിക്കുന്ന തുക അടയ്ക്കുന്നത് ട്രഷറികളിലെ പിഡി അക്കൗണ്ടിലാണ്. വിദ്യാര്‍ഥികളുടെയും സ്‌കൂളിന്റെയും നിത്യനിദാന ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇതിലെ പണം ഉപയോഗിക്കാവൂ എന്നാണ് നിയമം. പി.ഡി. അക്കൗണ്ടിന് പുറമെ ട്രഷറിയിലടക്കേണ്ട മറ്റൊരു അക്കൗണ്ടാണ് ജനറല്‍ അക്കൗണ്ട്. വിദ്യാര്‍ഥികളില്‍ നിന്ന് പിരിക്കുന്ന പരീക്ഷാ ഫീസുകളും വൈകി അടയ്ക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴയും ഉടള്‍പ്പെടെ കോടികളാണ് ട്രഷറികളിലെ ജനറല്‍ അക്കൗണ്ടുകളിലേക്ക് ഓരോ വര്‍ഷവും അടക്കുന്നത്. ജനറല്‍ അക്കൗണ്ടില്‍ ഏകദേശം 110 കോടിയോളം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് കണക്ക്.

പരീക്ഷ ഫീസ് പിരിച്ച തുക ജനറല്‍ അക്കൗണ്ടില്‍ അടയക്കുകയും പരീക്ഷാ ചെലവിനുള്ള തുക പകരം സ്‌കൂളിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി സൂക്ഷിച്ചിട്ടുള്ള പി.ഡി അക്കൗണ്ടില്‍ നിന്ന് എടുക്കാനും പറയുന്നതില്‍ സ്കൂളുകള്‍ക്ക് പ്രതിക്ഷേധം ഉണ്ട്. വിദ്യാര്‍ഥികളുടെ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സ്‌കൂള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള പി.ഡി. അക്കൗണ്ടില്‍ കൈവെക്കുന്നതിനെ ആശങ്കയോടെയാണ് അധ്യാപക സംഘടനകള്‍ നോക്കിക്കാണുന്നത്. ആ തുക എവിടെ പോയി എന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്. പരീക്ഷാ ഫീസ് പിരിച്ചെടുത്ത തുക പരീക്ഷ നടത്തിപ്പിനായി വിനിയോഗിച്ചാല്‍ പ്രതിസന്ധിയുണ്ടാകില്ല എന്നവര്‍ പറയുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഉടനെങ്ങും തീരില്ല എന്നിരിക്കെ വരും വര്‍ഷങ്ങളിലും ഇത് ആവര്‍ത്തിക്കും എന്നാണ് അവരുടെ ഭയം. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷാ ചെലവിന്റെ കുടിശ്ശിക പോലും ഇതുവരെ തീര്‍പ്പാക്കാത്ത സാഹചര്യത്തില്‍ വീണ്ടും പ്രതിസന്ധിയുണ്ടാക്കുന്ന തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ് വരുന്നത് സ്കൂളുകളുടെ ദൈനംദിന നടത്തിപ്പുകളെ ബാധിക്കും എന്ന് കരുതപ്പെടുന്നു.