അന്വേഷണം സൂര്യപുത്രിയിലേക്ക്…? സ്റ്റേ ആവശ്യവുമായി വീണ വിജയന്‍ കര്‍ണാടക ഹൈക്കോടതിയില്‍ !
മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍. ടെസ്റ്റ് ഡോസെന്ന നിലയില്‍ കെഎസ്ഐഡിസി എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ വിജയന്‍ മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകൻ മുഖേന കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് നാളെ പരിഗണനക്കെടുക്കുമെന്നാണ് കരുതുന്നത്. കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസിലാണ് കേന്ദ്രസർക്കാർ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് നേരത്തെ കെഎസ്ഐഡിസി കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഉടൻ മറുപടി നല്‍കും. കേസ് കേരള ഹൈക്കോടതി 12നാണ് വീണ്ടും പരിഗണിക്കുക. സിഎംആർഎല്ലിൽ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ്, സംഘം കെഎസ്ഐഡിസിയിൽ എത്തിയത്. ഇനി അന്വേഷണം നീളുകഎക്സാലോജിക്കിലേക്കായിരിക്കും. വിവരങ്ങൾ തേടാനായി നേരിട്ട് ഹാജരാകാനോ, രേഖകൾ സമർപ്പിക്കാനോ നിർദ്ദേശിച്ച് വീണയ്ക്ക് ഉടൻ നോട്ടീസ് നൽകിയേക്കും എന്നാണ് പുറത്തു വരുന്ന സൂചനകള്‍. അന്വേഷണത്തില്‍ എക്സാലോജിക്കില്‍നിന്ന് വിവരങ്ങള്‍ തേടുന്നതിനായി വീണ വിജയന് നോട്ടീസ് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്സാലോജിക്കിന്‍റെ ഹര്‍ജി. വീണ വിജയൻ കുറ്റവാളിയെന്ന് സ്വയം സമ്മതിക്കുന്ന നീക്കമാണിതെന്ന് കേസിലെ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
അതേസമയം, മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുകയാണ്.