പ്രതിപക്ഷത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ.

Print Friendly, PDF & Email

പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനിടയില്‍ കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. ചട്ടം 118 അനുസരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാലാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്ത് ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്നാണ് പ്രമേയത്തിലെ കുറ്റപ്പെടുത്തൽ. കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുന്നതും ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുന്നതും അവസാനിപ്പിക്കണം എന്ന് പ്രമേയം ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭ വിട്ടത്. കോടതി പരിഗണനയിലുള്ള കാരണം പറഞ്ഞാണ് അടിയന്തിര പ്രമേയ നോട്ടീസ് അവതരണം തന്നെ സ്പീക്കർ തടഞ്ഞത്. ഇതില്‍ പ്രതിക്ഷേധിച്ച് മുഖ്യമന്ത്രിക്കെതിരെ ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും തുടര്‍ന്ന് സഭ ബഹിഷ്കരിക്കുകയുമായിരുന്നു.