ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചു. പിന്നാലെ അറസ്റ്റില്‍.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചു. ഇഡി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു രാജ്ഭവനിലെത്തി ഗവർണർ സി.പി. രാധാകൃഷ്ണന് ഹേമന്ത് സോറൻ രാജിക്കത്ത് കൈമാറിയത്. രാജിയ്ക്ക് പിന്നാലെ രാത്രി 9.30-ന് അധികൃതർ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഹേമന്ത് സോറനെ ഇ.ഡി. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
തിങ്കളാഴ്ച സോറന്റെ ഡൽഹിയിലെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ.ഡി. സംഘത്തിന് അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തിരച്ചിൽനടപടിക്കിടെ ഡൽഹിയിൽനിന്ന് അപ്രത്യക്ഷനായ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ 30 മണിക്കൂറുകൾക്കുശേഷം റാഞ്ചിയിൽ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.
നിലവിലെ ഗതാഗതമന്ത്രിയായ ചംപൈ സോറനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതായി ജെ.എം.എം. എം.എൽ.എമാർ അറിയിച്ചു. ഭരണകക്ഷി എം.എൽ.എമാർക്കൊപ്പം രാജ്ഭവനിലെത്തി ചംപൈ സോറൻ ഗവർണറെ കണ്ടു മുഖ്യമന്ത്രി പദത്തിന് അവകാശം ഉന്നയിച്ചു. ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയായേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.