വീണ വിജയന് കുരുക്കു മുറുകുന്നു. മാസപ്പടിക്കേസ് അന്വേഷണം ഇനി എസ്.എഫ്.ഐ.ഒ ക്ക്

Print Friendly, PDF & Email

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനും വീണയുടെ ഐ ടി കമ്പനിയായ എക്സാലോജിക്കുമെതിരായ സാമ്പത്തിക കേസ് അന്വേഷണം എസ് എഫ് ഐ ഒക്ക് കൈമാറി. നിലവില്‍ തമിള്‍നാട് കര്‍ണാടക ആന്ധ്രപ്രദേശ് ആർഒസി കേന്ദ്രങ്ങളായിരുന്നു അന്വേഷണം നടത്തിയിരുന്നത്. ഈ അന്വേഷണം ആണ് വലിയ സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന എസ് എഫ് ഐ ഒ (സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്)ന് കൈമാറി കോർപറേറ്റ് മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്. കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ കീഴില്‍ അറസ്റ്റിന് അധികാരമുള്ള ഏജന്‍സിയാണ് എസ്.എഫ്.ഐ.ഒ. ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. എട്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണമാണ് എസ് എഫ് ഐ ഒ നടത്തുക. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങളാണ് എസ് എഫ് ഐ ഒ അന്വേഷിക്കുക. ഇതോടെ വീണ വിജയനുമേല്‍ കുരുക്ക് കൂടുതൽ മുറുകുകയാണ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് സി.എം.ആര്‍.എല്‍. കമ്പനി ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍.ഒ.സി. (രജിസ്ട്രാര്‍ ഓഫ് കമ്പനീസ്) യുടെ റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. ആര്‍.ഒ.സി. ആവശ്യപ്പെട്ട രേഖകള്‍ എക്‌സാലോജിക്ക് സമര്‍പ്പിച്ചിരുന്നില്ല. കരാറിന്റെ വിശദാംശങ്ങളും ഹാജരാക്കിയില്ല. ജി.എസ്.ടി. അടച്ചുവെന്ന് മാത്രമാണ് എക്‌സാലോജിക് മറുപടി നല്‍കിയത്. ഇടപാട് വിവരം സി.എം.ആര്‍.എല്‍. മറച്ചുവെച്ചെന്നും റിലേറ്റഡ് പാര്‍ട്ടിയായ എക്‌സാലോജിക്കുമായുള്ള ഇടപാട് അറിയിച്ചില്ലെന്നും ആര്‍.ഒ.സി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. ഈ ആര്‍.ഒ.സി. റിപ്പോര്‍ട്ടാണ് വിഷയത്തില്‍ കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ വിശദമായ അന്വേഷണത്തിലേക്ക് വഴിതെളിച്ചത്.