രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ്, 15 പ്രതികൾക്കും വധശിക്ഷ.

Print Friendly, PDF & Email

ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് 15 പ്രതികള്‍ക്കും മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി വധശിക്ഷ വിധിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20 ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.

2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. ഡിസംബര്‍ 18-ന് രാത്രി എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു മണിക്കകൂറുകള്‍ക്കകം രഞ്ജിത് ശ്രീനിവാസനെയും വെട്ടിക്കൊലപ്പെടുത്തിയത്.

അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യത്തിന്റെ പരിധിയില്‍വരുമെന്നും പ്രതികള്‍ നിരോധിത തീവ്രവാദസംഘത്തിലെ അംഗങ്ങളും കൊലചെയ്യാന്‍ പരിശീലനം ലഭിച്ചവരുമാണെന്നും അതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇത് അംഗീകരിച്ച കോടതി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വിധി പ്രഖ്യാപക്കുകയായിരുന്നു. ഒരു കേസിലെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ പ്രഖ്യാപിക്കുന്നത് കേരള ചരിത്രത്തില്‍ നാടാടെയാണ്.