പുതിയ ഇന്ത്യയുടെ ഏഴ് പാപങ്ങൾ.

Print Friendly, PDF & Email

രാജ്യത്തിലെ പൊതുജീവിതം ഇന്ന് കലാപ കുലിഷിതമാണ്. പഴയകാല മൂല്യങ്ങളും ധാർമ്മികതയും എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. പഴയ തെറ്റുകൾ ഇന്നിന്റെ ശരികളും പഴയ മൂല്യങ്ങൾ ഇന്നിന്റെ പാപങ്ങളുമായി മാറിക്കഴിഞ്ഞു. പുതിയ കാലഘട്ടത്തിൽ ജീവിതങ്ങൾക്കിടയിലെ കുറ്റപ്പെടുത്തലുകളുടെയും അപവാദങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും ദിനംപ്രതിയുള്ള കുത്തൊഴുക്കിൽപ്പെട്ട് നാശനഷ്ടങ്ങൾ നേരിടുന്ന പഴയകാല മൂല്യങ്ങളെ വളരെ അപൂർവമായി മാത്രമേ ഇന്നു വിലമതിക്കപ്പെടുന്നുള്ളൂ. ഒരു കാലത്ത് ഗവൺമെന്റുകൾ തെറ്റുകൾ കണ്ടെത്താനും തീർപ്പാക്കാനും ഉപയോ​ഗിച്ചിരുന്ന പ്രസിദ്ധമായ അന്വേഷണ ഏജൻസികളെ ഇന്ന് സ്വാർത്ഥതാൽപര്യ സംരക്ഷണാർത്ഥം ദുരുപയോഗം ചെയ്യുന്നതിന്റെ അലോസരപ്പെടുത്തുന്ന സംഭവങ്ങൾ ദൈനംദിന കാഴ്ചകളിൽ സാധാരണമാകുമ്പോൾ നാഗരികതയും സംവേദനക്ഷമതയും അലങ്കാരവും നർമ്മവും നാടുകടത്തപ്പെട്ട ഒരു രാഷ്ട്രീയ ഭൂപ്രകൃതിയിൽ കാലത്തിനൊത്ത് വേഷംകെട്ടുവാൻ നിർബ്ബന്ധിതരാകുന്ന ഒരു സമൂഹം ഇവിടെ വളർന്നുവരുന്നതിന്റെ അലോസരം ആരിലും ഒരു ചലനവും സൃഷ്ടിക്കുന്നില്ല. ഫലമോ, ജീവിതത്തിന്റെ മുൻകാല ധാർമ്മികതയൊന്നും തുറന്നുകാട്ടാത്ത യുവതലമുറ, ഇന്ന് കാണുന്നത് എല്ലാം സാധാരണ കാഴ്ച മാത്രമാണെന്ന് വിശ്വസിക്കാൻ തുടങ്ങുന്നു. മാറ്റാനാവാത്ത ഈ നാശം നമ്മുടെ ദേശീയ ജീവിതത്തിൽ പുതിയ ഇന്ത്യയുടെ ഏഴ് പാപങ്ങളായി പ്രകടമാവുകയാണ്. സമകാലിക ഇന്ത്യയുടെ ഏഴു പാപങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

1.നിയമത്തിന് മുന്നിൽ അസമത്വം:
തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അതിനെതിരെ വോട്ട് ചെയ്തവർ ഉൾപ്പെടെ എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും എല്ലാ പൗരന്മാരും നിയമത്തിന് മുന്നിൽ തുല്യരാണെന്നുമുള്ള തത്വത്തിൽ സർക്കാരിന്റെ നിയമസാധുത നങ്കൂരമിട്ടിരിക്കുന്നു. എന്നാൽ, നമ്മുടെ സമീപകാല ചരിത്രത്തിലെ ആവർത്തിച്ചുള്ള സംഭവങ്ങൾ ഈ വിശ്വാസത്തെ ഇളക്കിമറിക്കുകയും സമത്വ തത്വത്തിന്റെ വിധിയെക്കുറിച്ച് ഒരു ചോദ്യചിഹ്നം ഉയർത്തുകയും ചെയ്തിരിക്കുന്നു. പ്രതിപക്ഷ പാർട്ടി എംപിയായ മഹുവ മൊയ്‌ത്രയ്‌ക്കെതിരായ ആരോപണങ്ങൾ അതിവേഗം അന്വേഷിക്കുകയും പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി റെക്കോർഡ് സമയത്തിനുള്ളിൽ അവരെ അയോഗ്യയാക്കാൻ ശുപാർശ ചെയ്യുകയും ചെയ്യുമ്പോൾ ഭരണകക്ഷി എംപിമാർക്കും നേതാക്കൾക്കുമെതിരായ ഗുരുതരമായ ആരോപണങ്ങൾക്കുള്ള പ്രതികരണങ്ങൾ സൗകര്യപൂർവ്വം വൈകിപ്പിക്കുകയും നിശബ്ദമായി കുഴിച്ചുമൂടപ്പെടുകയും ചെയ്യുന്നു. നിയമത്തിന് മുന്നിൽ അസമത്വം എന്നത് പുതിയ സാധാരണ സം​ഗതി മാത്രമായി പരിണമിച്ചിരിക്കുന്നു, നീതിയിൽ സമത്വം എന്ന ആശയം തന്നെ അപകീർത്തികരമാക്കപ്പെട്ടിരിക്കുന്നു.

2. പ്രതികാര വീര്യം:
അന്വേഷകനും പ്രോസിക്യൂട്ടറും എന്ന നിലയിൽ ഭരണകൂടത്തിന്റെ അധികാരം സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ, ഭരണകക്ഷിയോട് അനുകൂല നിലപാടല്ലാത്ത മുഖ്യമന്ത്രിമാരും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉദ്യോ​ഗസ്ഥരും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും ആദായനികുതി വകുപ്പിന്റെയും റെയ്‌ഡിനും അറസ്റ്റിനും പ്രോസിക്യൂഷനും വിധേയമാകുന്ന ആവർത്തിച്ചുള്ള സംഭവങ്ങൾ നിത്യവാർത്തയായി മാറികഴിഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെയും പരിസരത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു… അഥവ കേന്ദ്രീകരിക്കവാൻ നിർബ്ബന്ധിതരാക്കപ്പെടുന്നു. അതേസമയം ഭരണകക്ഷി നേതാക്കളെ പുതപ്പിട്ടുമൂടി അവർ സംരക്ഷണം ഒരുക്കുന്നു. ഈ ഏജൻസികൾ നേടിയെടുത്ത വിശ്വാസ്യതയുടെ പാപ്പരത്തം വളിപ്പെട്ടതിനു പുറമെ ഇവരിലൂടെ നടപ്പിലാക്കുന്ന കടുത്ത രാഷ്ട്രീയ പകപോക്കലുകൾ ഭരണതലത്തിൽ കേന്ദ്രവും പല സംസ്ഥാനങ്ങളും തമ്മിലുള്ള ആശയവിനിമയത്തെ പോലും ഇല്ലാതാക്കി കഴിഞ്ഞു.

3. വിമർശനങ്ങളോടുള്ള അസഹിഷ്ണുത:
സർക്കാരിന്റെ നയങ്ങൾക്കും പ്രവർത്തനങ്ങൾക്കും വിമർശിക്കുന്നത് ഒരു ജനാധിപത്യ അവകാശമാണ്. സ്ഥാപനങ്ങൾ വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന ഒരു ഘട്ടത്തിലേക്ക് ഇന്ത്യ പ്രവേശിച്ചു എന്നതിന് കാർട്ടൂണുകൾ മെലിഞ്ഞും നിശബ്ദമായും മാറിയതിന്റെ തെളിവാണ്. ബിബിസിക്കെതിരായി പോലും എടുത്ത നടപടിയും സ്വതന്ത്ര ചിന്താഗതിയുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരായ റെയ്ഡുകളും അന്വേഷണങ്ങളും സ്വതന്ത്ര അച്ചടി മാധ്യമങ്ങളെ മാതമ്രല്ല ഓൺലൈൻ മാധ്യമങ്ങളെ പോലും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയണ്. സ്വതന്ത്രവും സത്യസന്ധവുമായ സ്ഥിതിവിവരക്കണക്കുകൾ പോലും ഇന്ന് പുച്ഛിച്ചുതള്ളപ്പെടുന്നു, സ്വതന്ത്ര മനസ്സുള്ള അക്കാദമിക് സ്ഥാപനങ്ങൾ വായ്മൂടിക്കെട്ടിയിരിക്കുന്നു. പൊതു ധാരയിൽ നിന്ന് വ്യത്യസ്തരാകുന്നത് അപകടകരമാണെന്ന പൊതുബോധം സാവധാനം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വളരെ കുറച്ച് വിമർശനം… അനുസരണത്തിന്റെ പ്രയോജനം… ചോദ്യം ചെയ്യലിന്റെ അപകടസാധ്യത ഇവയെല്ലാമാണ് സാധാരണ പൗരൻ പഠിക്കുന്ന പാഠങ്ങൾ.

4. അഴിമതി സാധാരണമാണെന്ന അവബോധം:
ഇന്ത്യൻ പൊതുജീവിതത്തിന് ധാർമ്മിക സാധ്യതയുടെ ശുദ്ധീകരണ പ്രവാഹം എന്നോ നഷ്ടപ്പെട്ടു കഴിഞ്ഞു. സ്വാതന്ത്ര്യാനന്തരം ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ തിളങ്ങിനിന്ന മൂല്യങ്ങളെല്ലാം പതിയെ മങ്ങികഴിഞ്ഞു. ഔപചാരിക സന്ദർഭങ്ങളിൽ വാചാടോപത്തിന് മസാല കൂട്ടാൻ വേണ്ടി ആദർശവാദം സൗകര്യപ്രദമായി അച്ചാറിട്ടിരിക്കുന്നു. ഇന്ത്യ അഴിമതി കുറഞ്ഞ രാജ്യമായി മാറുകയാണെന്ന് ആർക്കാണ് ബോധ്യത്തോടെ പറയാൻ കഴിയുക? ട്രാൻസ്‌പരൻസി ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച ലോക അഴിമതി സൂചികയിൽ,180 രാജ്യങ്ങളിൽ നമ്മുടെ റാങ്ക് 85 ആണ്. ഉദ്യോഗസ്ഥ തലത്തിൽ കുറഞ്ഞ മൂല്യമുള്ള അഴിമതിയും ഉന്നത തലങ്ങളിൽ ഉയർന്ന മൂല്യമുള്ള അഴിമതിയും സ്ഥാപനവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. അഴിമതി തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള സുരക്ഷാ ഫിൽട്ടറുകൾ ആണ് ഇന്ന് ഭരണത്തിന്റെ മേന്മയായി ​ഗണിക്കപ്പെടുന്നത്.

5. ഡബിൾസ്‌പീക്ക് കുഴപ്പമില്ല:
ഒരു കാര്യം തുടർച്ചയായി പ്രസംഗിക്കാനും നേരെ വിപരീതമായി പ്രവർത്തിക്കാനുമുള്ള ധൈര്യം ഇന്ന് ഇന്ത്യൻ നേതൃത്വത്തിനുണ്ട്. നികൃഷ്ടമായ അഴിമതി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുകയും കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കനുസൃതമായി നയങ്ങളും പരിപാടികളും രൂപപ്പെടുത്തുകയും ചെയ്യുമ്പോൾ, തട്ടിപ്പുകാരെയും വഞ്ചകരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അവർ അവകാശപ്പെടുന്നു, പക്ഷേ ഒന്നും ചെയ്യാതെ വർഷങ്ങളോളം ചെലവഴിക്കുന്നു. അതിനെല്ലാം ഓശാന പാടുകയാണ് പൗരധർമ്മം എന്ന മിഥ്യാബോധം ജനങ്ങളുടെ മനസ്സുകളിൽ രൂഢമൂലമാക്കുന്നതിൽ അവർ വിജയിച്ചു കഴിഞ്ഞു. ജനാധിപത്യത്തിന്റെ ലോക ഗുരുവായി നമുക്ക് നടിക്കാം.

6. അലങ്കാരങ്ങളാൽ മറയ്ക്കപ്പെട്ട ജാലകങ്ങൾ:
സമൂഹത്തിന്റെ ഇരുണ്ട മുറികളിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടേണ്ട ജാലകങ്ങളാണല്ലോ മാധ്യമങ്ങൾ. എന്നാൽ ഇന്നാജാലകങ്ങൾ കാണിക്കുന്നതും വെളിപ്പെടുത്തുന്നതും സത്യമായിരിക്കില്ല, മറിച്ച് അവസാനിപ്പിച്ച ആദർശത്തിന്റെ പ്രതിനിധാനമാണ് പത്രങ്ങളിലെ മുഴുവൻ പേജുകളോ ഒന്നിലധികം പേജുകളോ ഉള്ള സ്പ്രെഡുകളെല്ലാം. അവർ യാഥാർത്ഥ്യത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ നൽകുന്നില്ല. പകരം, ആഘോഷിക്കുക മാത്രമാണ് ചെയ്യുന്നത്. ഉദ്ദേശം ലളിതമാണ്: എല്ലാം ശരിയാണെന്ന് അറിയിക്കാനും ആരും അകത്തേക്ക് നോക്കാതിരിക്കാൻ ജനാലകൾ അലങ്കരിക്കാനും ആണ് അവർ ശ്രമിക്കുന്നത്.

7. മതേതരത്വത്തിന്റെ ലഗേജിൽ ഒളിച്ചുകടത്തുന്ന മതമൗലീകത:
സര്‍ക്കാരുകളുടെ മിക്കവാറും എല്ലാ പ്രവർത്തനങ്ങളിലും മതം നിരന്തരം കേന്ദ്രസ്ഥാനത്ത് നിൽക്കുമ്പോൾ, രാജ്യത്തിന്‍റെ മതേതരഘടന പൊട്ടിത്തകരുകയാണ്. ഭരണമേധാവികൾ തന്നെ പൗരോഹിത്യത്തിന്റെ വേഷം കെട്ടി ഗംഭീരമായ ചടങ്ങുകൾ പൊതു ​ഖജനാവിന്റെ ഫണ്ടുകൊണ്ട് നടത്തുമ്പോൾ അതിനെ വാഴ്ത്തിപ്പാടിയില്ലങ്കിൽ അത് കടുത്ത രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുന്നു. സർക്കാർ പദ്ധതികളിലും നിയമനിർമ്മാണങ്ങളിലും നിർബന്ധിതമായി ഉപയോഗിക്കുന്ന സംസ്‌കൃത നാമകരണം, മഹത്തായ സംസ്കാരത്തിന്റെ ഭാ​ഗമാണെന്ന് ചിത്രീകരിച്ച് നൂറ്റാണ്ടുകളുടെ പിന്നാമ്പുറങ്ങളിലേക്ക് ജനങ്ങളെ കൊണ്ടുപോകുന്നത് മഹത്തായ കാര്യമാണെന്ന വിശ്വാസം ഊട്ടി ഉറപ്പിക്കുകയാണ് രാഷ്ട്രീയ നേതൃത്വം. മതനിരപേക്ഷതയെ പഴയ കാലത്തെ ആദർശമായി തള്ളിക്കളഞ്ഞു കൊണ്ട് പൊതു അവസരങ്ങളിൽ മതം പ്രകടിപ്പിക്കൽ ഒരു മഹാ കാര്യമായി ​ഗണിക്കപ്പെടുന്ന ഇന്നിന്റെ നീതിശാസ്ത്രം, അവരവരുടെ മതപരമായ സ്വത്വം സ്ഥാപിക്കലാണ് ധർമ്മം എന്ന ചിന്താ​ഗതി പൊതു സമൂഹത്തിന്‍റെ ചിന്താധാരയില്‍ ഊട്ടിഉറപ്പിക്കപ്പെട്ടു കഴിഞ്ഞു.

പുതിയ ഇന്ത്യയിൽ പ്രബലമായ ഈ ഏഴ് പാപങ്ങൾ രാഷ്ട്രീയവും ഭരണപരവുമായ ഭാഷാശൈലിയായി മാറുമ്പോൾ രണ്ട് പ്രധാന കാര്യങ്ങൾ നാം സൗകര്യപൂർവ്വം മറക്കുകയാണ്. ഒന്ന്, ഈ വികലമായ ആശയങ്ങളെല്ലാം നമ്മുടെ ഭരണഘടനാ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നതാണ്. മറ്റൊന്ന്, ഈ പുതിയ പാപങ്ങളുടെ വക്താക്കളായി നാം മാറുന്നതിലൂടെ നമ്മുടെ പുതിയ തലമുറയുടെ ആന്തരിക ശക്തിയെ തന്നെയാണ് കവർന്നെടുക്കുന്നത്. അങ്ങനെ, സത്ത നഷ്ടപ്പെട്ട് ഊഷരമായ ഒരു സമൂഹ നിർമ്മതിയുടെ അടിത്തറയാണ് നാം കെട്ടിപ്പടുക്കുന്നത്.

Pravasabhumi Facebook

SuperWebTricks Loading...