ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പിന്നാലെ സൂനാമി.

Print Friendly, PDF & Email

വടക്കന്‍ ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന് പിന്നാലെ സൂനാമി. ജപ്പാന്റെ തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു. വാഹനങ്ങൾ ഒലിച്ചുപോവുകയും റോഡുകളിൽ ഉൾപ്പെടെ വലിയ വിള്ളലുകളുണ്ടാവുകയും ചെയ്തു. തുടർന്ന് ഹൈവേകൾ അടക്കുകയും ഇഷിക്കാവയിലേക്കുള്ള അതിവേഗ റെയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവക്കുകയും ചെയ്തു. സുനാമിയെ തുടര്‍ന്ന് തീരത്ത് നിന്നും ഒഴിഞ്ഞു പോകണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജപ്പാനിൽ റിക്ടര്‍ സ്‌കെയിലില്‍ 4.0 മുതല്‍ 7.6 വരെ രേഖപ്പെടുത്തിയ തുടര്‍ച്ചയായ 21 തുടർ ഭൂചലനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ടോയാമ, ഇഷികാവ, നിഗറ്റ എന്നീ പ്രദേശങ്ങളെയാണ് ഭൂചലനം കാര്യമായി ബാധിച്ചത്. ജപ്പാനിലെ പ്രധാന ദ്വീപായ ഹോണ്‍ഷുവിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള പ്രദേശങ്ങളാണിവ.

പ്രദേശത്തെ ഇന്‍റര്‍നെറ്റ് സേവനമടക്കം തടസപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 36,000ത്തിലേറെ ജനങ്ങള്‍ക്ക് വൈദ്യുതി മുടങ്ങി. ഭൂകമ്പം ഉണ്ടായ പ്രദേശങ്ങളിൽ തീപിടുത്തങ്ങളും മണ്ണിടിച്ചിലുമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി കിഷിദ അറിയിച്ചു. റഷ്യയും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സഖാലിൻ ദ്വീപിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണെന്ന് റഷ്യ അറിയിച്ചു.