എന്താണ് അഗ്നി…?
മനുഷ്യന് ശാസ്ത്ര ബോധം ഇല്ലാത്ത കാലത്ത് അവൻ അഗ്നി എന്ന പ്രതിഭാസത്തെ കണ്ട് അദ്ഭുതസ്തബ്ധനായി നിന്നു പോയിട്ടുണ്ട്. സംഹാരമൂർത്തി ആയ അതിനെ ഭയപ്പാടോടു കൂടി ദൈവമായി കണ്ട് ആരാധിച്ചിട്ടുണ്ട്. അഷ്ടദിക്ക് പാലകരിൽ തെക്കു കിഴക്കേ ദിക്കിന്റെ അധിപനായി വാഴിച്ചിട്ടുമുണ്ട്.
എന്നാൽ, ഇത് ശാസ്ത്രയുഗമാണ്. അഗ്നി എന്നാൽ എന്ത് എന്ന് ഇന്ന് ശാസ്ത്രത്തിന് വ്യക്തമായ ധാരണയുണ്ട്. അത് ദൈവമല്ല എന്നും ഭൂമിയിൽ നടക്കുന്ന അനേകായിരം രാസപ്രവർത്തനങ്ങളിൽ ഒന്നു മാത്രമായ ഓക്സിഡേഷൻ റിയാക്ഷനാണെന്നുമുള്ള യാഥാർത്ഥ്യത്തിൽ ശാസ്ത്രം എത്തി നിൽക്കുന്നു.
അഗ്നിയെ ശാസ്ത്ര ഭാഷയിൽ പറയുന്നത് ‘റാപ്പിഡ് ഓക്സിഡേഷൻ റിയാക്ഷൻ’ എന്നാണ്. വസ്തു ഓക്സിജനുമായി കൂടിച്ചേരുന്ന പ്രക്രിയയാണിത്. വസ്തു കത്തേണമെങ്കിൽ അന്തരീക്ഷത്തിലെ സ്വതന്ത്ര ഓക്സിജന്റെ അളവ് മിനിമം 16% ആയിരിക്കണം. പരിണാമത്തിന്റെ ആദ്യ അവസ്ഥയിലുള്ള ഭൗമാന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കേവലം 2% മാത്രമായിരുന്നു. ഓക്സിജന്റെ ദൗർലഭ്യം കൊണ്ട് ഭൂമിയിൽ ഒരു വസ്തുവും അന്ന് കത്താറില്ലായിരുന്നു.
പിൽക്കാലത്ത് പരിണമിച്ചുണ്ടായ ഹരിതസസ്യങ്ങൾ പ്രകാശസംശ്ലേഷണം (Photosynthesis) നടത്തിയാണ് അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് ഇന്നത്തെ 21% ത്തിൽ എത്തിയത്.
അങ്ങനെയാണ് അഗ്നി ഭൂമിയിൽ ഉണ്ടായത്. അല്ലാതെ അനാദി കാലം മുതൽ ഭൂമിയിൽ നിലനിന്നിരുന്ന ഒരു പ്രതിഭാസമല്ല അഗ്നി. റാപ്പിഡ് ഓക്സിഡേഷൻ റിയാക്ഷനായ അഗ്നി ഒരു എക്സോതെർമ്മിക്ക് റിയാക്ഷനാണ്. അതായത് രാസപ്രവർത്തനം നടക്കുമ്പോൾ ചൂടും വെളിച്ചവും പുറത്തേക്കു വിടുന്നു. അതേ പോലെ തന്നെ ചൂട് ഉള്ളിലേക്കു വലിച്ചെടുക്കുന്ന എൻഡോതെർമ്മിക്ക് റിയാക്ഷനും ഭൂമിയിൽ നടക്കുന്നുണ്ട്.
സൂര്യനിൽ നടക്കുന്ന ജ്വലനവും ഭൂമിയിൽ കാണപ്പെടുന്ന അഗ്നിയും തമ്മിൽ അജഗജ അന്തരമാണുള്ളത്. സൂര്യനിൽ നടക്കുന്നത് ന്യൂക്ലിയാർ ഫ്യൂഷൻ റിയാക്ഷനും, ഭൂമിയിലെ അഗ്നി ഒരു രാസപ്രവർത്തനം മാത്രവുമാണ്. ന്യൂക്ലിയാർ റിയാക്ഷനിൽ ഓക്സിജന്റെ ആവശ്യകതയുടെ പ്രശ്നമേ ഉദിക്കുന്നില്ല.
സൂര്യനിൽ ഹൈഡ്രജന്റെ അണുകേന്ദ്രങ്ങൾ ഉരുകിച്ചേർന്ന് ഹീലിയത്തിന്റെ അണുകേന്ദ്രങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഈ പ്രക്രിയയിൽ കുറെ ദ്രവ്യം ഊർജമായിമാറ്റപ്പെടുന്നു. അതാണ് നമുക്കു ലഭിക്കുന്ന സൗരപ്രകാശവും ചൂടും. ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ഷൻ തുടങ്ങാൻ വേണ്ട മിനിമം താപനില ഒരു കോടി അൻപതു ലക്ഷം ഡിഗ്രി സെലീഷ്യസാണ്. സൂര്യന്റെ ആന്തരിക താപനിലയും ഇതാണ്.