മന്ത്രിമാര്‍ക്ക് വേണ്ടിയുള്ള നവ കേരള സ്പെഷ്യൽ ബസിന് 1.5 കോടി. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് 73 ലക്ഷം

Print Friendly, PDF & Email

നവ കേരള സദസ്സിനായുള്ള സ്പെഷ്യൽ ബസിനായി ഫണ്ട് അനുവദിച്ച് ഉത്തരവിറങ്ങി. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത്. ആഢംബര ബസിന്റെ പണി ബെംഗളൂരിവിൽ പുരോഗമിക്കുകയാണ്.

അതേസമയം, മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം 72,09,482 രൂപയാണ് ചെലവായത്. 2022 ജനുവരിയിലും ഏപ്രിൽ, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (7499932 രൂപ) സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ചത്.

മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് 2022 ജനുവരി മാസത്തിൽ ചെലവായത് 29,82,039 രൂപയാണ്. ഇവിടെ തന്നെ 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ മുഖ്യമന്ത്രി ചികിത്സ തേടിയപ്പോൾ 42,27,443 രൂപ ചെലവായി. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചെലവായ 47,769 രൂപയും ഇതേ കാലത്ത് ഇതേ ക്ലിനിക്കിൽ മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ 28,646 രൂപയും അനുവദിച്ചിട്ടുണ്ട്