ദുരിതാശ്വാസ ഫണ്ട് അനുവദിച്ചതിൽ സർക്കാർ വീഴ്ച അക്കമിട്ട് നിരത്തി ലോകായുക്ത

Print Friendly, PDF & Email

ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയെന്ന പരാതിയിൽ സംസ്ഥാന സർക്കാരിനെ വിധിയിൽ രൂക്ഷമായി വിമർശിച്ച് ലോകയുക്ത സിറിയക് ജോസഫ്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധി പകർപ്പിലാണ് അപേക്ഷ കിട്ടാതെ പണം അനുവദിക്കേണ്ട തിടുക്കം ഉണ്ടായിരുന്നില്ല എന്നടക്കം വിമർശനം ഉന്നയിക്കുന്നത്. എന്നാൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനും തെളിവില്ലെന്ന് വിധിയിൽ ലോകായുക്ത ചൂണ്ടിക്കാട്ടുന്നത്.

ഫണ്ട് വിനിയോഗം ലോകയുക്തക്ക് പരിശോധിക്കാമെന്ന് ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭാ കാലാവധി തീർന്നെങ്കിലും പരാതി നില നിൽക്കും. ഫണ്ട് അനുവദിച്ചുള്ള മന്ത്രിസഭാ തീരുമാനം നയപരമായ തീരുമാനമല്ല, മറിച്ച് ഭരണപരമായ തീരുമാനമാണ്. പൊതു പണമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫണ്ട് അനുവദിച്ചതിൽ അപാകതകളുണ്ട്. സിഎംഡിആർഎഫ് നിയമപ്രകാരമുള്ള ഒരു അപേക്ഷയും ഉണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗത്തിന്റെ നോട്ടും ഉണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിലും വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. സംസ്ഥാന സർക്കാർ തീരുമാനമെടുക്കുമ്പോൾ വിവേചനാധികാരം ഏകപക്ഷീയമാകരുതെന്ന് സിറിയക് ജോസഫ് വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇന്ന് ലോകായുക്ത വിധിപറഞ്ഞത്. മരണ ശേഷം ഉഴവൂർ വിജയന്‍റെ കുടുംബത്തിനും ചെങ്ങന്നൂർ മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ കുടുംബത്തിനും, കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച വാഹനം ഇടിച്ച് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിനും ഒരു അപേഷാ രേഖ പോലുമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചിരുന്നു. ഇത് അധികാര ദുർവിനിയോഗമെന്ന് കാട്ടി ആർഎസ് ശശികുമാർ നൽകിയ ഹർജിയാണ് ലോകായുക്ത ഫുൾബഞ്ച് തള്ളിയത്.

ലോകായുക്ത വിധി തന്നെ സ്വജനപക്ഷപാതപരമെന്ന് ആരോപിക്കുകയാണ് കോണ്‍ഗ്രസ്. സർക്കാർ വിലാസം സംഘടനയായി ലോകായുക്ത അധഃപതിച്ചുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ക്രമക്കേട് ഉണ്ടെന്ന് സമ്മതിക്കുമ്പോഴും ഹർജി തള്ളിയത് വിചിത്രമെന്നും വിമർശനമുയരുന്നു. മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്ന് സ്വീകരിച്ച ലോകായുക്തയും സിപിഎം എംഎൽഎയായിരുന്ന കെകെ രാമചന്ദ്രൻ നായരുടെ ജീവചരിത്രത്തിന് ഓർമ്മക്കുറിപ്പ് എഴുതിയ ഉപലോകായുക്തമാരും പുറപ്പെടുവിച്ച വിധി അത്ഭുതപ്പെടുത്തുന്നില്ലെന്നായിരുന്നു ഹർജിക്കാരൻ ആർഎസ് ശശികുമാറിന്‍റെ പ്രതികരണം.