വില കൂട്ടുകയല്ല ജനങ്ങള്‍ക്ക് ഭാരമാകാതെ സബ്സിഡി കുറക്കുകയാണ് ചെയ്യുന്നതെന്ന് ഭക്ഷ്യമന്ത്രി
വില കൂട്ടുകയല്ല ജനങ്ങള്‍ക്ക് ഭാരമാകാതെ സബ്സിഡി കുറക്കുകയാണ് ചെയ്യുന്നതെന്ന് ഭക്ഷ്യമന്ത്രി. സംസ്ഥാനത്ത് സബ്സിഡി നിരക്കില്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇടതുമുന്നണി യോഗത്തിൽ ധാരണയായെങ്കിലും നവകേരള സദസ്സിനുശേഷം മാത്രമേ ഇത് നടപ്പാക്കുകയുള്ളൂ. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ നവകേരളസദസ്സ് സംഘടിപ്പിക്കുന്ന ഘട്ടത്തിൽ അവശ്യസാധനങ്ങളുടെ വിലകൂട്ടുന്നത് ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ. അതിനാലാണ് വിലവർധന കുറച്ചുദിവസത്തേക്ക് നീട്ടിയത്. ചെറുപയർ, ഉഴുന്ന്, കടല, തുവരപരിപ്പ്, മുളക്, മല്ലി, വന്‍പയര്‍, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി തുടങ്ങിയ 13 അവശ്യ സാധനങ്ങൾക്ക് ആണ് വില കൂട്ടുക. പുതിയ വിലയും അത് വർധിപ്പിക്കേണ്ട സമയവും സംബന്ധിച്ച് നിർദേശം സമർപ്പിക്കാൻ മന്ത്രി ജി ആർ അനിലിനെ ചുമതലപ്പെടുത്തി. ജനങ്ങള്‍ക്ക് ഭാരമാകത്ത തരത്തില്‍ വില കൂട്ടലല്ല സബ്സിഡി പരിഷ്കരണമാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ നിരക്കിൽ സാധനങ്ങൾ നൽകുന്നതിലൂടെ പ്രതിമാസം 50 കോടിയുടെ അധിക ബാധ്യത സഹിക്കേണ്ടി വരുന്ന സപ്ലൈകോയെ രക്ഷിക്കാൻ മറ്റ് മാർഗ്ഗം ഇല്ലെന്നാണ് ഭക്ഷ്യ മന്ത്രിയുടെ വിശദീകരണം.