വിവർത്തന ശില്പശാല

Print Friendly, PDF & Email

ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേഴ്സ് അസോസിയേഷൻ ബംഗളൂരു-66.

കേരളപിറവിയോടനുബന്ധിച്ച് ദ്രാവിഡ ഭാഷാ വിവർത്തകരുടെ സംഘത്തിൻെറ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു വിവർത്തന ശില്പശാല നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് . മാതൃഭാഷയേക്കാൾ ഇംഗ്ലീഷ് ഭാഷക്ക് പ്രാധാന്യം നൽകുകയും മലയാളത്തെ രണ്ടാമത്തേയോ മൂന്നാമത്തേയോ സ്ഥാനത്തേക്ക് താഴ്ത്തപ്പെടുകയും ചെയ്യുന്നത് വേദനാജനകമാണ്.
വയനാശീലത്തിന്റെ കുറവും ഇംഗ്ലീഷ്ഭാഷയോടുള്ള വ്യാമോഹവും പുസ്തകത്തിനേക്കാൾ കൂടുതൽ മൊബൈലുകൾ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതും മാതൃഭാഷയെ അവഗണിക്കുന്നതിനുള്ള കാരണങ്ങളിൽ ഉൾപ്പെടുന്നു. മലയാളത്തെ മറക്കുന്നതിനോടൊപ്പം മാതൃഭൂമിയെയും മറന്ന്
വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും വേണ്ടി വിദേശത്തിലേക്ക് പറക്കുന്നവരുടെ എണ്ണം ദിവസം പ്രതി കൂടുകയാണെന്നുള്ള വസ്തുത നമുക്കറിവുള്ളതാണ്. ഒടുവിൽ അവിടെ സ്ഥിരതാമസം ആക്കുന്ന മലയാളികളുടെ എണ്ണവും ഒട്ടും കുറവല്ല. മാതൃഭൂമിയോടും മാതൃഭാഷയോടുമുള്ള ഈ അവഗണന സ്വമാതാപിതാക്കളെ പോലും അവഗണിക്കുന്നതിനും കാരണമാകാറുണ്ട്.

ഈ സാഹചര്യത്തിൽ മാതൃഭാഷയുടെ മഹത്വവും ആവശ്യകതയും വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനുവേണ്ടി ഒരു പുതിയ മാർഗ്ഗമായിട്ടാണ് വിവർത്തന ശില്പശാലകൾ ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷിന്റെ വ്യാമോഹ വലയത്തിൽ വീണിരിക്കുന്ന വിദ്യാർഥികളെ അതേ ഇംഗ്ലീഷിൽ കൂടെ തന്നെ മലയാളത്തിനോട് അടുപ്പിക്കുക എന്ന ആശയത്തോടെ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് ഉള്ള വിവർത്തന ശില്പശാലകളാണ് ഈ വർഷം ഡിബിറ്റിഎ തയ്യാറാക്കിയിരിക്കുന്നത്.

ലോകത്തിൻെറ തന്നെ വിവിധ മൂലകളിൽ കേരളപ്പിറവി വളരെ ആഡംബരമായിട്ടാ ഘോഷിക്കപ്പെടുമ്പോഴും മലയാളം എഴുതാനും വായിക്കാനും അറിയാത്ത എന്നാൽ ഇംഗ്ലീഷ് വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ ഉണ്ടെന്ന സത്യം നമ്മൾ അറിയേണ്ടതുണ്ട്.

ദ്രാവിഡ ഭാഷ ട്രാൻസിലേറ്റേഴ്സ് അസോസിയേഷന്റെ കഴിഞ്ഞ രണ്ടു വർഷക്കാലത്തെ നിരന്തരമായ പ്രവർത്തനത്തിൽ നിന്നും തമിഴ് കന്നഡ തെലുങ്ക് മലയാളം തുളു ഭാഷകളിൽ വിവർത്തനം ചെയ്യുന്നതിന്റെ സെമിനാറുകളും വർഷോപ്പുകളും സംഘടിപ്പിച്ചപ്പോൾ ഇംഗ്ലീഷിൽ നിന്നും ഹിന്ദിയിൽ നിന്നും ദ്രാവിഡ ഭാഷയിലേക്ക് ട്രാൻസ്ലേഷൻ ചെയ്യാൻ അനേകം പേർ മുമ്പോട്ട് വന്നതുകൊണ്ടും ഇംഗ്ലീഷ് ഇൻറർനാഷണൽ ഭാഷ ആയതുകൊണ്ടും മാതൃഭാഷകളായ ദ്രാവിഡ ഭാഷകളിൽ ഇന്നത്തെ വിദ്യാർത്ഥികൾ വളരെ പിറകിൽ ആയതുകൊണ്ടുമാണ് ഇംഗ്ലീഷിൽ നിന്നും ഹിന്ദിയിൽ നിന്നും അവരവരുടെ മാതൃഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന ശില്പശാലകൾ സംഘടിപ്പിക്കാൻ ആലോചിച്ചത്.

ശില്പശാലയെ കുറിച്ച് പറയുകയാണെങ്കിൽ 40 മുതൽ 50 വരെ കുട്ടികളെയാണ് ഒരു ശിൽപ്പശാലയിൽ ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി, മലയാളവും നന്നായിട്ട് അറിയാവുന്ന ഹൈസ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒരേ സ്കൂളിലെ കുട്ടികളെ അല്ലെങ്കിൽ വിവിധ സ്കൂളിലെ കുട്ടികളെ ശിൽപ്പശാലയിൽ പങ്കെടുപ്പിക്കാവുന്നതാണ്. മലയാളം, ഇംഗ്ലീഷ് ഹിന്ദി പഠിപ്പിക്കുന്ന സാഹിത്യാഭിരുചിയുള്ള അധ്യാപകർക്കും ഈ വർക്ഷോപ്പിൽ പങ്കെടുപ്പിക്കാവുന്നതാണ്. വിദ്യാർഥികൾക്ക് അവരവരുടെ ഇംഗ്ലീഷ്/ ഹിന്ദി പാഠ പുസ്തകങ്ങളിൽനിന്നും പദ്യങ്ങളോ ഗദ്യങ്ങളോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാവുന്ന താണ്. ഡി. ബി. റ്റി.എ തയ്യാറാക്കിയിരിക്കുന്ന ചെറിയ ഇംഗ്ലീഷ് അഥവാ ഹിന്ദി ലേഖനങ്ങൾ, പദ്യങ്ങൾ മലയാളത്തിലേക്ക് വർത്തനം ചെയ്യാം. തെരെഞ്ഞെടുക്കുന്ന വിവർത്തനങ്ങൾ ദ്രാവിഡം പബ്ലിക്കേഷൻ പുസ്തകരൂപത്തിൽ പബ്ലിഷ് ചെയ്യുന്നതുമാണ്. വിവർത്തനത്തിന് ആവശ്യമായ വസ്തുക്കൾ നൽകുന്നതാണ്. ശില്പശാലയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഡി.ബി.റ്റി.എ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. മൂന്നു മണിക്കൂർ സമയമാണ് വർക്ഷോപ്പിനായിട്ട് ഉദ്ദേശിക്കുന്നത്. അരമണിക്കൂർ ഇനാഗുറൽ സെഷനും 45 മിനിറ്റോളം വിവർത്തനം എങ്ങനെ ചെയ്യണം എന്നുള്ളതിനെ കുറിച്ചുള്ള ക്ലാസും 10 നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കുട്ടികളെ കൊണ്ട് വിവർത്തനം ചെയ്യിപ്പിക്കുന്ന പ്രാവർത്തിക ക്ലാസ്സും ആണ് ഈ ശിൽപ്പശാലയിൽ ഉൾപ്പടുത്തിയിരിക്കുന്നത്.

മലയാളത്തെ വളർത്താൻ, വളർന്നു വരുന്ന കുട്ടികൾക്ക് മാതൃഭാഷയുടെ മഹത്വവും ഇതര ദ്രാവിഡ ഭാഷാ സാഹിത്യവും സംസ്കാരവും പഠിക്കുന്ന തിന് ഇത്തരം ശില്പശാല കൾ വളരെയധികം പ്രയോജനപ്പെടൂമെന്നതിൽ സംശയമില്ല. കാരണം ഭാഷയാണ് സാഹിത്യം. സാഹിത്യ മാണ് സംസ്കാരം.

Pravasabhumi Facebook

SuperWebTricks Loading...