വെല്ലുവിളികളിൽ നിന്ന് രാഹുൽ ഒളിച്ചോടുമോ ?
കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ഇനി കേവല ദിവസങ്ങൾ മാത്രം. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിക്കാൻ മറ്റു രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്തി അതിന്റെ നേതൃത്വത്തിലേക്ക് വരാൻ രാഹുൽ ഇനിയും ഒരുപാട് കടമ്പകൾ കടക്കേണ്ടതായുണ്ട്.
ഗുജറാത്തിൽ നിന്ന് അവസാനം കേട്ട വാർത്തകൾ കോൺഗ്രസ്സിനും പ്രസിഡന്റ് സ്ഥാനം കാത്തിരിക്കുന്ന രാഹുലിനും ശുഭസൂചകം അല്ല. പതീഡർ അനാമത് ആണ്ടോളൻ സമിതി (പിഎഎസ്എഎസ്) അംഗങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ പ്രതികരിച്ചത് കോൺഗ്രസ്സ് ഓഫീസുകൾ ആക്രമിച്ചുകൊണ്ടാണ്. ഇത് ഇന്നലെ വരെ രാഹുൽ എന്ത് പറഞ്ഞിരുന്നോ അതിനു വിപരീതമാണ്. ഒരു വശത്തുകൂടി മുന്നേറുമ്പോൾ മറു വശത്തു പിടിച്ചെടുത്തതെല്ലാം നഷ്ടപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്..
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽനിന്ന് അധികാരത്തെ പിടിച്ചെടുക്കാൻ പ്രയക്നിക്കുന്നതിനു മുൻപ് അവർ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ മറികടക്കേണ്ടതുണ്ട്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് കോൺഗ്രസ്സും പ്രതിപക്ഷ പാർട്ടികളും പറയുന്നുവെങ്കിലും ദിശാബോധത്തോടെയുള്ള പ്രവർത്തനം ദ്രുതഗതിയിൽ നടത്താൻ അവർക്കു കഴിയുന്നില്ല. കോൺഗ്രസ് മുന്നണിയിൽ അവരുടെ നേതാവിനെ പ്രധാനമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, രാഹുൽ ഈ പരിപാടിക്ക് ശക്തമായ നേതൃത്വം നൽകേണ്ടതുണ്ട്. അല്ലാതെ ഒളിച്ചുകളിയും വാക് പോരും മാത്രം നടത്തിയിട്ട് മാത്രം കാര്യം ഇല്ല.
വിമർശനം കൊണ്ട് മാത്രം മോദിയുടെ പ്രശസ്തിക്കു മങ്ങലേല്പിക്കാൻ രാഹുലിന് കഴിയില്ല. അതിനു തന്ത്രപരമായ നീക്കങ്ങൾ അനിവാര്യമാണ്. അടുത്തിടെ രാഹുൽ ഗാന്ധിയെ മുതിർന്ന നേതാവായി പക്വതയോടെ പ്രവർത്തിക്കുന്നത് കാണാൻ കഴിയുമായിരുന്നു. ഇപ്പോൾ അദ്ദേഹം പ്രതീക്ഷ നഷ്ടപ്പെട്ടു വൈമനസ്യം നിറഞ്ഞ നേതാവായി കാണപ്പെടുന്നു. ഒരു ആന്റണിയെ സഹ അദ്ധ്യക്ഷനാക്കി പടപുറപ്പാടിനിറങ്ങാൻ തുനിയുമ്പോൾ ആയുധങ്ങളോ സൈന്യങ്ങളോ ഇല്ലാതെ യുദ്ധക്കളത്തിൽ നിൽക്കുന്ന പോരാളിയെ പോലെ യാണ് രാഹുൽ ഇന്ന്. ആവശ്യമുള്ള , വിശ്വസിക്കാൻ കഴിയുന്ന ആൾക്കാരെ കൂടെ നിർത്താൻ പോലും ആകാതെ ബുദ്ധിമുട്ടുകയാണ് ഈ സൈന്യാധിപൻ. ഇന്ന് കൂടെ യുള്ളവർ നാളെ ഏതു ക്യാമ്പിലാണ് ചേക്കേറുകയെന്നത് പറയാൻ തന്നെ പ്രയാസമാണ്.
സമ്പത് വ്യവസ്ഥയുടെ മോശം പ്രകടനവും, ജി എസ ടി യുടെ അപാകതകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ബ്രിഹത്തായ ചർച്ചകൾ ആക്കാൻ രാഹുലിനും അനുയായികൾക്കും കഴിഞ്ഞിട്ടുണ്ട്. എങ്കിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോഡി സർക്കാർ എടുത്ത തീരുമാനങ്ങളുടെ പ്രതിഫലനം വ്യക്തമാവുകയും അത് സാമ്പത്തിക പരിഷ്കരണ നടപടികളുടെ നല്ല ഫലങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന പക്ഷം ഇപ്പോൾ രാഹുൽ ചെയ്യുന്നതെല്ലാം വെറുതെയാകുകയും ചെയ്യും. അങ്ങനെ ഉണ്ടാകുമെന്നു തന്നെയാണ് ബഹുഭൂരിപക്ഷം സാമ്പത്തീക വിദഗ്ധരും പറയുന്നത്.
പൊതു തിരഞ്ഞെടുപ്പിൽ എൻ.ഡി.എയെ തകർക്കാൻ പറ്റുന്ന തരത്തിലുള്ള തന്ത്രങ്ങളും , ജനങ്ങളോട് സംവദിക്കാൻ ഉള്ള കരുത്തും സൃഷ്ടിക്കാൻ കഴിയണം. പക്ഷേ, കോൺഗ്രസ്സോ രാഹുൽ ഗാന്ധിയോ ഇത്തരമൊരു പ്രശ്നം ഇതുവരെയും ചിന്തിക്കുകയോ അത് ഏറ്റെടുക്കാൻ പ്രാപ്തരോ ആയിട്ടില്ല. ഒരുപക്ഷെ താമസംവിനാ രാഹുൽ വീണ്ടും ഒരു ദീർഘകാല അവധിയെടുത്താലും അതിശയിക്കേണ്ടതില്ല. വീണ്ടും അത് വെല്ലുവിളികളിൽ നിന്ന് ഒരു ഒളിച്ചിട്ടമായ് ചിത്രീകരിക്കപ്പെടാം.
– സന്തോഷ് കുമാർ ഇലവുംതിട്ട –