അഞ്ചു സംസ്ഥാനങ്ങളില്‍ അങ്കം കുറിച്ചു. രാജ്യം മിനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്

Print Friendly, PDF & Email

നിയമസഭാ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. ഇനി അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

  1. ഛത്തീസ്ഗഡ് –രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും
    വോട്ടെടുപ്പ് -നവംബർ 7, നവംബർ 17
    വോട്ടെണ്ണൽ -ഡിസംബർ 3
  2. മിസോറാം
    വോട്ടെടുപ്പ് -നവംബർ 7
    വോട്ടെണ്ണൽ -ഡിസംബർ 3
  3. മധ്യപ്രദേശ്
    വോട്ടെടുപ്പ് -നവംബർ 17
    വോട്ടെണ്ണൽ -ഡിസംബർ 3
  4. തെലങ്കാന
    വോട്ടെടുപ്പ് -നവംബർ 30
    വോട്ടെണ്ണൽ -ഡിസംബർ 3
  5. രാജസ്ഥാൻ
    വേട്ടെടുപ്പ് -നവംബർ 23
    വോട്ടെണ്ണൽ- ഡിസംബർ 3

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്. അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജീകരിക്കും. ഇതിൽ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതം വർദ്ധിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ സന്ദ‌ർശനം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തിയിരുന്നു. സുതാര്യത ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ ഓൺലൈനായി സംഭാവനകളുടെ വിവരങ്ങളും, വാർഷിക ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കണം. സംസ്ഥാനങ്ങളിലെ അതിർത്തികളിൽ കർശന സുരക്ഷയും പരിശോധനയും നടത്തും. പണം കടത്ത് തടയാൻ കർശന പരിശോധന ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ അഭിപ്രായ സർവെ ഫലങ്ങളും പുറത്തുവന്നു. നാലു സംസ്ഥാനങ്ങളിലും വമ്പൻ മുന്നേറ്റം കോൺഗ്രസിന് ഉണ്ടാകുമെന്നാണ് ആദ്യം പുറത്തുവന്ന സർവെ പ്രവചനമായ എ ബി പി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്. ഭരണതുടര്‍ച്ച തേടുന്ന കോണ്‍ഗ്രസ്സിനെ രാജസ്ഥാന്‍ കൈവിടുമെന്ന സൂചനയാണ് സര്‍വ്വേ നല്‍കുന്നത്. എന്നിരുന്നാലും, വലിയ പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങുന്ന ബി ജെ പിക്ക് കടുത്ത നിരാശയാകും ഫലമെന്നും എ ബി പി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നു.

തെലങ്കാനയിൽ കോൺ​ഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരത്തിലേറാമെന്നാണ് പ്രവചനം. അങ്ങനെയെങ്കിൽ തെലങ്കാന സംസ്ഥാന രൂപീകരണത്തിന്‍റെ നേട്ടം അന്ന് സ്വന്തമാക്കാനാകാതെ പോയതിന്‍റെ ക്ഷീണം കോൺഗ്രസിന് ഇക്കുറി തീർക്കാം. അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്‍റെ ബി ആർ എസിന് 43 മുതൽ 55 വരെ സീറ്റിലേക്ക് ഒതുങ്ങേണ്ടിവരും. തെലങ്കാനയിൽ ബി ജെ പിക്ക് 5 മുതൽ 11 സീറ്റുകൾ വരെയാകും നേടാൻ സാധിക്കുക.

ഛത്തീസ്​ഗഡിൽ കോൺ​ഗ്രസ് ഭരണതുടർച്ചയ്ക്കുള്ള സാധ്യതയാണ് എ ബി പി – സി വോട്ടർ പ്രവചനം പറയുന്നത്. കടുത്ത പോരാട്ടമായിരിക്കും സംസ്ഥാനത്തെങ്കിലും കോൺഗ്രസിന് മുൻതൂക്കമുണ്ട്. കോൺ​ഗ്രസ് 45 മുതൽ 51 വരെ സീറ്റുകൾ നേടാമെന്നും ബി ജെ പി 39 – 45 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് പ്രവചനം. മറ്റുള്ളവരാകട്ടെ പരമാവധി 2 സീറ്റുകളിലേക്ക് ഒതുങ്ങും.

മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സർവെ പറയുന്നത്. എന്നാലും കോൺ​ഗ്രസിന് മുൻതൂക്കമുണ്ടെന്ന് കാണാം. കോൺ​ഗ്രസ് 113 -125 വരെയും ബി ജെ പി 104 – 116 വരെയും ബിഎസ്പി 0 – 2 വരെയും മറ്റുള്ളവർ 0 – 3 വരെയും സീറ്റുകൾ മധ്യപ്രദേശിൽ നേടിയേക്കാമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്.

മിസോറാമിൽ തൂക്കുസഭയാകുമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനം പറയുന്നത്. എം എൻ എഫ് 13 മുതൽ 17 വരെ സീറ്റുകൾ നേടാം. കോൺ​ഗ്രസിനാടക്കെ 10 മുതൽ 14 സീറ്റുകൾ വരെ ഇക്കുറി ലഭിച്ചേക്കും. ഇസെഡ് പി എം 9 – 13 സീറ്റുകളും മറ്റുള്ളവർ 0 – 3 വരെ സീറ്റുകൾ നേടിയേക്കുമെന്നും എ ബി പി – സി വോട്ടർ പ്രവചനത്തിൽ പറയുന്നു.

കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാനില്‍ ബി.ജെ.പി മുന്നേറ്റമാണ് സര്‍വേ പ്രവചിക്കുന്നത്. 200 നിയമസഭാ സീറ്റുകളില്‍ ബി.ജെ.പി 127 മുതല്‍ 137 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ആവശ്യമായ കേവല ഭൂരിപക്ഷം 101 സീറ്റുകളാണ്. കോണ്‍ഗ്രസ് 59 മുതല്‍ 69 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ പാളയത്തിലെ പട തിരിച്ചടിക്കുമോയെന്ന ആശങ്കയിലാണ് അശോക് ഗലോട്ട് സര്‍ക്കാര്‍.