നുണ പറഞ്ഞ് രാജാവായ പന്നിയുടെ കഥ…?

Print Friendly, PDF & Email

നുണ പറഞ്ഞ് രാജാവായ പന്നിയുടെ കഥയാണ് അലക്‌സ് ബിയേർഡിന്റെ ‘ദി ലയിംഗ് കിങ്’. ഇന്ന് നടക്കുന്ന അനീതിയുടെ നേർചിത്രം ആണ് അലക്സ് ബിയേഡിൻറെ പ്രസിദ്ധമായ ഈ കഥ. ഈ കഥയുമായി ആർക്കെങ്കിലും…ആരെയെങ്കിലും… സാമ്യം തോന്നുന്നു എങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രം ആണ്.

“പട്ടിണിയുടെ നാട്ടിൽ സമൃദ്ധി അവകാശപ്പെടുന്ന…” നുണകളിലൂടെ രാജാവായ പന്നി.. വരണ്ട മണ്ണില്‍ ചവുട്ടി നിന്ന് ഈ മണ്ണ് നനഞ്ഞതാണെന്നും സമ്പല്‍ സമൃദ്ധമാമെന്നും അവകാശപ്പെടും. നനഞ്ഞ മണ്ണ് വരണ്ടു കിടക്കുന്നല്ലോ എന്ന് പഴിക്കും. രാത്രി പകലാണെന്നും ചന്ദ്രന് സൂര്യന്‍റെ ശോഭയാണെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. താന്‍ പ്രത്യേക ജനുസ്സാണെന്നും താൻ എത്ര വലിയവനും സുന്ദരനുമാണെന്നും തനിക്ക് എത്ര ഉയരത്തിൽ പറക്കാൻ കഴിയുമെന്നും വീമ്പിളക്കും. മഴ വരണ്ടതാണെന്നും മഴക്ക് നല്ല ചൂടാണെന്നും അവകാശവാദമുന്നയിച്ച് പെരുമഴയത്തു വെയിലു കായാന്‍ കിടക്കും. മയിലിനെ നോക്കി എന്തോരു വൈരൂപ്യമാണ് നിനക്ക് എന്ന് പരിഹസിക്കും. 103 വയസ്സായ ആമയുടെ മുഖത്തു നോക്കി നിന്നെക്കാൾ പരിചയ സമ്പത്ത് എനിക്കാണെന്ന് ഉളുപ്പില്ലാതെ പറയും. ഏറ്റവും വേഗതയുള്ളത് തനിക്കാണെന്ന് ചീറ്റപ്പുലിയോട് വാദിക്കും. ആനയുടെ മുഖത്തു നോക്കി നിന്നേക്കാള്‍ ശക്തമാന്‍ താനാണെന്ന വീരവാദം മുഴക്കും.

നുണകൾ പലവട്ടം ആവർത്തിച്ചപ്പോൾ പന്നിയുടെ വാക്കുകൾ ശരിയാണെന്ന് കാട്ടിലെ മൃഗങ്ങള്‍ക്ക് തോന്നിതുടങ്ങി…. കാട്ടിലെ പഴങ്ങളും പൂക്കളും എല്ലാം പന്നിയുടെ ഔദാര്യമാണെന്നു അവര്‍ കരുതി തുടങ്ങി…. അവന്റെ വർത്തമാനം കേട്ട് തങ്ങൾക്കൊന്നും ഒരു കഴിവുമില്ലെന്ന് സിംഹവും കടുവയും വരെ ചിന്തിച്ചു തുടങ്ങി… അവർക്ക് സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അവസാനം അവര്‍ പന്നിയെ തങ്ങളുടെ രാജാവാക്കി…!!!

പിന്നീട് ആകെ നയം മാറ്റങ്ങൾ. കാടിന്റെ പല ഭാഗങ്ങളുടേയും പേരുകൾ മാറി. മീതെ എന്നുള്ളതിന് താഴെ എന്നു മാത്രമേ പറയാവൂ എന്ന നിയമം വന്നു. ഇന്നലെ എന്നത് ഇനി മുതൽ നാളെ എന്നായിരിക്കും. എന്തൊക്കെയോ പുതുതായി നടപ്പാക്കാൻ പോകുന്നു എന്ന പ്രതീതിയിൽ കുറച്ചു മൃഗങ്ങള്‍ ആവേശഭരിതരായി… അവര്‍ രാജവിന് ജയ് വിളിച്ചുകൊണ്ടേയിരുന്നു,..!!!

കറുത്ത വരകളോട് കൂടിയ വെളുത്ത സീബ്രകളാണ്, വെളുത്ത വരകളോട് കൂടിയ കറുത്ത സീബ്രകളേക്കാൾ മികച്ചത് എന്ന പ്രഖ്യാപനം പെട്ടെന്നായിരുന്നു. സീബ്രകൾ തമ്മിൽ ആശയക്കുഴപ്പങ്ങളും വാഗ്വാദങ്ങളും കയ്യേറ്റങ്ങളുമാരംഭിച്ചു. കടുവകൾ വെജിറ്റേറിയനാണെന്ന് മാനുകളോട് കള്ളം പറഞ്ഞു. അത്‌ വിശ്വസിച്ച പല മാനുകളെയും കാണാതായി. ആർക്കും പരസ്പരം വിശ്വാസമില്ലാതായി, വഞ്ചന പടർന്നു. തന്റെ ദൗർബല്യങ്ങൾ മറച്ചു വെക്കാൻ മൃഗങ്ങളെ പലതും പറഞ്ഞ് തമ്മിലടിപ്പിച്ചു. മൃഗങ്ങളുടെ ശ്രദ്ധ മാറിയെന്ന് കണ്ട് തന്റേതായ പുതിയ തന്ത്രങ്ങളുമായി കാട് മുടിച്ചു….

ഒടുവിൽ ഒരു എലി മുന്നോട്ട് വന്നു. അവൻ ധൈര്യസമേതം വിളിച്ചു പറഞ്ഞു: “എടാ പന്നീ, മയിലുകളെ കാണാൻ എന്തൊരു ഭംഗിയാണ്, നീ പെരും നുണയനാണ്, തീട്ടം തിന്നുന്ന വെറും പന്നിയല്ലേ നീ…”??? ‘കടുവക്കും പുലിക്കുമില്ലാത്ത ധൈര്യം നിനക്കോ’ എന്ന് എലിയെ നോക്കി പന്നി പുച്ഛിച്ചു. നീ വെറും പീക്കിരിയാണെന്നും തന്നോട് മുട്ടാൻ വരണ്ടെന്നും അവൻ ഭീഷണിയിറക്കി… ഞാന്‍ കൈയൊന്നു വീശിയാല്‍ നീ പറപറക്കും എന്ന് വീരവാദം മുഴക്കി.

പക്ഷെ, എലിയുടെ വാക്കുകൾ മൃഗക്കൂട്ടങ്ങളില്‍ ചർച്ചയായി.. മാലിന്യം തിന്നുന്ന വെറുമൊരു പന്നിയാണ് നമ്മെ അടക്കി ഭരിക്കുന്നത് എന്നവർക്ക് തോന്നിതുടങ്ങി… മൃഗങ്ങൾക്ക് മറിച്ചു ചിന്തിക്കാനുള്ള ധൈര്യം കിട്ടി… ഒടുവിൽ മൃഗങ്ങളെല്ലാം ചേർന്ന് പന്നിയെ ചവിട്ടിപ്പുറത്താക്കി…

‘കടം കേറി മുടിഞ്ഞിരിക്കുന്ന ഒരു നാടിനെ ലോകത്തിലെ ഏറ്റവും സമ്പൽസമൃദ്ധമായ പ്രദേശമായി രാജാവ് ചിത്രീകരിക്കും… തൊഴില്‍ തേടി നമ്മുടെ കുട്ടികൾക്ക് അന്യദേശങ്ങളിലേക്ക് പാലായനം ചെയ്യേണ്ടി വരും… മറുനാടുകളില്‍ നമ്മുടെ യുവത അഭയാര്‍ത്ഥികളായി മാറ്റപ്പെടും’.

നമ്മെ വിഡ്ഢികളാക്കി രാജാവാകാൻ നാം ആരേയും അനുവദിയ്ക്കരുത്…. നമ്മെ വിഡ്ഢികളാക്കി കൊള്ളയടിയ്ക്കാൻ നാം ഇനിയെങ്കിലും നിന്നു കൊടുക്കരുത്… സത്യം പറയാൻ ഏറെ എലികൾ നമ്മുടെ നാട്ടിൽ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിൽ…??

Pravasabhumi Facebook

SuperWebTricks Loading...