തുഷാഗ്നി – പകയുടെ പുരാവൃത്തം : നാടകം

Print Friendly, PDF & Email

തുഷാഗ്നി – പകയുടെ പുരാവൃത്തം : നാടകം

ഉദ്യാനനഗരിയിലാണ് കേരളത്തിന്‌ പുറത്ത് ഒരുപക്ഷെ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്നത്. അവിടെ ഉള്ള എല്ലാ ആഘോഷങ്ങളിലും മലയാളികൾ അവരുടെ സാന്നിധ്യം അറിയിക്കാറുമുണ്ട്. പരീക്ഷണ നാടകങ്ങൾ ധാരാളമായി അരങ്ങേറുന്ന തിയേറ്ററുകൾ നിരവധിയുള്ള ബാംഗ്ലൂരിന്റെ നാടക തട്ടകത്തിൽ മലയാളത്തിലുള്ള നാടക പരീക്ഷണങ്ങൾ അങ്ങിനെ കണ്ടു വരാറില്ല. മറ്റെല്ലാ ഭാഷകളിലും നാടകങ്ങൾ അരങ്ങു കീഴടക്കുമ്പോൾ, മലയാളിയുടെ കലാ സംസ്കൃതിയുടെ ഭാഗമായ നാടകകല ഈ നഗരത്തിൽ അൽപ്പം തിളക്കം മങ്ങിക്കിടക്കുന്നു. ഈ സാഹചര്യത്തിലാണ് ബാംഗ്ലൂർ നാടക വേദികളിൽ സവിശേഷ പ്രാധാന്യമുള്ള ഒരു മലയാള നാടകം അരങ്ങേറുന്നത് – തുഷാഗ്നി.
ശ്രീ. അനിൽ രോഹിത് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ നാടകം വേദിയിൽ എത്തിക്കുന്നത് ബാംഗ്ലൂർ വേൾഡ് മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിലുള്ള ആർട്സ് ആൻഡ്‌ കൾച്ചറൽ ഫോറമാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് അന്തിത്തോറ്റം എന്ന ഇതേ രചയിതാവിന്റെ നാടകം സിങ്കപ്പൂരിൽ സിങ്കപ്പൂർ കൈരളി കലാ സമിതി വിജയകരമായി അവതരിപ്പിച്ചു പ്രശംസ നേടിയിരുന്നു.

നൂറു കൊല്ലം മുൻപുള്ള തിരുവിതാംകൂർ നാട്ടു രാജ്യത്തെ തിരുന്നങ്കോട്ട് എന്ന അംശത്തിൽ നടക്കുന്ന പകയുടെയും പ്രതികാരത്തിന്റെയും കഥയാണ് തുഷാഗ്നി. അമ്പൂരി നീലാണ്ടൻ എന്ന വിഷഹാരിയും തന്റെ ഗുരുവായ തെയ്യാടി മാതുവിന്റെ മകൻ കുമാരനും നേർക്കു നേർ വരുമ്പോൾ പക വിഷം പോലെ എരിഞ്ഞും നുരഞ്ഞും പൊന്തിവരും. തെയ്യാടിമുക്കെന്ന ഗ്രാമം ഇന്നേ വരെ കണ്ടിട്ടില്ലാത്ത പകയുടെ കനലാട്ടം. പതിനാറോളം അഭിനേതാക്കൾ രംഗത്തെത്തുന്ന നാടകത്തിനു സംഗീതം പകരുന്നത് ഗൗതം – ദിൽരാജ് എന്നിവരാണ്. വെളിച്ച വിതാനങ്ങൾ ഒരുക്കുന്നത് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനായ ശ്രീ ഷൈമോനാണ്. ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യാപരിക്കുന്ന ആളുകൾ ഒരു പരീക്ഷണ നാടകത്തിനായി ഒത്തു ചേരുന്നതും ഒരു പുതുമയാണ്. കേരള സർക്കാരിന്റെ ഭാഷമയൂരം പുരസ്‌കാര ജേതാവായ മലയാളം മിഷൻ കോർഡിനേറ്റർ ശ്രീ. ദാമോദരൻ എന്ന ബാംഗ്ലൂരിന്റെ പ്രിയ മലയാളം അദ്ധ്യാപകൻ തെയ്യാടി മാതുവായി അരങ്ങിലെത്തുന്നു. മണികണ്ഠൻ അമ്പൂരി നീലാണ്ടനായും ബിജിത്ത് കുമാരനായും വേഷമിടുന്നു. ഇംഗ്ലീഷ് സബ്ടൈറ്റിലോടെയാണ് നാടകം രംഗത്തെത്തുന്നത്.

Pravasabhumi Facebook

SuperWebTricks Loading...