സ്‌കൂളുകള്‍ തുറന്നു.മണിപ്പൂർ സാധാരണ നിലയിലേക്കോ?
രണ്ട് മാസമായി അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ തുറന്നു – സംസ്ഥാനം ശാന്തമാകുന്നതിന്റെ തെളിവെന്ന് റിപ്പോര്‍ട്ട് – ഹാജര്‍ ഇരുപത് ശതമാനത്തില്‍ താഴെ
പി.ബി.ന്യൂസ് സ്പെഷ്യൽ
ഇംഫാല്‍: സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസമായി അടച്ചിട്ടിരുന്ന മണിപ്പൂരിലെ സ്‌കൂളുകള്‍ വീണ്ടും തുറന്നു. മണിപ്പൂര്‍ ശാന്തമാകുന്നതിന്റെ തെളിവാണ് സ്‌കൂളുകള്‍ തുറന്നതിലൂടെ വ്യക്തമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ അഞ്ചാം തീയതി മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ് നേരത്തെ അറിയിച്ചിരുന്നു. ആദ്യ ദിനമായതിനാല്‍ മിക്ക സ്‌കൂളുകളിലും ഹാജര്‍ ഇരുപത് ശതമാനത്തില്‍ താഴെയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. എന്തെങ്കിലും സംഭവിക്കുമോയെന്ന പേടികാരണമാണ് രക്ഷിതാക്കളില്‍ പലരും കുട്ടികളെ സ്‌കൂളുകളിലേക്ക് അയയ്ക്കാത്തത്. ഗതാഗത സംവിധാനത്തിലെ അസൗകര്യങ്ങളും സ്‌കൂളില്‍ കുട്ടികള്‍ കുറയാന്‍ കാരണമായതായി അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ 4521 സ്‌കൂളുകളാണ് ഇന്നലെ തുറന്നത്. ബാക്കി 96 സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളിലുള്ളവരെ മാറ്റിപാര്‍പ്പിച്ച ശേഷം ക്ലാസുകള്‍ ആരംഭിക്കും. പിന്നാലെ പ്ലസ്വണ്‍, പ്ലസ്ടു ക്ലാസുകളും ആരംഭിക്കുമെന്ന് ബീരേന്‍ സിങ് അറിയിച്ചു. അതേസമയം, കാങ്പോക്പി, ബിഷ്ണുപൂര്‍ ജില്ലകളില്‍ ഇന്നലെ പുലര്‍ച്ചെ വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്, ആളപായമില്ല. ചൊവ്വാഴ്ചയും സംസ്ഥാനത്ത് സംഘര്‍ഷമുണ്ടായി. തൗബാല്‍ ജില്ലയില്‍ ജനക്കൂട്ടം ഇന്ത്യന്‍ റിസര്‍വ് ഫോഴ്സിന്റെ ക്യാമ്പ് ആക്രമിച്ച് ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു, സൈനികന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയും പലയിടങ്ങളില്‍ വെടിവയ്പ്പുണ്ടായതായി സുരക്ഷാസേന അറിയിച്ചു.