പ്രയാർ പടിയിറങ്ങി. അയ്യപ്പൻറെ പുതിയ സേവകൻ അഴിമതിയുടെ കാവൽക്കാരനോ ?
തോമസ് ചാണ്ടി വിഷയത്തിൽ സി.പി.എം ഉം, സി.പി ഐ യും തമ്മിലുള്ള ബന്ധത്തിന് ശക്തമായ ഉലച്ചിൽ സംഭവിച്ചിരിക്കെ ദേവസ്വം ബോർഡ് പ്രസിഡന്റായി എ. പത്മകുമാറിനെ നിയമിക്കാനുള്ള തീരുമാനം മറ്റൊരു വിവാദത്തിനു തിരികൊളുത്തുന്നു? സി.പി ഐ ക്ക് ഒന്നും മറക്കാനും പൊറുക്കാനും ഒക്കില്ല ..!! ഒരു സി.പി ഐ നേതാവ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
ആറന്മുള സഹകരണ ബാങ്ക് അഴിമതി മുതൽ ആറന്മുള എഞ്ചിനീയറിംഗ് കോളജിനു സ്ഥലം വാങ്ങിയത് വരെ യുള്ള അഴിമതി കഥകൾ 30 വര്ഷം മുൻപ് ചൂടുള്ള വാർത്തയായിരുന്നു. ഇക്കാര്യങ്ങളിൽ എ. പത്മകുമാറിന്റെ കരങ്ങൾ സംശുദ്ധമല്ലാത്തതിനാൽ ആണ് ആന്നു ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സി.പി.ഐ ആരോപിക്കുന്നു,
മാത്രമല്ല കൂട്ടുത്തര വാദിത്വത്തോടെ പ്രവർത്തിക്കേണ്ട മുന്നണി ദേവസ്വം ബോർഡ് പ്രസിഡന്റ് നിയമനത്തിൽ ഏകപക്ഷീയമായ തീരുമാനം എടുത്തു എന്ന് ആക്ഷേപം സി.പി.ഐ ക്ക് ഉണ്ട്.
ഗവര്‍ണര്‍ ഒപ്പുവച്ചതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കുന്നതടക്കമുള്ള ഓര്‍ഡിന്‍സ് പ്രാബല്യത്തിലായി. 1950 ലെ തിരുവിതാംകൂര്‍, കൊച്ചി, ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കുകയായിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി നിജപ്പെടുത്തുകയും ബോര്‍ഡ് അംഗങ്ങളാകാന്‍ 60 വയസ് പൂര്‍ത്തിയാകുകയും വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ടായിരുന്നു ഓര്‍ഡിനന്‍സ് ഇറക്കിയത്. നേരത്തെ സുഭാഷ് വാസുവിനു വേണ്ടി 60 വയസ് എന്നത് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. പുതിയ പ്രസിഡന്റും അംഗവും ശബരിമല മണ്ഡലകാലത്തിന് മുമ്ബ് ചുമതലയേല്‍ക്കാന്‍ അവസരം നല്‍കുന്നതിനായി അടിയന്തരമായി ഓര്‍ഡിന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
തിരുവിതാംകൂര്‍, കൊച്ചി, ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റിന്റെയും അംഗങ്ങളുടേയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാനും സിറ്റിംഗ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ്നിയമം ഭേദഗതി ചെയ്യുന്നത്. ഇപ്പോള്‍ പ്രസിഡന്റിന്റെ ഓണറേറിയം അയ്യായിരം രൂപയായും അംഗങ്ങളുടേത് മൂവായിരത്തി അഞ്ഞൂറു രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. സിറ്റിംഗ് ഫീസ് വ്യവസ്ഥ ചെയ്തിട്ടുമില്ല. പത്തുവര്‍ഷം മുമ്ബ് നിശ്ചയിച്ച ഓണറേറിയം കാലാനുസൃതമായി പുതുക്കുന്നതിനും സിറ്റിംഗ് ഫീസ് നിശ്ചയിക്കുന്നതിനും ഓര്‍ഡിനന്‍സിന്റെ കരടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഗവര്‍ണര്‍ അംഗീകരിച്ചതോടെ യുഡിഎഫ് നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കാലാവധി അവസാനിച്ചു. ശബരിമല സീസണ്‍ തുടങ്ങും മുൻപ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണം പൂര്‍ണമായും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സിനെതിരേ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗം അജയ് തറയിലും രംഗത്തുവന്നിരുന്നു. ഏതെങ്കിലും വിധത്തിലുള്ള അഴിമതി ആരോപണമല്ല, മറിച്ച് ഇടത് സര്‍ക്കാര്‍ രാഷ്ട്രീയവൈരാഗ്യം മൂലം ബോര്‍ഡ് പിരിച്ചുവിടുകയാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.
എന്നാല്‍ അഴിമതി ബോധ്യമായതിനെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ടതെന്ന് ദേവസ്വംമന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി അഴിമതികള്‍ നടന്നിരുന്ന ബോര്‍ഡായിരുന്നു തിരുവിതാംകൂറെന്നും അത്തരമൊരു ബോര്‍ഡിനെയാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടതെന്നും മന്ത്രി പറഞ്ഞു. പുറത്തുവന്ന അഴിമതികളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷത്തു മാത്രമല്ല സി.പി.എം ൽ തന്നെ പദ്മകുമാറിന് പ്രസിഡന്റ് സ്ഥാനം നൽകിയതിന് ശക്തമായ മുറുമുറുപ്പ് ഉണ്ട്.