പിണറായിസത്തിന്‍റെ അവസാനത്തിന് ആരംഭം…?. തുറന്ന യുദ്ധത്തിലേക്ക് പ്രതിപക്ഷവും ശക്തിധരനും.

Print Friendly, PDF & Email

മുഖ്യമന്ത്രി പിണറായി വിജയന് ഇത് ശനിദശ. തൊട്ടതെല്ലാം തിരിഞ്ഞു കൊത്തുകയാണ്. ലോകകേരള സഭയുടെ ടൈസ് സ്ക്വയര്‍ സമ്മേനത്തില്‍ പോയി നാണംകെട്ട് തിരിച്ചെത്തിയതിനു ശേഷം പതിവു പത്രസമ്മേളനം പോലും നടത്തുവാന്‍ കഴിയാതെ ക്ലിഫ് ഹൗസില്‍ ഒതുങ്ങികൂടിയ മുഖ്യമന്ത്രിക്ക് നേരെ പ്രതിപക്ഷം അക്രമം കടുപ്പിച്ചതിനൊപ്പം പഴയ സഹചാരികള്‍ കൂടി രംഗത്തു വന്നതോടെ പിണറായിസത്തിന്‍റെ അവസാനത്തിന് ആരംഭം കുറിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും പ്രതിപക്ഷ നേതാവിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസിലെ എല്ലാ പടലപിണക്കങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ഒറ്റകെട്ടായിരിക്കുകയാണ്. മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വായ് മൂടിക്കെട്ടാമെന്ന ധാരണയില്‍ മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസു പോലുമെടുത്തതോടെ മാധ്യമങ്ങളും പിണറായി സര്‍ക്കാരിനെതിരായി. സാന്പത്തക പ്രതിസന്ധിയെ നേരിടാന്‍ അടിച്ചേല്‍പ്പിച്ച നികുതി വര്‍ദ്ധനവും അതിന്‍റെ ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലവര്‍ദ്ധനവും ജനജീവിതം ദുരിതപൂര്‍ണ്ണമാക്കിയ സാഹചര്യത്തില്‍ പോലും അവരുടെ കണ്‍മുന്പില്‍ അരങ്ങേറുന്ന അഴിമതിയും ധൂര്‍ത്തും പാര്‍ട്ടി അനുഭാവികളെ പോലും സര്‍ക്കാരിനെതിരാക്കി. പ്രതിപക്ഷത്തോടൊപ്പം മാധ്യമങ്ങളും ജനങ്ങളും പിണറായി സര്‍ക്കാരിന്‍റെ ഭരണത്തിന് എതിരായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഏകാധിപത്യ ശൈലിയോട് എതുര്‍പ്പുള്ള പാര്‍ട്ടിയിലെ വിഭാഗവും ഇതൊരു സുവര്‍ണ്ണാവസരമായി കണ്ട് രംഗത്തുവന്നു. അതോടൊപ്പം സാന്പത്തിക പ്രതിസന്ധിയും. അങ്ങനെ പ്രതിസന്ധികളുടെ പത്മവ്യൂഹത്തില്‍ പെട്ട് ശ്വാസം മുട്ടുകയാണ് പിണറായി സര്‍ക്കാര്‍.

ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷം അക്രമണം കടുപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറേ നാളായി ഉയരുന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി തുടരുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ രംഗത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു എംപിയായ താൻ ഡിജിപിക്ക് പരാതി നൽകിയിട്ട് ഇന്നേവരെ മറുപടി കിട്ടിയില്ല. അതിനാല്‍ ഇഡി അടക്കം എല്ലാ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും പരാതി നല്‍കുമെന്നും വേണ്ടി വന്നാല്‍ കോടതിയെ സമീപിക്കുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു

ശക്തിധരൻ ഉയര്‍ത്തിയ ആരോപണം തെറ്റാണെങ്കിൽ അന്വേഷണം നടത്തി പൊതുപ്രവർത്തകരുടെ മാന്യത സംരക്ഷിക്കണ്ടേ? വിശ്വാസ്യതയില്ലാത്ത ഒരാൾ ആരോപണം ഉന്നയിച്ചപ്പോൾ സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടി. ഉമ്മൻ ചാണ്ടി ഒഴിഞ്ഞു പോയില്ല. എല്ലാം അന്വേഷിച്ചു. സി ദിവാകരനും എ ഹേമചന്ദ്രനും സോളാർ കമ്മീഷനെ കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ. വസ്തുതാപരമായി നിലനിൽക്കാത്ത റിപ്പോർട്ടായിരുന്നു കമ്മീഷന്റേത്. ഒരു ആരോപണം നേരിടാൻ രണ്ട് ചങ്കിന്റെ ആവശ്യമില്ലെന്നും ബെന്നി ബഹന്നാൻ പരിഹസിച്ചു.

ഇതിനിടയില്‍ പിണറായി സര്‍ക്കാരനെതിരെ പുതിയ പോര്‍മുഖം തുറന്ന് ജി ശക്തിധരനും രംഗത്തു വന്നു. കൈതോലപ്പായയിൽ സൂക്ഷിച്ച വിത്ത് ഇന്ന് വൻമരമായി. യഥാർത്ഥ കള്ളനെ പുറത്തു കൊണ്ട് വരും വരെ പോരാട്ടം തുടരും. തിന്മയുടെ മഹാമേരുവിനെതിരെ ജനങ്ങൾക്കുവേണ്ടിയുള്ള യുദ്ധം തുടരാൻ ധീരവും സുദൃഢവുമായ ചുവടുവെപ്പിലേക്ക് നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. കമ്മ്യുണിസ്റ്റ് പാര്ട്ടിയുടെ സമസ്ത ശക്തിയും സ്വരൂപിച്ചു ഭരണ മേധാവിയുടെ ഒത്താശയോടെ സാമൂഹിക മാധ്യമങ്ങള്‍ വഴി തനിക്കും കുടുംബാഗങ്ങള്‍ക്കും എതിരെയുള്ള സൈബര്‍ കാളികൂളി സംഘത്തിന്‍റെ അക്രമണം പതിന്‍ മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ശക്തിധരന്‍ പറയുന്നു. അതിനാല്‍ തന്‍റെ വ്യക്തിഗത ഫേസ്ബുക്ക് പോസ്റ്റ് നിർത്തുന്നുവെന്നും ചില ഓൺ ലൈൻ മാഗസിനുകളുടെ മാതൃക പിന്തുടര്‍ന്ന് ജനശക്തി യുട്യൂബ് ചാനലിലേക്കു കടക്കുകയാണെന്നും ശക്തിധരൻ വ്യക്തമാക്കി.