‘അഞ്ചാം ദിനം തിരിച്ചുവരും… മെഡലുകള്‍ അന്ന് ഗംഗയിലൊഴുക്കും…’, ഗുസ്തി താരങ്ങൾ
സാധാരണ ഗതിയില്‍ പീഢനകേസുകളില്‍ പരാതി കിട്ടിയാല്‍ പ്രതിയെ തൂക്കിയെടുത്ത് അകത്തിടേണ്ടതാണ് അതാണ് ഇന്ത്യയിലെ നിയമവും. പക്ഷെ ആ നിയമം രാഷ്ട്രിയ നേതാക്കള്‍ക്ക് ബാധകമല്ല. പറയുന്നത് കേന്ദ്രസര്‍ക്കാര്‍. തങ്ങള്‍ ഉന്നയിച്ച ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള ശ്രമം ഇന്ത്യന്‍ കായിക താരങ്ങളുടെ ശ്രമം അതിവൈകാരികമായ രംഗങ്ങൾക്കാണ് ചൊവ്വാഴ്ച ഹരിദ്വാർ സാക്ഷിയായത്. ഒന്നര മണിക്കൂറോളം ഗംഗാതീരത്ത് കുത്തിയിരുന്ന താരങ്ങളെ കർഷക നേതാക്കളാണ് അനുനയിപ്പിച്ചത്. ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ കായിക താരങ്ങള്‍ തത്കാലം പിൻവാങ്ങിയെങ്കിലും അഞ്ച് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ വീണ്ടും ഗംഗാ തീരത്തെത്തുമെന്ന് പ്രഖ്യാപിച്ചാണ് കായിക താരങ്ങൾ മടങ്ങിയത്. നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച കർഷക സംഘടനകൾ ഇന്ന് ഖാപ് പഞ്ചായത്ത് ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കായിക താരങ്ങൾക്കൊപ്പം പ്രതിഷേധത്തിൽ അണിനിരക്കാനുള്ള തീരുമാനങ്ങൾ ഖാപ് പഞ്ചായത്തിൽ ഉണ്ടാകാനുള്ള സാധ്യകളുണ്ട്.

ഇന്ത്യൻ കായിക ചരിത്രത്തിലെ ഇരുപത്തിയെട്ടാം തീയ്യതിയുണ്ടായ സംഘർഷത്തിന് പിന്നാലെ സമരവേദി പൂർണമായും പൊളിച്ചു നീക്കിയതോടെയാണ് നീതി ലഭിക്കുമെന്ന അവസാനത്തെ പ്രതീക്ഷയും ഗുസ്തി താരങ്ങൾക്ക് നഷ്ടപ്പെട്ടിരുന്നു. നീതി ലഭിക്കാത്തതിനാൽ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് പ്രഖ്യാപിച്ച താരങ്ങൾ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഗംഗയുടെ അത്ര തന്നെ പരിശുദ്ധിയുണ്ട് അധ്വാനിച്ചു നേടിയ മെഡലുകൾക്ക്. അത് ഗംഗയിൽ ഒഴുകി കഴിഞ്ഞാൽ നഷ്ടപ്പെടുന്നത് സ്വന്തം ആത്മാവും ജീവനും തന്നെയാണെന്നും താരങ്ങള്‍ പറഞ്ഞു. മെഡലുകള്‍ ഒഴുക്കിയ ശേഷം രക്തസാക്ഷികളുടെ ഓർമ്മകളുള്ള ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കാനായിരുന്നു കായിക താരങ്ങളുടെ തീരുമാനം. ഒളിമ്പിക്സ് അടക്കം അന്താരാഷ്ട്ര മത്സരങ്ങളിൽ നേടിയ മെഡലുകളുമായി ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് താരങ്ങൾ ഹരിദ്വാറിലെത്തിയത്.
പിന്നെ ഒന്നര മണിക്കൂർ ഗംഗാതീരത്ത് അവർ കുത്തിയിരുന്നു. ഒടുവിൽ മെഡലുകൾ ഒഴുക്കരുതെന്ന കർഷക നേതാവ് നരേഷ് ടിക്കായത്തടക്കമുള്ളവരുടെ അഭ്യർത്ഥനക്ക് താരങ്ങള്‍ വഴങ്ങുകയായിരുന്നു. അഞ്ച് ദിവസത്തെ സാവകാശമാണ് താരങ്ങൾ നൽകിയിരിക്കുന്നത്. കർഷകസംഘടനകള്‍ ഇന്ന് ഖാപ്പ് പഞ്ചായത്ത് കൂടി വിഷയം ചർച്ച ചെയ്യും. സമരത്തിന്‍റെ ഭാവി നിർണയിക്കുന്നതിൽ ഇന്നത്തെ ഖാപ്പ് ചർച്ചകൾ നിർണായകമാകും.

മോഷണം, കലാപം, കൊലപാതകം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തി 38 കേസുകളില്‍ പ്രതിയായ വ്യക്തിയാണ് റെസ്റ്റിലിങ്ങില്‍ ഇന്ത്യയുടെ പേര് വാനോളം ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ ലൈഗിക പീഢന ആരോപണം ഉയര്‍ത്തുന്ന ആറു തവണ എംപിയായും റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റായും വിലസുന്ന ബ്രിജ്ഭൂഷന്‍. മുംബൈയിലെ ജെജെ ഹോസ്പിറ്റൽ ഷൂട്ടൗട്ട് സംഘടിപ്പിച്ച ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളെ സഹായിച്ചെന്നാരോപിച്ച് 1993-ൽ തീവ്രവാദ, വിനാശകരമായ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് ചുമത്തി മാസങ്ങളോളം ജയിലിൽ കിടന്നതിന് ശേഷം അദ്ദേഹം പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട ബ്രിജ്ഭൂഷന്‍ 1992-ൽ ബാബറി മസ്ജിദ് തകർത്ത കേസിൽ ഉൾപ്പെട്ടതോടെയാണ് അദ്ദേഹം ബിജെപിയുടെ മാനസപുത്രനായി മാറിയത്.
“അവർ [ഗുസ്തിക്കാർ] ശക്തരായ ആൺകുട്ടികളും പെൺകുട്ടികളുമാണ്. അവരെ നിയന്ത്രിക്കാൻ നിങ്ങൾക്ക് ശക്തനായ ഒരാൾ വേണം. എന്നെക്കാൾ ശക്തനായ ആരെങ്കിലും ഉണ്ടോ? ഇവിടെ? എന്ന് ഡബ്ല്യുഎഫ്ഐയുടെ പ്രസിഡന്റായതിന് ശേഷം ദി ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ചോദിച്ച ബ്രിജ്ഭൂഷന്‍, 2021-ൽ, ഒരു ജൂനിയർ ഗുസ്തി ടൂർണമെന്റിനിടെ, സ്റ്റേജിൽ വെച്ച് അദ്ദേഹം ഒരു ഗുസ്തിക്കാരനെ തല്ലുകയും വനിതാ ഗുസ്തി താരങ്ങളടക്കമുള്ള താരങ്ങളെ ലൈംഗികമായും മാനസികമായും പീഢിപ്പിച്ച് അവരില്‍ തന്‍റെ ശക്തി പ്രകടനം നടത്തുകയും ചെയ്യുന്നതായി താരങ്ങള്‍ ആരോപിക്കുന്നു.
2023 ജനുവരിയിൽ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം ഒളിമ്പ്യൻമാരും അന്താരാഷ്‌ട്ര ഗുസ്തിക്കാരും ബ്രിജ് ഭൂഷൺ വനിതാ ഗുസ്തിക്കാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഫെഡറേഷൻ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു ഉപരോധം സംഘടിപ്പിച്ചാണ് ബിജ്ഭൂഷനെതിരെ റെസ്റ്റ്ലിങ് താരങ്ങള്‍ സംഘടിതമായി രംഗത്തു വരുന്നത്. പക്ഷെ, സർക്കാർ അനങ്ങിയില്ല. 2012 മുതൽ 2022 വരെയുള്ള കാലഘട്ടങ്ങളില്‍ പ്രയപൂര്‍ത്തിയാകാത്ത വനിതാതാരങ്ങളക്കമുള്ളവരെ ബ്രിജ്ഭൂഷന്‍ ലൈഗികമായി പോലും പീഢിപ്പിച്ചിരുന്നുവെന്ന തുറന്നു പറഞ്ഞുകൊണ്ട് 2023 ഏപ്രിലിൽ താരങ്ങളുടെ പ്രതിഷേധം പുനരാരംഭിച്ചു. ബ്രിജ് ഭൂഷണെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
2023 ഏപ്രിൽ 28 ന്, സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന്, ഡൽഹി പോലീസ് അദ്ദേഹത്തിനെതിരെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് പോക്സോ ആക്ട് (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം, 2012 പ്രകാരമാണ് എഫ്ഐആറുകളിലൊന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയായ ഏതാനും വനിതാ ഗുസ്തിക്കാരുടെ പരാതിയിൽ സമാനമായ അടിസ്ഥാനത്തിൽ രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.[
2023 ഏപ്രിൽ 21-ന് പോലീസിൽ നൽകിയ പരാതിയിൽ രണ്ട് വനിതാ ഗുസ്തി പരാതിക്കാർ ബ്രിജ് ഭൂഷൺ അവരുടെ സ്തനങ്ങളിലും വയറിലും ലൈംഗികമായി സ്പർശിക്കുന്ന രീതി വിവരിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 2018-ൽ ബ്രിജ് ഭൂഷൺ അവളുടെ സമ്മതമില്ലാതെ പരിശീലന ജേഴ്സി ഉയർത്തി എന്ന് ഒരു വനിത താരം ആരോപിക്കുന്നു
2020 സമ്മർ ഒളിമ്പിക്‌സിൽ മെഡൽ നഷ്‌ടപ്പെട്ടതിന് ബ്രിജ് ഭൂഷൺ തന്നെ “മാനസികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു” എന്ന് പ്രതിഷേധക്കാരിൽ പ്രമുഖനായ വിനേഷ് ഫോഗട്ടും ആരോപിച്ചു.
മെയ് 12 ന്, ഡൽഹി പോലീസ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ വനിതാ ഗുസ്തിക്കാർ ചുമത്തിയ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് മൊഴി രേഖപ്പെടുത്തി. കൂടാതെ ഒരു വനിതാ ഡിസിപി തനിക്കെതിരെയുള്ള 10 പേരടങ്ങുന്ന എസ്ഐടി (പ്രത്യേക അന്വേഷണ സംഘം) നയിക്കുമെന്ന് പ്രസ്താവിച്ചു. പക്ഷെ അന്വേഷണം എങ്ങും എത്തിയില്ല. ബ്രിജ് ഭൂഷനെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായില്ല. അതോടെ ജന്തര്‍മന്ദറില്‍ സമരം ആരംഭിച്ച താരങ്ങളെ വലിഴക്കുകയും അവരുടെ സമരപ്പന്തല്‍ അടിച്ചുപൊളിക്കുകയും ചെയ്യുന്ന ഡല്‍ഹി പോലീസിനെയാണ് ലോകം കണ്ടത്.
ലോകം ആദരിക്കുന്ന കായിക താരങ്ങളെ ലൈഗികമായി പോലും പീഢിപ്പിക്കുന്ന ക്രിമിനലായ ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റ് സംരക്ഷിക്കപ്പെടുകയും പീഢനത്തിനെതരെ സമരം ചെയ്യുന്ന താരങ്ങള്‍ തെരുവില്‍ വലിച്ചിഴക്കപ്പെടുകയും ചെയ്യുന്ന കാഴ്ച ലോകം കണ്ടു. എന്നിട്ടും ആറാം തവണയും എംപി പട്ടം അലങ്കരിക്കുന്ന തങ്ങളുടെ മാനസപുത്രനെ തള്ളിപ്പറയാന്‍ മോദിസര്‍ക്കാര്‍ തയ്യാറായില്ല. അപമാന ഭരത്താല്‍ ഇന്ത്യയുടെ തല പാതാളത്തോളം കുനിയുന്നത് ഭാരതമഹത്വം പാടിനടക്കുന്ന ഭാരതം ഭരിക്കുന്ന പാണന്മാര്‍ക്ക് യാതൊരു അലോസരവും ഉണ്ടാക്കിയതുമില്ല. രാജ്യത്തിന്‍റെ രാജ്യസദസ്സില്‍ വച്ച് മറ്റൊരു ദ്രൗപതിയുടെ ചേല വലിച്ചഴിക്കുന്ന തിരക്കിലായിരുന്നു അവര്‍.

അതേസമയം കായിക താരങ്ങളുടെ പ്രക്ഷോഭത്തിന് പിന്തുണയേറുകയാണ്. കപിൽ ദേവ്, അനിൽ കുംബ്ലൈ, സാനിയ മിര്‍സ, നീരജ് ചോപ്ര അടക്കമുള്ള കായികതാരങ്ങളും ശശി തരൂര്‍, അരവിന്ദ് കെജ്രിവാൾ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും നീതി നിഷേധത്തിനെതിരെ പ്രതിഷേധിക്കുന്ന കായിക താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി.
ചരിത്രത്തില്‍ ഇതുവരെ ഒരു വനിത ഗുസ്തി താരത്തിന് മാത്രമാണ് ഒളിംപിക്സില്‍ മെഡല്‍ നേടാനായിട്ടുള്ളു. അത് സാക്ഷി മാലിക്കിനാണ്. ആ പെൺകുട്ടിയടക്കമാണ് ലൈംഗികാതിക്രമ കേസിലെ പ്രതി ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. ലജ്ജാകരമായ സംഭവമാണ് നടക്കുന്നത്. ചെങ്കോട്ടയില്‍ സ്ത്രീകളെ ബഹുമാനിക്കുന്നതിനെ കുറിച്ച് നീണ്ട പ്രസംഗം നടത്തിയ മോദി ലൈംഗീകാതിക്രമം നടത്തിയ കുറ്റവാളിക്ക് സംരക്ഷണം ലഭിക്കുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
രാജ്യം ഞെട്ടലിലാണെന്നും പ്രധാനമന്ത്രി അഹങ്കാരം വെടിയണമെന്നുമാണ് ഗുസ്തിതാരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രതികരിച്ചത്. രാജ്യത്തിന്‍റെ യശ്ശസ്സ് ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ മെഡലുകൾ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിക്കേണ്ടി വരുന്നത് അതീവ ദുഖകരമെന്നാണ് ശശി തരൂര്‍ പ്രതികരിച്ചു. താരങ്ങളുടേത് മെഡലുകള്‍ മാത്രമല്ല രാജ്യത്തിന് ലഭിച്ച ആദരമാണ്. നാണം കെട്ട സർക്കാരിന്‍റെ തെറ്റായ നടപടി കൊണ്ട് രാജ്യത്തിന്‍റെ മെഡലുകള്‍ നദിയില്‍ ഒഴുക്കരുതെന്നായിരുന്നു മഹിള കോണ്‍ഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസയുടെ പ്രതികരണം.