കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രി. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും.
കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രി. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. പല തവണ ഹൈക്കമാന്റുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎൽഎമാരോടും യോഗത്തിനെത്താൻ ഡി കെ ശിവകുമാർ നിർദ്ദേശിച്ചിട്ടുണ്ട്.
ഏറെ നീണ്ട പ്രതിസന്ധിക്കൊടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇന്ന് ഉച്ചക്ക് ശേഷം സത്യപ്രതിജ്ഞ നടത്താനുള്ള സിദ്ധരാമയ്യയുടെ നീക്കം ഡി കെ ശിവകുമാറിന്‍റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് പാളിയത്. ടേം വ്യവസ്ഥ പരസ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ശിവകുമാര്‍, താൻ മന്ത്രി സഭയിലുണ്ടാകില്ലെന്ന് വരെ നിലപാടെടുത്തിരുന്നു. ശിവകുമാറിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, ഒരു തീരുമാനവുമായില്ലെന്ന് കര്‍ണാടകയുടെ ചുമതലയുള്ള നേതാവ് രണ്‍ ദീപ് സിംഗ് സുര്‍ജേ വാല മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുകയും ചെയ്തു. ശിവകുമാര്‍ വഴങ്ങാതെ വന്നതോടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തിൽ നിർത്തിവെക്കുകയായിരുന്നു. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോവുകയും തൊഴിലാളികൾ സ്റ്റേഡിയത്തിൽ നിന്നും മടങ്ങുകയും ചെയ്തിരുന്നു.
അടുത്ത അഞ്ച് വർഷത്തേക്ക് ഏത് പാർട്ടിയാണ് തങ്ങളെ ഭരിക്കേണ്ടതെന്ന് കർണാടകയിലെ വോട്ടർമാർ നിർണായകമായ വിധി പുറപ്പെടുവിച്ചെങ്കിലും, രണ്ട് മുതിർന്ന നേതാക്കളായ സിദ്ധരാമയ്യയും ഡികെയും തമ്മിലുള്ള മത്സരത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞില്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിലും സർക്കാർ രൂപീകരിക്കുന്നതിലും ഉണ്ടായ ഈ സ്തംഭനാവസ്ഥ പാർട്ടിയുടെ വൻ വിജയത്തിന് തിളക്കം കെടുത്തിയതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.