ഓട്ടുമ്പ്രം തൂവല്‍ തീരം ബീച്ചില്‍ ബോട്ട് മറിഞ്ഞ് നിരവധിപേര്‍ മരിച്ചു.
മലപ്പുറം താനൂരിനു സമീപം ഓട്ടുമ്പ്രം തൂവല്‍ തീരം ബീച്ചില്‍ വിനോദ സഞ്ചാരികളേയും കൊണ്ടുപോയ ബോട്ട് മറിഞ്ഞ് നിരവധിപേര്‍ മരിച്ചു. ബോട്ട് തലകീഴായി മറിയുകയായിരുന്നു എന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ പറയുന്നു. കരയിൽ നിന്ന് 300 മീറ്റർ അകലെയാണ് അപകടം നടന്നത്. 40 ഓളം പേർ ബോട്ടിലുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തിൽ 14 പേരുടെ മരണം സ്ഥരികരിച്ചു. എട്ടോളം പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യയുണ്ട്.
രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളും ദ്രുതകർമസേന അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാണ്. ബോട്ട് വലിച്ചു കയറ്റാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയോഗിച്ചു.
വൈകിട്ട് 7 നും 7.40നും ഇടയിലാണ് അപകടമുണ്ടായത്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു എന്ന് പറയുന്നു.