എഐ ക്യാമറ വിവാദം. ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം രംഗത്ത്.
എഐ ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം രംഗത്ത്. എഐ ക്യാമറ പദ്ധതിയിൽ വിവാദം ഉയർത്തി പ്രതിപക്ഷം പുകമറ ഉണ്ടാക്കുകയാണെന്നും നയാപൈസയുടെ അഴിമതിയുണ്ടായിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.100 കോടിയുടെ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. 132 കോടിയുടെ അഴിമതിയെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. പ്രതിപക്ഷ നേതൃത്വത്തിന് വേണ്ടി കോൺഗ്രസിൽ വടംവലിയാണ്. ആദ്യം അഴിമതി വിവരത്തിൽ കോൺഗ്രസ് യോജിപ്പ് ഉണ്ടാക്കട്ടേയെന്നും ഗോവിന്ദൻ പറഞ്ഞു.
ക്യാമറ വിവാദത്തിൽ ഉയരുന്ന ഒരു ആരോപണത്തിലും കഴമ്പില്ല. ക്യാമറ സ്ഥാപിക്കുന്നതില്‍ സര്‍ക്കാരിന് ഒരു പൈസയുടെ പോലു ചിലവില്ല. പദ്ധതി നടപ്പാക്കിയശേഷം അഞ്ചു കൊല്ലം കൊണ്ട് 20 ഗഡുക്കളായാണ് കെൽട്രോണിന് തുക നൽകേണ്ടത്. പിന്നെ എങ്ങനെയാണ് അഴിമതി നടക്കുന്നത്?. കരാറിന്റെ ഒരു ഭാഗം മാത്രമാണ് പ്രതിപക്ഷം കാണിക്കുന്നയത്. കരാറിന്റെ രണ്ടാംഭാഗം വായിച്ചാൽ കാര്യം വ്യക്തമാകും. രണ്ടാം ഭാഗത്തിൽ 232.25 കോടി രൂപയുടെ ചിലവ് വിവരിക്കുന്നുണ്ട്. പദ്ധതി നടപ്പാക്കാൻ 142 കോടി, 5 വർഷത്തെ പ്രവർത്തനത്തിന് 56.24 കോടി ജിഎസ്ടി ആയി 36.76 കോടി എന്നിങ്ങനെയാണ് ചിലവ്. യുഡിഎഫും മാധ്യമങ്ങളും സേഫ് കേരള പദ്ധതി മുൻനിർത്തി വ്യാപക പ്രചാരവേല നടത്തുകയാണ്. പദ്ധതി പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു.
മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടികളുണ്ടായത്. ഉപകരാർ വ്യവസ്ഥ കെൽട്രോണിന്റെ ടെണ്ടർ രേഖയിലുണ്ട്. ഉടമസ്ഥാവകാശം മോട്ടോർ വാഹന വകുപ്പിനാണ്. ആവശ്യമായ സോഫ്റ്റ്വെയർ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. സംസ്ഥാനത്താകെ 726 ക്യാമറകൾ സ്ഥാപിച്ചു. കുറ്റമറ്റ സേവനമാണ് കെൽട്രോണിൽ നിന്നുമുള്ളത്. ഡാറ്റ സുരക്ഷ കെൽട്രോണിന്റെ ചുമതല. കെൽട്രോണിനെ അനാവശ്യ വിവാദത്തിലേത്ത് വലിച്ചിഴക്കുന്നു. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ തകർക്കാനുള്ള നീക്കമാണിത്. മോട്ടോർ വാഹന നിയമം നടപ്പാക്കാൻ സുപ്രീം കോടതി നർദ്ദേശിച്ചത് അനുസരിച്ചാണ് പദ്ധതി തയ്യാക്കിയതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.