അബുദാബി ഇൻവെസ്റ്റ്മെൻറ് മീറ്റിനു വേണ്ടി കേരളം പൊടിച്ചത് ഒന്നര കോടിയിലധികം രൂപ.

Print Friendly, PDF & Email

അബുദാബിയിലേക്ക് വിദേശ ഇൻവെസ്റ്റിമെന്റ് ആകർഷിക്കുവാനായി സംഘടിപ്പിക്കുന്ന അബുദാബി ആനുവൽ ഇൻവെസ്റ്റ്മെൻറ് മീറ്റിനു വേണ്ടി കേരളം പൊടിച്ചത് ഒന്നര കോടിയിലധികം രൂപ. മുഖ്യമന്ത്രിയും പരിവാരങ്ങളും പങ്കെടുക്കുവാനിരുന്ന മീറ്റിന്റെ രണ്ട് ​ഗോൾഡൻ സ്പോൺസർമാരിൽ ഒരാളാണ് കേരള സർക്കാർ. എന്നാൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിങേധിച്ചതോടെ മുഖ്യമന്ത്രിയുടെ യാത്ര അവതാളത്തിലായിരിക്കുകയാണ്.

ഒന്നരലക്ഷം ഡോളർ അഥവാ ഒന്നേകാൽ കോടിയോളം രൂപ നൽകുന്നവരെയാണ് ഗോൾഡൻ സ്പോൺസർമാരാക്കുക. ഗോൾഡൻ സ്പോൺസർഷിപ്പ് എടുക്കുന്നവർക്ക് നിക്ഷേപകസംഗമത്തിൻറെ ഏതെങ്കിലും ഒരു സെഷനിൽ സംസാരിക്കാൻ അവസരവും ഉദ്ഘാടന ചടങ്ങിൽ രണ്ട് വിഐപി സീറ്റും ലഭിക്കും. നിക്ഷേപകസംഗമത്തിലെ ഔദ്യോഗിക പ്രാസംഗികരുടെ പട്ടികയിൽ മന്ത്രി മുഹമ്മദ് റിയാസും ഇടം പിടിച്ചിട്ടുണ്ട്. ഇതിന് പുറമേ ഗോൾഡൻ സ്പോൺസർമാർക്ക് സംഘാടകരുടെ വക പ്രത്യേക പുരസ്കാരവുമുണ്ട്. സ്പോൺസർഷിപ്പ് നൽകുന്ന സ്ഥാപനത്തിൻറെ തലവൻറെ അഭിമുഖം വിവിധ മാധ്യമങ്ങളിൽ നൽകും. കൂടാതെ സംഗമത്തിൻറെ ഭാഗമായ ഗാല ഡിന്നറിൽ പത്ത് പേർക്ക് ഇരിക്കാവുന്ന വിഐപി ടേബിളുംലഭിക്കും. . നിക്ഷേപക സംഗമ വേദിയിൽ ഗോൾഡൻ സ്പോൺസർമാർക്ക് നിക്ഷേപ സാധ്യതകളെ കുറിച്ച് പ്രദർശനത്തിനും സൗകര്യമുണ്ട്. കേരളത്തിൽ നിന്ന് കെഎസ്ഐഡിസിയാണ് പ്രദർശകരുടെ പട്ടികയിലുള്ളത്. ഇതിന് പുറമേയാണ് ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷൻ ഫോറം എന്ന പേരിൽ കേരളത്തിന് ഒരു മണിക്കൂർ അനുവദിച്ചിരിക്കുന്നത്. നാൽപതിനായിരം ഡോളർ അല്ലെങ്കിൽ മുപ്പത്തിരണ്ട് ലക്ഷം ഇന്ത്യൻ രൂപയാണ് ഇതിന് സംഘാടകർ ഈടാക്കുന്നത്.