നിർമിതബുദ്ധി ക്യാമറ സ്ഥാപിക്കാനുള്ള കരാറിലെ ദുരൂഹതകള്‍ വെളിച്ചത്തിലേക്ക്…

Print Friendly, PDF & Email

ട്രാഫിക് നിയമലംഘനം പിടികൂടുന്നതിന് സംസ്ഥാനത്ത് നിർമിതബുദ്ധി ക്യാമറ സ്ഥാപിക്കാനുള്ള കരാറിൽ അടിമുടി ദുരൂഹത. 232.25 കോടിക്ക് പദ്ധതി നടപ്പാക്കാൻ കെൽട്രോണിനാണ് സർക്കാർ കരാർ നൽകിയത്. എന്നാൽ, കെൽട്രോൺ ഈ കരാർ മറിച്ചുനൽകിയപ്പോൾ 82.87 കോടിരൂപയ്ക്ക് മുഴുവൻ കാര്യങ്ങളും ചെയ്യാനുള്ള ചുമതലയാണ് രണ്ട് സ്വകാര്യകമ്പനികൾ ഏറ്റെടുത്തത്. നിർമിതബുദ്ധി ക്യാമറയ്ക്കുമാത്രം നാലുലക്ഷത്തോളം രൂപ വിലവരുമെന്നാണ് കെൽട്രോണിന്റെ വിശദീകരണം. എന്നാൽ, 1,23,445 രൂപയ്ക്കാണ് ഈ ക്യാമറകൾ വാങ്ങിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. 232 കോടിയുടെ ഐഐ കാമറ പദ്ധതിയിൽ ഉപകരാറെടുത്ത രണ്ടു കമ്പനികൾക്കുമായി ആകെ ചെലവായത് 82.87 കോടി രൂപ മാത്രമാണെന്ന വിവരവും പുറത്തു വന്നു. കൂടാതെ സംസ്ഥാനത്ത് സ്ഥാപിച്ചത് എഐ ക്യാമറ തന്നെയാണോ എന്ന സംശയവും ഉയരുന്നുണ്ട്.

മോട്ടോർ വാഹനവകുപ്പ് കെൽട്രോണിനെയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിന്‍റെ ചുമതലകള്‍ ഏല്‍പ്പിച്ചത്. കെൽട്രോണിൽനിന്ന് പദ്ധതി നടപ്പാക്കാൻ ഉപകരാർ ഏറ്റെടുത്തത് എസ്.ആർ.ഐ.ടി. എന്ന കമ്പനിയാണ്. 151 കോടി രൂപയ്ക്കാണ് ഈ കരാർ. 2020 നവംബർ 16-നാണ് ഈ രണ്ടുകമ്പനികളും എസ്.ആർ.ഐ.ടി.യും തമ്മിൽ കരാറുണ്ടാക്കുന്നത്. ടെൻഡറിൽ നേരിട്ടു പങ്കെടുക്കാനുള്ള സാങ്കേതിക മികവില്ലാതിരുന്ന എസ്ആര്‍ഐടി ട്രോയിസ് ഇൻഫോടെക്കിനെയും മീഡിയോ ട്രാണിക്‌സിനെയും കൂട്ടുപിടിച്ചു. അങ്ങനെ നേടിയ കരാർ പിന്നീട് പ്രസാഡിയോ ടെക്‌നോളജീസിനു മറിച്ചുകൊടുത്തു. പണം മുടക്കാന്‍ കഴിവില്ലാത്ത പ്രസാഡിയോ പണം ഇന്‍വെസ്റ്റ് ചെയ്യുവാനായി കോഴിക്കോട്ടെ അൽഹിന്ദ് ഗ്രൂപ്പുമായും അവർ പിൻമാറിയപ്പോൾ തിരുവനന്തപുരത്തെ ലൈറ്റ് മാസ്റ്ററിനെയും ഇസെൻട്രിക് സൊലൂഷൻസിനെയും കൂട്ടുപിടിച്ചു. അങ്ങനെ ഇവരുടെ സാമ്പത്തിക സഹായത്തോടെയും ട്രോയിസിന്റെയും മീഡിയാട്രോണിക്‌സിന്റെയും സാങ്കേതിക സഹായത്തോടെയും ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസാഡിയോ ചുക്കാൻ പിടിച്ചു. അങ്ങനെ ഏഴോളം കമ്പനികളാണ് എഐ ക്യാമറ സ്ഥാപിക്കുന്നതിനു പുറകില്‍ പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികളുടെ മേധാവികൾക്ക് എല്ലാംതന്നെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമാണുള്ളത്.

കരാറുണ്ടാക്കിയ അന്നുതന്നെ ആവശ്യമുള്ള ഉപകരണങ്ങളുടെ പർച്ചേഴ്‌സ് ഓർഡറും ലൈറ്റ് മാസ്റ്റർ ലൈറ്റിങ് എന്ന കമ്പനിക്ക് എസ്.ആർ.ഐ.ടി. നൽകി. ലൈറ്റ് മാസ്റ്റർ നൽകിയ ഇൻഡന്റിന്റെ അടിസ്ഥാനത്തിലാണ് പർച്ചേഴ്‌സ് ഓർഡർ നൽകുന്നതെന്നാണ്‌ ഇതിന്റെ രേഖകളിൽ പറയുന്നത്. വിപുലമായ ഒരു പദ്ധതിക്ക്, കരാറുണ്ടാക്കുന്ന അന്നുതന്നെ ആവശ്യമായ ഉപകരണങ്ങളുടെ പട്ടികയും വിലയും സോഫ്റ്റ്‌വേറും അതിന്റെ ചെലവുമെല്ലാം കാണിച്ച് ഇൻഡന്റ് നൽകാൻ ലൈറ്റ് മാസ്റ്റർ എന്ന കമ്പനിക്ക് കഴിഞ്ഞുവെന്നത് അദ്‌ഭുതകരമാണ്. ഈ ഇൻഡന്റിന് അനുസരിച്ച് അന്നുതന്നെ പർച്ചേഴ്‌സ് ഓർഡർ നൽകിയെന്നത്, എല്ലാം മുൻകൂട്ടി ധാരണയുണ്ടായി എന്ന സംശയം ബലപ്പെടുത്തുന്നതാണ്.

ക്യാമറയും സോഫ്റ്റ്‌വേറുമെല്ലാം അടങ്ങുന്ന 25 വിഭാഗങ്ങളിലായുള്ള ഉപകരണങ്ങൾക്കുള്ള പർച്ചേഴ്‌സ് ഓർഡറാണ് എസ്.ആർ.ഐ.ടി. നൽകുന്നത്. ഇതിനാകെ ചെലവുവരുന്നത് നികുതിയടക്കം 75.32 കോടിരൂപയാണ്. ഈ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചെലവാണ് കരാർ അനുസരിച്ച് പ്രെസാഡിയോ വഹിക്കേണ്ടത്.

മൊത്തം പദ്ധതിത്തുകയുടെ അഞ്ചുശതമാനം ഉപകരണങ്ങൾ സ്ഥാപിക്കാൻ ചെലവാകുമെന്നാണ് എസ്.ആർ.ഐ.ടി.യുടെതന്നെ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. അതനുസരിച്ച് 7.55 കോടിരൂപയാണ് വരുന്ന ചെലവ്. അതായത്, ഈ പദ്ധതി ഏറ്റെടുത്ത് നടത്താൻ ലൈറ്റ് മാസ്റ്റർ ലൈറ്റിങ്, പ്രെസാഡിയോ എന്നീ കമ്പനികൾ ചേർന്ന് ചെലവിടുന്നത് 82.87 കോടിരൂപ മാത്രമാണ്.

പദ്ധതിയുടെ ലാഭവിഭജനം സംബന്ധിച്ച വ്യവസ്ഥകളും രണ്ടുകമ്പനികളുമായുണ്ടാക്കിയ കരാറിലുണ്ട്. മൊത്തം പദ്ധതിത്തുകയുടെ ആറ് ശതമാനം എസ്.ആർ.ഐ.ടി. എടുക്കും. ലാഭം 60-40 എന്നീ ശതമാനകണക്കിൽ പ്രെസാഡിയോ, ലൈറ്റ് മാസ്റ്റർ ലൈറ്റിങ് എന്നീ കമ്പനികൾക്ക് വിഭജിച്ചുനൽകും. കുറഞ്ഞ പണം മുടക്കുന്ന പ്രെസാഡിയോ എന്ന കമ്പനിക്കാണ് 60 ശതമാനം ലാഭം. ഇതിന് പ്രത്യുപകാരമായി എസ്.ആർ.ഐ.ടി. കെൽട്രോണിന് സെക്യൂരിറ്റി നിക്ഷേപമായി നൽകേണ്ട ആറുകോടി രൂപ പ്രൊസാഡിയോ നൽകുമെന്നാണ് ധാരണ.

ക്യാമറ പദ്ധതിയുടെ നടത്തിപ്പിന് ചുക്കാൻ പിടിച്ചത് പുറംകരാർ ലഭിച്ച കമ്പനികളായ പ്രസാഡിയോ ടെക്‌നോളജീസും ട്രോയിസ് ഇൻഫോടെകും ആണ്. എഐ ക്യാമറ വിവാദത്തിൽ വിശദീകരണവുമായി ട്രോയ്സ് എംഡി ജിതേഷ് രംഗത്തുവന്നു. എസ്ആർഐടി, ഊരാളുങ്കൽ എന്നിവയുമായി ബന്ധമുണ്ടെന്ന് ട്രോയ്സ് എംഡി പറഞ്ഞു. ഊരാളുങ്കൽ-എസ്ആർഐടി സംയുക്ത കമ്പ‌നിയുടെ ഡയറക്ടറായിരുന്നു താന്‍. ഊരാളുങ്കലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ടെന്ന് ജിതേഷ് പറഞ്ഞു. എസ്ആർഐടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. നിലവിൽ ഊരാളുങ്കലുമായോ സംയുക്ത കമ്പനിയുമായോ ബന്ധമില്ല. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് എസ്ആർഐടിയുമായി സഹകരിക്കുന്നുണ്ട്.

അതേസമയം, എഐ ക്യാമറ ഇടപാടിൽ എജിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും. വിശദമായ ഓഡിറ്റിന് ശുപാർശ ചെയ്താൽ എഐ ക്യാമറ ഇടപാട് അടക്കം കെൽട്രോണ്‍ ഇടനിലക്കാരായ വൻകിട പദ്ധതികള്‍ എജി വിശദമായി പരിശോധിക്കും. വ്യവസായ വകുപ്പിന്റെ പരിശോധന റിപ്പോർട്ടും അടുത്തയാഴ്ച നൽകും. എഐ ക്യാമറയിൽ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ എജിയുടെ ഓഡിറ്റ് സംഘം പ്രാഥമിക പരിശോധന തുടങ്ങിയത്.

10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. കെൽട്രോണിന്റെ ഉപകരാറിലൂടെ സർക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ടായാൽ കരാറിനെ കുറിച്ചുള്ള വിശദമായ ഓഡിറ്റിലേക്ക് എജി കടക്കും. പൊതുമേഖല സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ ഓരോ സാമ്പത്തിക വർഷവും പ്രത്യേക പരിശോധന നടത്താറുണ്ട്. എന്നാൽ എഐ ക്യാമറ ഇടപാട് വൻ വിവാദമായ പശ്ചാത്തലത്തിലാണ് ഇതിന് മാത്രമായി പരിശോധനക്ക് മുന്നംഗം സംഘത്തെ ചുമതലപ്പെടുത്തിയത്.