ട്രെയിനിൽ തീ കൊളുത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു.

Print Friendly, PDF & Email

കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീ കൊളുത്തിയ കേസിൽ എഡിജിപി എം.ആര്‍ അജിത്കുമാറിന്‍റെ നേതൃത്വത്തില്‍ രൂപം കൊടുത്ത പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുന്നു. കോഴിക്കോട് താമസിച്ച് കാർപെന്റർ ജോലി ചെയ്തുവരികയായിരുന്ന നോയ്‌ഡ സ്വദേശിയായ ഷാറൂഖ് സെയ്‌ഫിയാണ് കൃത്യത്തിന് പിന്നിലെന്നാണ് അനുമാനം. അദ്ദേഹത്തെ പോലീസ് കസ്റ്റഡില്‍ എടുത്ത് രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യുന്നതായി സൂചനയുണ്ട്. എന്നാൽ കസ്‌റ്റഡിയിലുള്ള സെയ്‌ഫി എന്നയാൾ തന്നെയാണോ കുറ്റവാളിയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് കോഴിക്കോട് എലത്തൂരിൽ വച്ച് ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസിൽ രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകത്തിച്ചശേഷം പ്രതി ഓടി രക്ഷപെടുകയായിരുന്നു. ദൃക്‌സാക്ഷി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

അക്രമത്തിന്‍റെ തീവ്രവാദ സ്വഭാവം വെളിപ്പെട്ടതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾ രംഗത്തെത്തിയിട്ടുണ്ട്. എന്‍ഐഎ, ഇന്റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റാ) എന്നിവയാണ് അന്വേഷണത്തിലുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എൻഐഎ സംഘം കോഴിക്കോട്ടെത്തി വിവരങ്ങൾ ശേഖരിച്ചു. ആസൂത്രിതമായ ആക്രമണത്തിനു പിന്നിൽ തീവ്രവാദ ബന്ധത്തിന്റെ സൂചന ലഭിച്ചാൽ അന്വേഷണം എൻഐഎ ഏറ്റെടുക്കും. കേന്ദ്ര ആഭ്യന്തര, റെയിൽവേ മന്ത്രാലയങ്ങൾ കേരള പൊലീസിനോട് അന്വേഷണ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും കേന്ദ്രഅന്വേഷണത്തിന്റെ രീതി വ്യക്തമാവുക.