മലയാളത്തിന്‍റെ നിഷ്കളങ്ക സാന്നിദ്ധ്യം ഇന്നസെന്‍റ് കാലയവനികക്കു പിന്നില്‍ മറഞ്ഞു.

Print Friendly, PDF & Email

മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് സാംസ്കാരിക വകുപ്പ് മന്ത്രി പി.രാജീവ് മരണ വാർത്ത സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോ​ഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു. മാർച്ച് മൂന്ന് മുതൽ ചികിത്സയിൽ ആയിരുന്നു. 75 ാം വയസിലാണ് അന്ത്യം. നാളെ ഇരിഞ്ഞാലക്കുട സെന്‍റ് തോമസ് കത്രീഡൽ ദേവാലയത്തിൽ സംസ്ക്കാര ചടങ്ങുകൾ നടത്തും.

വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹാസ്യത്തിന്റെ മധുരം നിറച്ച ഇന്നസെന്‍റ് 750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ചു. 1972ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ചാലക്കുടി എം പിയായും പ്രവർത്തിച്ച അദ്ദേഹം 18 വര്‍ഷത്തോളം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചിരുന്നു.

‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972 – ൽ വെള്ളിത്തിരയിൽ എത്തിയ ഇന്നസെന്‍റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. ‘ഗജകേസരിയോഗം’, ‘റാംജിറാവു സ്‍പീക്കിംഗ്’, ‘ഡോക്ടർ പശുപതി’, ‘മാന്നാർ മത്തായി സ്‍പീക്കിംഗ്‌’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാൻ സാധിച്ചു.

ക്യാൻസറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. 2022 ൽ പുറത്തിറങ്ങിയ ‘മകൾ’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‍തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.

Pravasabhumi Facebook

SuperWebTricks Loading...