എലിയെ കൊന്നാല്‍ മൂന്നുവര്‍ഷം വരെ തടവും പിഴയും.

Print Friendly, PDF & Email

സൂക്ഷിക്കുക, ഇനിമുതല്‍ എലിയെ കൊന്നാല്‍ മൂന്നുവര്‍ഷം വരെ തടവും 25000രൂപ വരെ പിഴയും ലഭിക്കാം. ഇനി കഷ്ടപ്പെട്ട് മൂഷികനെ പിടിച്ചാല്‍ ഇനി വനത്തില്‍ കൊണ്ടുപോയി ഉപേഷിക്കുകയേ വഴിയുള്ളൂ. കൊല്ലണമെന്നുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. കഴിഞ്ഞ 26ന് വിജ്ഞാപനം വഴി നിലവില്‍ വന്ന വന്യജീവി സംരക്ഷമ നിയമം(1972) ഭേദഗതി വഴിയാണ് ക്ഷുദ്ര ജീവികളുടെ അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ചുണ്ടെലി,പന്നിയെലി അടക്കമുള്ള എലികള്‍, നാടന്‍ കാക്ക(ബലിക്കാക്ക), വവ്വാല്‍ തുടങ്ങിയ ജീവികളെ വന്യജീവി നിയമത്തിന്‍റെ സംരക്ഷിത ജീവികളുടെ പട്ടികയായ ഷെഡ്യൂള്‍ 2ലേക്ക് മാറ്റിയത്. ഇതോടെ ഷെഡ്യൂള്‍ അഞ്ച്തന്നെ അപ്രസക്തമായിരിക്കുയാണ്. എലികളുടേയും കാക്കകളുടേയും മറ്റും എണ്ണം ക്രമാതീതമായി കുറയുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടാണ് അവയെ സംരക്ഷിത ജീവികളുടെ പട്ടികയിലേക്ക് മാറ്റിയത്. ഇവയുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യം ഉണ്ടായാല്‍ അവയെ കൊല്ലുന്നതിന് കേന്ദ്ര സര്‍ക്കാരിന് മുന്‍കൂര്‍ അപേക്ഷ നല്‍കി അനുമതി വാങ്ങാവുന്നതാണെന്നും ഭേദഗതിയില്‍ പറയുന്നു. കൃഷിക്ക് വന്‍തോതില്‍ ഭീക്ഷണിയായി മാറിയ കാട്ടുപന്നികളെ കൊല്ലാന്‍ സുപ്രീം കോടതി പോലും അനുമതി നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അവയെ ഷെഡ്യൂള്‍ രണ്ടിന്‍റെ സംരക്ഷണ പരിധിയില്‍ നിന്ന് മാറ്റുവാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിനാല്‍ കാട്ടുപന്നികളെ കൊല്ലണമെന്ന കര്‍ഷകരുടെ ആവശ്യം നടപ്പിലാക്കാന്‍ കഴിയാതെ കര്‍ഷകര്‍ ഇന്നും ബുദ്ധിമുട്ടുകയാണ്. ഇതുതന്നെയാണ് ഇനി എലികളുടെ കാര്യത്തിലും സംഭവിക്കുവാന്‍ പോകുന്നത് എന്ന ഭയപ്പാടിലാണ് കര്‍ഷകര്‍.