കോവിഡ്-19നെ തോല്‍പ്പിച്ച് രാജ്യം. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാമമാത്രം.

Print Friendly, PDF & Email

ചൈനയിൽ അടക്കം ലോകത്ത് പല രാജ്യങ്ങളിലും കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലും ഇന്ത്യക്ക് ആശ്വാസം. രാജ്യത്ത് കൊവിഡ് രോഗികള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1103 കേസുകള്‍ മാത്രമാണ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത്. ലോക്ഡൌണ്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്ത് കൊവിഡ് മരണനിരക്കും കുത്തനെ കുറഞ്ഞു. കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്‍തത് വെറും12 കൊവിഡ് മരണങ്ങള്‍ മാത്രം. 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ‌കണക്കാണിത്. ചൊവ്വാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 112 പുതിയ കൊറോണ വൈറസ് അണുബാധകൾ രേഖപ്പെടുത്തിയത്. അതേസമയം സജീവ കേസുകൾ 3,490 ആയി കുറഞ്ഞു. കേരളത്തില്‍ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഓരോ മരണങ്ങള്‍ മാത്രമാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് നാളിതുവരെ കോവിഡ് ബാധിച്ച് 5,30,677 പേര്‍ ആണ് മരിച്ചത്. രോഗത്തിൽ നിന്ന് കരകയറിയവരുടെ എണ്ണം 4,41,42,032 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.19 ശതമാനം മാത്രമാണ്. ഇന്ത്യയിലെ കോവിഡ് -19 ബാധിച്ചവര്‍ 2020 ഓഗസ്റ്റ് 7 ന് 20 ലക്ഷം ആയിരുന്നുവെങ്കില്‍, ഓഗസ്റ്റ് 23 ന് 30 ലക്ഷവും, സെപ്റ്റംബർ 5 ന് 40 ലക്ഷവും, സെപ്റ്റംബർ 16 ന് 50 ലക്ഷവും ആയി ഉയര്‍ന്നു. അത് സെപ്റ്റംബർ 28 ന് ഇത് 60 ലക്ഷവും ഒക്ടോബർ 11 ന് 70 ലക്ഷവും കടന്നു. ഒക്ടോബർ 29-ന് 80 ലക്ഷം, നവംബർ 20-ന് 90 ലക്ഷം, ഡിസംബർ 19-ന് ഒരു കോടിയും കടന്നു. കഴിഞ്ഞ വർഷം മെയ് 4 ന് രണ്ട് കോടിയും ജൂൺ 23 ന് മൂന്ന് കോടിയും എന്ന ഭയാനകമായ നാഴികക്കല്ലാണ് രാജ്യം കടന്നത്. ഈ വർഷം ജനുവരി 25ന് നാല് കോടി കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം രാജ്യവ്യാപകമായി നടത്തിയ വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220 കോടി ഡോസ് കോവിഡ് വാക്‌സിൻ രാജ്യത്ത് നൽകിയിട്ടുണ്ട്.

ചൈനയും യുഎസും അടക്കം ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് വീണ്ടും പിടിമുറക്കുകയാണ്. പല ചൈനീസ് നഗരങ്ങളും കോവിഡ് -19 കേസുകളുടെ മറ്റൊരു തരംഗത്തിന് സാക്ഷ്യം വഹിക്കുകയാണ്. പല നഗരങ്ങളും ലോക്‍ഡൗണ്‍ പ്രഖ്യാപിച്ച് അടച്ചുപൂട്ടിയതോടെ ജനങ്ങള്‍ പ്രക്ഷോഭവുമായി രഗത്തിറങ്ങിയതോടെ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയതും യഥാർത്ഥ രോഗവിവരവും മരണസംഖ്യയും സർക്കാർ മറച്ചുവെക്കുന്നതും കോവിഡ് -19 വൈറസിന്റെ പുതിയ മ്യൂട്ടേഷനുകൾക്ക് കാരണമാകുമെന്ന് ലോകത്ത് ആശങ്ക ഉയരുകയാണ്.

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ കോവിഡ്-19ന്‍റെ പുതിയ തരംഗങ്ങൾ റപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാൽ, യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഉൾപ്പെടെയുള്ള ആരോഗ്യ ഏജൻസികൾ, ഡെൽറ്റ അല്ലെങ്കിൽ ഒമൈക്രോൺ പോലുള്ള പുതിയ വകഭേദങ്ങൾക്കായി തിരയുകയാണ്. പുതിയ വ്യതിയാനങ്ങൾ “വൈറസിനെ കൂടുതൽ എളുപ്പത്തിൽ പടരാൻ അനുവദിക്കുകയോ അല്ലെങ്കിൽ ചികിത്സകളെ അല്ലെങ്കിൽ വാക്സിനുകളെ അതിജീവിക്കുവാന്‍ ശേഷിയുള്ളതായിരിക്കുമെന്ന് സിഡിസി ഭയപ്പെടുന്നു.