”നാല് ഭാര്യമാരുള്ളത് പ്രകൃതിവിരുദ്ധമാണ്.” ഏകീകൃത സിവിൽ കോഡ് വേണമെന്ന് നിതിൻ ഗഡ്കരി

Print Friendly, PDF & Email

നാല് ഭാര്യമാരുള്ളത് പ്രകൃതിവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. “സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കുന്ന പുരുഷന് മൂന്നോ നാലോ സ്ത്രീകളെ വിവാഹം കഴിക്കാൻ കഴിയില്ല. അത്തരമൊരു സമ്പ്രദായം മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മുസ്ലീം സ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്,” എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് നിതിന്‍ ഗഡ്ഗരിയുടെ പരാമർശം. വെള്ളിയാഴ്ച നടന്ന അജൻഡ ആജ് തക് പരിപാടിയിൽ യൂണിഫോം സിവിൽ കോഡിനെ (യുസിസി) കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയാണ്, മുസ്ലീം പുരുഷന്മാർ ഒന്നിലധികം ഭാര്യമാരുള്ളതിനെ ബിജെപി എതിർക്കുന്നുവെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞതിനെ ന്യായയീരിച്ച് ഗഡ്ഗരി രംഗത്തുവരുന്നത്.

“രണ്ട് [സിവിൽ] കോഡുകളുള്ള ഏതെങ്കിലും മുസ്ലീം രാജ്യത്തെ നിങ്ങൾക്കറിയാമോ? ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചാൽ അത് സ്വാഭാവികമാണ്. എന്നാൽ ഒരു പുരുഷൻ നാല് സ്ത്രീകളെ വിവാഹം ചെയ്താൽ അത് പ്രകൃതിവിരുദ്ധമാണ്. മുസ്ലീം സമുദായത്തിലെ വിദ്യാസമ്പന്നരും പുരോഗമനവാദികളും നാല് തവണ വിവാഹം കഴിക്കുന്നില്ല. യുസിസി ഏതെങ്കിലും ഒരു മതത്തിന് എതിരല്ല, അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്,” ഗഡ്കരി പറഞ്ഞു. ഏകീകൃത സിവിൽ കോഡിനെ രാഷ്ട്രീയ വീക്ഷണകോണിൽ നിന്ന് വീക്ഷിക്കരുതെന്നും നിയമം ഈ രാജ്യത്തെ പാവപ്പെട്ടവർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം യുസിസി നടപ്പാക്കാൻ നിയമം കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയായി, വിഷയം കൺകറന്റ് ലിസ്റ്റിലാണെന്നും സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയാണെങ്കിൽ അത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44 പ്രകാരം വരുന്ന യൂണിഫോം സിവിൽ കോഡ്, അവരുടെ മതം, ലിംഗം, ജാതി മുതലായവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന വ്യക്തിഗത നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കുവാന്‍ നിർദ്ദേശിക്കുന്നു. വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, പിന്തുടർച്ചാവകാശം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന ഒരു പൊതു നിയമത്തെയാണ് യൂണിഫോം സിവിൽ കോഡ് (UCC) പ്രധാനമായും സൂചിപ്പിക്കുന്നത്. നിലവിൽ, വിവിധ സമുദായങ്ങളുടെ വ്യക്തിനിയമങ്ങൾ പ്രധാനമായും നിയന്ത്രിക്കുന്നത് അവരുടെ മതമാണ്.