“ജാഗ്രത…” വരുന്നൂ, പിണറായി സര്‍ക്കാരിന്‍റെ മൂന്നാം വട്ട ‘മാധ്യമമാരണ നിയമം!’

Print Friendly, PDF & Email

നവംബര്‍ -16. ഇന്ന് അന്തര്‍ദ്ദേശീയ സഹിഷ്ണതാ ദിനം. കൂടാതെ ദേശീയ മാധ്യമ ദിനവും കൂടിയാണിന്ന്. എന്നാല്‍ ലോകത്തിലെ മാധ്യമസ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ ആകെയുള്ള 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 142. ഇടതു പക്ഷം ഭരിക്കുന്ന കേരളത്തിന്‍റെ കാര്യവും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്ഥമല്ല.

അഭിപ്രായ സ്വതന്ത്ര്യത്തെ അടിപടലം കൂച്ചുവിലങ്ങിടുന്ന പത്രമാരണ നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവന്നതും പൊതുസമൂഹത്തില്‍ നിന്നുയര്‍ന്ന അതിശക്തമായ ചെറുത്തുനില്‍പ്പിന തുടര്‍ന്ന് ഓര്‍ഡിനന്‍സ് പിന്‍വലിച്ചതും അഭിപ്രായ സ്വതന്ത്ര്യത്തിന്‍റെ വക്താക്കളെന്ന് കെട്ടിഘോഷിച്ചു നടക്കുന്ന സിപിഎംന്‍റെ നേതൃത്വത്തിലുള്ള പിണറായി വിജയന്‍ സര്‍ക്കാരാണ്. എന്നാല്‍ അന്നുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നും പൂര്‍ണ്ണമായും പിന്‍മാറിയിട്ടില്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളിലെ തുറന്നെഴുത്തിനെ തടയിടുവാനായി പുതിയ മാധ്യമ മാരണ നിയമം പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

വാര്‍ത്തകളുടെ പേരിലുള്ള ബ്ലാക്ക്മെയിലിങ്ങ് തടയാനുള്ള നിയമനിര്‍മ്മാണം എന്ന പേരിലാണ് പുതിയ ‘മാധ്യമ മാരണ നിയമം’ കൊണ്ടുവരുന്നത്. ബ്ലാക്മെയിലിങ് പോലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇപ്പോഴുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും പുതിയ വകുപ്പുകള്‍ കൂട്ടിചേര്‍ക്കുകയും ചെയ്യുക എന്നതാണ് പിണറായി സര്‍ക്കാരിന്‍റെ പുതിയ തന്ത്രം. മുന്‍കാലങ്ങളിലുണ്ടായ പാളിച്ചകള്‍ ഇനി ആവര്‍ത്തിക്കരുതെന്ന കണക്കുകൂട്ടലോടെ വളരെ സൂക്ഷ്മമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗത്തിന്‍റെ പരിഗണനയില്‍ വന്ന ബില്‍ കൂടുതല്‍ പരിശോദനക്കായി മാറ്റിവച്ചതും അതിനാലാണ്.

അച്ചടി, ഡിജിറ്റല്‍ എന്നിവയടക്കം ഏത് മാധ്യമത്തിലൂടേയും അപകീര്‍ത്തികരമായ ഉള്ളടക്കമോ ചിത്രമോ പ്രസദ്ധീകരിക്കുന്നത് പുതിയ നിയമത്തിലൂടെ കുറ്റകൃത്യമാകും. അപകീര്‍ത്തികരമായ ഉള്ളടക്കവും ചിത്രവും നല്‍കുന്ന മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതും പുതിയ നിയമം വരുന്നതോടെ കുറ്റകൃത്യമാകും. സര്‍ക്കാരിനേയും ഭരണ നേതൃത്വത്തേയും വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ വരുമാന സ്രോതസ് തടയുന്നതിനു വേണ്ടിയാണിത്. നിലവില്‍ സര്‍ക്കാരിന്‍റെ പരസ്യത്തെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിന്ന് ഭരണനേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനം നടത്തുന്ന യൂടൂബ് ചാനലുകളെ നിയന്ത്രിക്കുവാനാണ് ഈ നിയമം. അത്തരം യൂടൂബ് ചാനലുകളില്‍ പരസ്യം കൊടുക്കുന്ന കമ്പനികള്‍ക്കെതിരെ കേസെടുത്ത് ഭയപ്പെടുത്തി പരസ്യം കൊടുക്കുന്നത് തയസ്സപ്പെടുത്താമെന്നും അതുവഴി അത്തരം ചാനലുകളുടെ വരുമാന സ്രോതസ് തടയാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

ഇതോടെ ഭരണനേതൃത്വത്തിലിരിക്കുന്നവര്‍ക്കും ബന്ധുക്കള്‍ക്കും എതിരെ ഉയരുന്ന ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് എതിരെ വാര്‍ത്തയുടെ പേരില്‍ പോലീസിന് കേസെടുക്കാമെന്ന സ്ഥിതി വരും. അതായത് പിണറായി വിജയനും വിജയന്‍റെ കുടുംബത്തിനു മെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ പത്രമാധ്യങ്ങള്‍ വഴിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയോ ആരെങ്കിലും പ്രസദ്ധീകരിക്കുകയോ അതിന്‍റെ ചുവടുപിടിച്ച് ആരെങ്കിലും വിമര്‍ശന പോസ്റ്റുകള്‍ ഇടുകയോ ചെയ്താല്‍ അവര്‍ക്കെതിരെ കേസെടുക്കാമെന്ന് സാരം. സ്വര്‍ണ്ണ കടത്ത് കേസിലടക്കം ഭരണകക്ഷി നേതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇത് സമൂഹമാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തരം ഒരു സാഹചര്യം ഇനിയും ആവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. അതിനെ തടയിടുകയാണ് പെട്ടന്നു തന്നെ പുതിയ ബില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ തടയിടുവാനായി മൂന്നു ശ്രമങ്ങളാണ് ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ആദ്യ ശ്രമം നടത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ശ്രമം തുടക്കത്തിലേ തന്നെ പാളി. മറ്റ് രണ്ട് ശ്രമങ്ങളും നടത്തിയത് വിപ്ളവ നായകനെന്ന് കെട്ടിഘോഷിക്കപ്പെടുന്ന പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണ്. അദ്ദേഹത്തി‍ന്‍റെ ആദ്യത്തെ ശ്രമം ബില്ലായി മന്ത്രിസഭയിലെത്തുകയും മന്ത്രി സഭ ബില്ലിന് അംഗീകാരം നല്‍കുകയും ചെയ്തെങ്കിലും ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനോ നിയമമാക്കാനോ കഴിഞ്ഞില്ല.

സൈബര്‍ ആക്രമണം ചെറുക്കാനെന്ന പേരില്‍ പോലീസ് നിയമ ഭേഗതി കൊണ്ടുവരുകയാണ് പിണറായി സര്‍ക്കാര്‍ പിന്നീട് ചെയ്തത്. സൈബര്‍ ആക്രമണം മാത്രമല്ല സംമ്പൂര്‍ണ്ണ
മാധ്യമ നിയന്ത്രണം ആയിരുന്നു സര്‍ക്കാര്‍ ലക്ഷ്യം വച്ചതെന്ന് ജനം തിരച്ചറിഞ്ഞത് ”പോലീസ് നിയമഭേദഗതി’ ഓര്‍ഡിനന്‍സായി കൊണ്ടുവന്നപ്പോള്‍ മാത്രമാണ്. വന്‍ ജനകീയ മുന്നേറ്റമാണ് ഈ ഓര്‍ഡിനന്‍സിനെതിരെ ഉയര്‍ന്നുവന്നത്. സിപിഎം കേന്ദ്ര നേതൃത്വവും ഈ പത്രമാരണ നിയമത്തിനെതിരെ നിലപാടെടുത്തു. പ്രതിക്ഷേധം ശക്തമായതിനെ തുടര്‍ന്ന് ഓര്‍ഡനന്‍സ് പിന്‍വലിക്കുവാന്‍ പിണറായി സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായി. ഡിജിറ്റല്‍ മാധ്യമങ്ങളെ കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയപ്പോള്‍ മാധ്യമങ്ങളെ കൂച്ചുവിങ്ങിടുവാനുള്ള കേന്ദ്രനീക്കമാണിതെന്ന വാദമുയര്‍ത്തി ശക്തമായി എതിര്‍ത്ത സിപിഎംന്‍റെ ഇരട്ടമുഖമാണ് ഇതോടെ വെളിപ്പെട്ടത്.

സ്വര്‍ണ്ണക്കടത്തും മാഫിയ പ്രവര്‍ത്തനങ്ങളും നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണെന്നുമുള്ള വാര്‍ത്തകളായിരുന്നു നേരത്തെ പുറത്തു വന്നിരുന്നതെങ്കില്‍, ഇപ്പോള്‍ പുറത്തുവരുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ കുടുംബവും നേരിട്ട് നടത്തിയ കള്ളകളികളുടെ ഞെട്ടിക്കുന്ന തെളിവുകളും കൂടിയാണ്. കൂടാതെ നേതാക്കന്മാരുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതിലിലൂടെ നല്‍കിയ നിയമനങ്ങളുടെ കൂടുതല്‍ കഥകള്‍ ദിവസേന പുറത്തുവരുകയും അവയെല്ലാം വിമര്‍ശന വിധേയമാക്കപ്പെടുകയും ചെയ്യുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ മൂടിവക്കുന്ന നേതാക്കന്മാരുടെ വഴിവിട്ട നീക്കങ്ങള്‍ പോലും സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന്‍റെ സ്കാനിങ്ങിന് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഈ സാഹചര്യത്തില്‍ മറ്റ് ഏതൊരു ഫാസിസ്റ്റുകളേയും പോലെ വിമര്‍ശകരുടേയും മാധ്യമങ്ങളുടേയും വായ് മൂടിക്കെട്ടുക എന്നത് പിണറായി വിജയന്‍റേയും അനിവാര്യതയായി മാറി. അതിനാലാണ് രണ്ടുപ്രവശ്യം പിഴച്ചെങ്കിലും മൂന്നാമതും ബ്ലാക്മെയിലിങ്ങ് തടയാനെന്ന പേരില്‍ “മാധ്യമമാരണ നിയമം കൊണ്ടുവരുവാന്‍ പിണറായി സര്‍ക്കാര്‍ തിരക്കിട്ട നീക്കം നടത്തുന്നത്. ഇതിനെ തടയിടേണ്ടത് അഭിപ്രായ സ്വതന്ത്ര്യത്തേയും ഭരണഘടനയേയും ജീവവായുവായി കരുതുന്ന ഓരോ പൗരനുമാണ്. ‘ജാഗ്രത…’