കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോ‍ർപ്പറേഷനിൽ സംഘർഷം

Print Friendly, PDF & Email

കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോ‍ർപ്പറേഷനിൽ സംഘർഷം. സി.പി.എം-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മില്‍ നഗരസഭ ഓഫീസില്‍ കൈയാങ്കളിയുണ്ടായപ്പോള്‍, ഓഫീസ് വളപ്പിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മിലായിരുന്നു സംഘര്‍ഷം. ബാരിക്കേഡുകള്‍ മറിച്ചിട്ട് നഗരസഭ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്.

മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങൾ സർക്കാർ വിശദീകരിക്കണമെന്ന് ​ഗവർണർ ആവശ്യപ്പെട്ടു. കേരള സർക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകൾക്ക് മാറ്റി വച്ചിരിക്കുകയാണെന്ന് ​ഗവർണർ ആരോപിച്ചു. മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കോൺ​ഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി. തൊഴിലില്ലായ്മ കൊണ്ട് ഇന്ത്യയിലെയും കേരളത്തിലെയും യുവാക്കൾ പൊറുതി മുട്ടുമ്പോൾ ഉണ്ടായ നടപടി വഞ്ചനയാണ്. ആര്യ രാജേന്ദ്രൻ മേയർ സ്ഥാനം രാജിവെക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

കത്ത് വിവാദം പൊലീസ് അന്വേഷണത്തിനു പുറമേ പാര്‍ട്ടിയും അന്വേഷിക്കും. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് കത്ത് വിവാദം അന്വേഷിക്കാന്‍ തീരുമാനിച്ചത്. മേയര്‍ മുഖ്യമന്ത്രിക്കു കൊടുത്ത പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. എസ് പി എസ് മധുസൂദനന്‍റെ മേല്‍നോട്ടിലായിരിക്കും അന്വേഷണം.